ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: മലേഷ്യയെ 8-1ന് തകർത്ത് ഇന്ത്യ

രാജ്കുമാര്‍ പാലിന്റെ ഹാട്രിക് മികവിലാണ് നീലപ്പട വമ്പൻ വിജയം സ്വന്തമാക്കിയത്.

dot image

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ തകർപ്പൻ ജയവുമായി ഇന്ത്യ. മലേഷ്യയ്ക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ എട്ട് ​ഗോളുകൾക്ക് ഇന്ത്യൻ സംഘം വിജയിച്ചു. രാജ്കുമാർ പാലിന്റെ ഹാട്രിക് മികവിലാണ് നീലപ്പട വമ്പൻ വിജയം സ്വന്തമാക്കിയത്. അർജീത് സിംഗ് ഹുണ്ടൽ ഇരട്ട ​ഗോളും നേടി. ക്യാപ്റ്റൻ‌ ഹർമ്മൻപ്രീത് സിം​ഗ്, ഉത്തം സിം​ഗ്, ജു​ഗരാജ് സിം​ഗ് എന്നിവർ ഇന്ത്യയ്ക്കായി മറ്റ് ​ഗോളുകൾ വലയിലെത്തിച്ചു. ഹക്കിമുള്ളാഹ് മലേഷ്യയുടെ ആശ്വാസ ​ഗോൾ നേടി.

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ഇന്ത്യയുടെ ആദ്യ ​ഗോൾ പിറന്നു. രാജ്കുമാർ പാലാണ് നിലവിലെ ഏഷ്യൻ‌ ചാമ്പ്യന്മാർക്കായി ​ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. ആറാം മിനിറ്റിൽ അർജീത് സിംഗിലൂടെ ഇന്ത്യ രണ്ടാം ​ഗോളും വലയിലെത്തിച്ചു. ജു​ഗരാജ് ​സിം​ഗിലൂടെ ഇന്ത്യ എതിരില്ലാത്ത മൂന്ന് ​ഗോളിന് മുന്നിലെത്തുമ്പോൾ മത്സരം വെറും ഏഴ് മിനിറ്റ് മാത്രമാണ് പിന്നിട്ടത്.

നാലാം ​ഗോളിനായി ഇന്ത്യയ്ക്ക് 22-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഇത്തവണ ക്യാപ്റ്റൻ ഹർമൻപ്രീത് സിം​ഗാണ് ​ഗോൾവല ചലിപ്പിച്ചത്. തൊട്ടുപിന്നാലെ 24-ാം മിനിറ്റിൽ രാജ്കുമാർ പാലും ​ഗോൾ നേടി. ആദ്യ പകുതിയിൽ ഇന്ത്യ എതിരില്ലാത്ത അഞ്ച് ​ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ 33-ാം മിനിറ്റിൽ രാജ്കുമാർ പാൽ തന്റെ ഹാട്രിക് പൂർത്തിയാക്കി. ഇന്ത്യ എതിരില്ലാത്ത ആറ് ​ഗോളിന് മുന്നിലായി. പിന്നാലെ 34-ാം മിനിറ്റിൽ മലേഷ്യയുടെ ആശ്വാസ ​ഗോൾ പിറന്നു. ഹക്കിമുള്ളാഹ് മലേഷ്യയ്ക്കായി ​ഗോൾ നേടി.

39-ാം മിനിറ്റിൽ അർജീത് സിംഗ് രണ്ടാമതും ​ഗോൾ നേട്ടം സ്വന്തമാക്കി. മത്സരത്തിൽ ഇന്ത്യൻ സംഘത്തിന്റെ ഏഴാം ​ഗോൾ. തൊട്ടുപിന്നാലെ 41-ാം മിനിറ്റിൽ ഉത്തം സിം​ഗ് ​ഗോൾവല ചലിപ്പിച്ചു. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ചു. ജപ്പാനെ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്കും ചൈനയെ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്കും ഇന്ത്യൻ ടീം തകർത്തെറിഞ്ഞു.

dot image
To advertise here,contact us
dot image