45ാമത് ലോക ചെസ് ഒളിമ്പ്യാഡ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഓപൺ, വനിത വിഭാഗങ്ങളിലായി ഓരോ ടീമുകളാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. യുവ ഗ്രാൻഡ് മാസ്റ്റർമാരായ ഡി ഗുകേഷ്, ആർ പ്രഗ്നാനന്ദ, വിദിത് ഗുജറാത്തി, അർജുൻ എറിഗെയ്സി, പി ഹരികൃഷ്ണൻ എന്നിവരടങ്ങിയതാണ് ഓപൺ ടീം. വനിതകളിൽ ഡി ഹരിക, ആർ വൈശാലി, ദിവ്യ ദേശ്മുഖ്, താനിയ സച്ദേവ് എന്നിവരും മത്സരിക്കും.
കഴിഞ്ഞ തവണ ചെന്നൈയിലായിരുന്നു ചെസ് ഒളിമ്പ്യാഡ്. അന്ന് ഇരുവിഭാഗങ്ങളിലും ഇന്ത്യ വെങ്കലം നേടിയിരുന്നു. അതേ സമയം ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല, നിലവിൽ ലോക റാങ്കിങ്ങിൽ 11-ാം സ്ഥാനത്താണ് വിശ്വനാഥൻ ആനന്ദ് , എന്നാൽ അദ്ദേഹത്തിൻ്റെ അഭാവത്തിൽ പോലും സ്വർണം നേടാനുള്ള ടീം ഇത്തവണ ഇന്ത്യയ്ക്കുണ്ട്.
വനിതകളിൽ ടോപ് സീഡാണ് ഇന്ത്യ. ഓപണിൽ രണ്ടാം സീഡും. ഒന്നും മൂന്നും സീഡുകാർ യഥാക്രമം യുഎസും ചൈനയുമാണ്.
കഴിഞ്ഞ തവണ ചെന്നൈയിൽ നടന്ന ലോക ചെസ് ഒളിമ്പ്യാഡിൽ ഓപ്പണിൽ മൂന്നും വനിതകളിൽ രണ്ട് ടീമുകളും ഇറങ്ങിയിരുന്നു. ഓപ്പണിൽ ഉസ്ബെകിസ്താനും അർമേനിയയും ആദ്യ രണ്ട് സ്ഥാനക്കാരായി. വനിതകളിൽ യുക്രെയ്നും ജോർജിയക്കുമായിരുന്നു സ്വർണവും വെള്ളിയും.