ഹർമ്മൻപ്രീത് സിങ്ങിന് 200 ​ഗോളുകൾ; ഏഷ്യൻ‌ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ സെമിയിൽ

ദക്ഷിണ കൊറിയയ്ക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകളുടെ വിജയത്തോടെയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്

dot image

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ സെമിയിൽ. ദക്ഷിണ കൊറിയയ്ക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകളുടെ വിജയത്തോടെയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ടൂർണമെന്റിൽ കളിച്ച നാല് മത്സരങ്ങളും വിജയിച്ചാണ് നീലപ്പട സെമിയിലേക്ക് മുന്നേറിയത്. ​ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ-പാകിസ്താനെ നേരിടും. ഈ മത്സരം ശനിയാഴ്ച നടക്കും.

ദക്ഷിണ കൊറിയയ്ക്കെതിരായ മത്സരത്തിലും തുടക്കം മുതൽ ഇന്ത്യൻ സംഘം മുന്നേറ്റം നടത്തി. ഏഴാം മിനിറ്റിൽ അർജീത് സിങ്ങാണ് ആദ്യ ​ഗോൾ നേടിയത്. ഒമ്പതാം മിനിറ്റിൽ ഹർമ്മൻപ്രീത് സിങ്ങ് കൂടി ​ഗോൾ നേടിയതോടെ ആദ്യ ക്വാർട്ടറിൽ ഇന്ത്യ 2-0ത്തിന് മുന്നിലായി. ഹർമ്മൻപ്രീതിന്റെ കരിയറിലെ 200-ാം ​ഗോളാണിത്. എന്നാൽ രണ്ടാം ക്വാർട്ടറിൽ കൊറിയൻ സംഘം ഉണർന്ന് കളിച്ചു. രണ്ടാം പകുതിയിൽ മൂന്നാം ക്വാർട്ടറിന്റെ തുടക്കത്തിലെ കൊറിയ ഒരു ​ഗോൾ മടക്കി.

സ്കോർ 2-1ന് എന്നായതോടെ കൊറിയയുടെ സമനില ​ഗോൾ ഒഴിവാക്കാനായിരുന്നു ഇന്ത്യയുടെ ശ്രമം. മൂന്നാം ക്വാർട്ടറിന്റെ അവസാനമാകുന്നതിന് മുമ്പായി 41-ാം മിനിറ്റിൽ ക്യാപ്റ്റൻ ഹർമ്മൻപ്രീത് സിങ്ങിലൂടെ ഇന്ത്യ വീണ്ടും ​ഗോളടിച്ചു. അവശേഷിച്ച സമയത്ത് ദക്ഷിണ കൊറിയയ്ക്ക് ഒരു തിരിച്ചുവരവ് നടത്താൻ കഴിഞ്ഞില്ല. ഇതോടെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് ഇന്ത്യ വിജയം നേടി.

dot image
To advertise here,contact us
dot image