പാരലിമ്പിക്‌സ് മെഡൽ ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രി

പാരിസ് പാരലിമ്പിക്‌സില്‍ ഏഴ് സ്വര്‍ണം ഉള്‍പ്പെടെ 29 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്

dot image

ന്യൂഡല്‍ഹി: പാരിസ് പാരാലിമ്പിക് ഗെയിംസില്‍ മെഡല്‍ നേടിയ ഇന്ത്യൻ താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര കായികമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 75 ലക്ഷം രൂപയും വെള്ളി മെഡല്‍ നേടിയവര്‍ക്ക് 50 ലക്ഷം രൂപയും വെങ്കല നേട്ടക്കാര്‍ക്ക് 30 ലക്ഷം രൂപയുമാണ് പാരിതോഷികം. മെഡല്‍ നേട്ടങ്ങളില്ലെങ്കിലും മികവ് പുലര്‍ത്തിയവര്‍ക്കും പാരിതോഷികമുണ്ട്. അമ്പെയ്ത്തില്‍ ലോക റെക്കോർഡ് പ്രകടനം കാഴ്ചവെച്ച ശീതള്‍ ദേവിക്ക് 22.5 ലക്ഷം രൂപ പ്രഖ്യാപിച്ചു. പാരലിമ്പിക്‌സ് താരങ്ങള്‍ക്ക് നല്‍കിയ അനുമോദനച്ചടങ്ങിനിടെയാണ് കായിക മന്ത്രിയുടെ പ്രഖ്യാപനം.

പാരിസ് പാരലിമ്പിക്‌സില്‍ ഏഴ് സ്വര്‍ണം ഉള്‍പ്പെടെ 29 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. 18-ാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും രാജ്യത്തിനായി. പാരലിമ്പിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. 94 സ്വർണവും 76 വെള്ളിയും 50 വെങ്കലവുമായി 220 മെഡലുകൾ നേടിയ ചൈനയാണ് ഒന്നാം സ്ഥാനത്ത്. 49 സ്വർണവും 44 വെള്ളിയും 30 വെങ്കലവുമടക്കം 124 മെഡൽ നേടിയ ബ്രിട്ടൺ രണ്ടാം സ്ഥാനത്തും 36 സ്വർണവും 42 വെള്ളിയും 27 വെങ്കലവുമായി അമേരിക്ക മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

dot image
To advertise here,contact us
dot image