ബുഡാപെസ്റ്റ്: ലോക ചെസ് ഒളിംപ്യാഡിൽ ഇന്ത്യയ്ക്ക് തുടർച്ചയായ നാലാം ജയം. ഓപ്പൺ വിഭാഗത്തിൽ സെർബിയയെയാണ് ഇന്ത്യ തോൽപ്പിച്ചത്. ഗ്രാൻഡ്മാസ്റ്റർ ഇൻഡിക് അലക്സാണ്ടർക്കെതിരെ തകർപ്പൻ വിജയവുമായി അർജുൻ എരിഗെയ്സിയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്. ഡി ഗുകേഷ്, വിദിത് ഗുജറാത്തി എന്നിവരും വിജയം കണ്ടപ്പോൾ പ്രഗ്നാനന്ദ സമനില വഴങ്ങി. ഇന്ത്യൻ വനിതകളും ഫ്രാൻസിനെ (3.5–0.5) തോൽപിച്ച് തുടർച്ചയായ നാലാം ജയം നേടി. മൂന്നാം റൗണ്ടിൽ സ്വിറ്റ്സർലൻഡിനെ 3–1നു തോൽപിച്ചിരുന്നു.
ഓപ്പൺ, വനിത വിഭാഗങ്ങളിലായി ഓരോ ടീമുകളാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. യുവ ഗ്രാൻഡ് മാസ്റ്റർമാരായ ഡി ഗുകേഷ്, ആർ പ്രഗ്നാനന്ദ, വിദിത് ഗുജറാത്തി, അർജുൻ എറിഗെയ്സി, പി ഹരികൃഷ്ണൻ എന്നിവരടങ്ങിയതാണ് ഓപൺ ടീം. വനിതകളിൽ ഡി ഹരിക, ആർ വൈശാലി, ദിവ്യ ദേശ്മുഖ്, താനിയ സച്ദേവ് എന്നിവരും മത്സരിക്കും.
കഴിഞ്ഞ തവണ ചെന്നൈയിലായിരുന്നു ചെസ് ഒളിമ്പ്യാഡ്. അന്ന് ഇരുവിഭാഗങ്ങളിലും ഇന്ത്യ വെങ്കലം നേടിയിരുന്നു. അതേസമയം ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല, നിലവിൽ ലോക റാങ്കിങ്ങിൽ 11-ാം സ്ഥാനത്താണ് വിശ്വനാഥൻ ആനന്ദ്, എന്നാൽ അദ്ദേഹത്തിൻ്റെ അഭാവത്തിൽ പോലും സ്വർണം നേടാനുള്ള ടീം ഇത്തവണ ഇന്ത്യയ്ക്കുണ്ട്. വനിതകളിൽ ടോപ് സീഡാണ് ഇന്ത്യ. ഓപ്പണിൽ രണ്ടാം സീഡും. ഒന്നും മൂന്നും സീഡുകാർ യഥാക്രമം യുഎസും ചൈനയുമാണ്. കഴിഞ്ഞ തവണ ചെന്നൈയിൽ നടന്ന ലോക ചെസ് ഒളിമ്പ്യാഡിൽ ഓപ്പണിൽ മൂന്നും വനിതകളിൽ രണ്ട് ടീമുകളും ഇറങ്ങിയിരുന്നു. ഓപ്പണിൽ ഉസ്ബെകിസ്താനും അർമേനിയയും ആദ്യ രണ്ട് സ്ഥാനക്കാരായി. വനിതകളിൽ യുക്രെയ്നും ജോർജിയക്കുമായിരുന്നു സ്വർണവും വെള്ളിയും.