ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ തുടർച്ചയായ അഞ്ചാം വിജയം കൊയ്തിരിക്കുകയാണ്. അതും ബദ്ധവൈരികളായ പാക്കിസ്ഥാനെയാണ് ഇന്ത്യ ഇക്കുറി വീഴ്ത്തിയത്. അസാമാന്യ ഫോമിൽ കളിക്കുന്ന ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് തുടർച്ചയായ രണ്ടാം മത്സരത്തിലും ഇരട്ടഗോളുമായി മുന്നിൽനിന്ന് നയിച്ചതോടെയാണ് ഇന്ത്യൻ വിജയം സാധ്യമായത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ ജയിച്ചുകയറിയത്.
നേരത്തെ കഴിഞ്ഞ മത്സരത്തിൽ ദക്ഷിണ കൊറിയയ്ക്കെതിരായ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയത്തോടെ ഇന്ത്യ സെമി ഉറപ്പിച്ചിരുന്നു. ടൂർണമെന്റിൽ കളിച്ച 5 മത്സരങ്ങളും വിജയിച്ച് രാജകീയമായിട്ട് തന്നെയാണ് നീലപ്പട സെമിയിലേക്ക് മുന്നേറിയിട്ടുള്ളത്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമായിരുന്നു ഇന്ത്യ-പാകിസ്താൻ പോരാട്ടം. കഴിഞ്ഞ മത്സരത്തിൽ കരിയറിലെ 200-ാം ഗോൾ കുറിച്ച ക്യാപ്റ്റൻ ഹർമ്മൻപ്രീത് സിങ്ങ് പാക്കിസ്ഥാനെതിരായ മത്സരത്തിലും തകർപ്പൻ ഫോമിലായിരുന്നു. ഹർമൻപ്രീത് സിങ് 13, 19 മിനിറ്റുകളിൽ പെനൽറ്റി കോർണറുകളിൽ നിന്നാണ് ലക്ഷ്യം കണ്ടത്. നേരത്തെ മലേഷ്യയ്‌ക്കെതിരെ ഒന്നിനെതിരെ എട്ടു ഗോളുകൾക്കാണ് ഇന്ത്യ ജയിച്ചത്. ചൈനയെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കും ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കും ഇന്ത്യ തോൽപ്പിച്ചിരുന്നു. ഇപ്പോൾ ഇതാ പാക്കിസ്ഥാനേയും ഇന്ത്യ തോൽപിച്ചിരിക്കുകയാണ്.