ന്യൂഡൽഹി: ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ മേധാവി പി ടി ഉഷ പാരിസ് ഒളിംപിക്സിൽ രാഷ്ട്രീയം കളിച്ചുവെന്ന വിമർശനവുമായി ഗുസ്തിതാരം വിനേഷ് ഫോഗട്ട് രംഗത്ത്. 'ആശുപത്രിയിലായിരിക്കെ തന്നെ ആശ്വസിപ്പിക്കുന്ന ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പി ടി ഉഷയുടേത് പ്രഹസനം മാത്രമായിരുന്നുവെന്നും തനിക്ക് അയോഗ്യത നേരിട്ടപ്പോൾ ഒളിംപിക്‌സ് അസോസിയേഷൻ പ്രസിഡന്റ് എന്ന രീതിയിയിൽ ഒരു സഹായവും ചെയ്ത് തന്നില്ലെന്നും' വിനേഷ് ഫോഗട്ട് പറഞ്ഞു.
'തന്നെ അയോഗ്യയാക്കിയതിനെതിരെ ഇന്ത്യ ഒളിംപിക്സ് അസോസിയേഷനിൽ അപ്പീൽ നൽകാൻ വൈകി. താൻ മുൻകൈയെടുത്താണ് കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ നൽകിയത്. അത്യാവശ്യസമയത്ത് വേണ്ട പിന്തുണ തനിക്ക് ലഭിച്ചില്ല. ഒരു ദിവസം കഴിഞ്ഞാണ് ഹരീഷ് സാൽവെ കേസിന്റെ ഭാഗമായി ചേർന്നത്. ഇന്ത്യയല്ല താൻ വ്യക്തിപരമായാണ് കേസ് നൽകിയത്. സർക്കാർ കേസിൽ മൂന്നാം കക്ഷിയായിരുന്നു. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സഞ്ജയ് സിങ്ങിൽ നിന്നും നല്ല ഫലമുണ്ടാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. അയാളെ വിശ്വസിക്കാനാവില്ല. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ കളിപാവയാണ് സഞ്ജയ് സിങ്.' വിനേഷ് ഫോഗട്ട് അഭിപ്രായപ്പെട്ടു.
നേരത്തെ പാരിസ് ഒളിംപിക്സിനിടെ വിനേഷ് ഫോഗട്ടിനെ വേൾഡ് ഒളിംപിക്സ് അസോസിയേഷൻ അയോഗ്യയാക്കിയിരുന്നു. 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ മത്സരിച്ച വിനേഷ് ഫോഗട്ട് മുൻ ഒളിംപിക് ചാമ്പ്യനെയടക്കം വീഴ്ത്തി ഫൈനലില്‍ പ്രവേശിച്ചെങ്കിലും ഭാര പരിശോധനയിൽ പുറത്താവുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ ഉറച്ച ഒരു മെഡലാണ് നഷ്ടപ്പെട്ടത്. തുടർന്ന് ഇതിനെതിരെ അപ്പീൽ നൽകിയെങ്കിലും ഹരജി കായിക തർക്ക പരിഹാര കോടതി അംഗീകരിച്ചിരുന്നില്ല.
വിനേഷ് ഫോഗട്ട് ഇപ്പോൾ നടക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്.