ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം; ഒറ്റ സെന്റീമീറ്റർ വ്യത്യാസത്തിൽ ട്രോഫി നഷ്ടം

87.87 മീറ്റർ എറിഞ്ഞ ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് ഒന്നാമനായി

dot image

ബ്രസൽസ്: ഡയമണ്ട് ലീഗ് ഫൈനലിലെ ജാവലിൻ ത്രോയിൽ ഇന്ത്യൻതാരം നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം. കടുത്ത പോരാട്ടത്തിനൊടുവിൽ നേരിയ വ്യത്യാസത്തിലാണ് നീരജിന്‌ ഡയമണ്ട് ട്രോഫി നഷ്ടമായത്. 87.86 മീറ്ററാണ് താരം എറിഞ്ഞത്. 87.87 മീറ്റർ എറിഞ്ഞ ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് ഒന്നാമനായി. ജർമനിയുടെ ജൂലിയൻ വെബ്ബർ 85.97മീറ്റർ കണ്ടെത്തി മൂന്നാം സ്ഥാനം സ്വന്തമാക്കി.

86.82 മീറ്റർ ദൂരമെറിഞ്ഞായിരുന്നു നീരജിന്റെ തുടക്കം. തുടർന്ന് 83.49, 87.86, 82.04, 83.30, 86.46 എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പ്രകടനം. മൂന്നാം ശ്രമത്തിൽ മികച്ച ദൂരം കണ്ടെത്തി. രണ്ടാം തവണയാണ് നീരജ് ഡയമണ്ട് ട്രോഫിയിൽ രണ്ടാം സ്ഥാനം നേടുന്നത്. ഡയമണ്ട് ലീഗ് സീസണിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ യോഗ്യത നേടിയ ഏഴുപേരാണ് ഫൈനലിൽ മത്സരിച്ചത്. ദോഹ, ലൂസെയ്ൻ ലീഗുകളിൽ രണ്ടാംസ്ഥാനം നേടി നാലാം സ്ഥാനക്കാരാനായാണ് നീരജ് ഫൈനലിലേക്ക് യോഗ്യത നേടിയത്. 2022-ൽ നീരജ് ഒന്നാം സ്ഥാനം നേടിയിരുന്നു. 2023-ൽ രണ്ടാമനായി.

ഇക്കഴിഞ്ഞ പാരിസ് ഒളിംപിക്സിൽ നീരജ് വെള്ളി നേടിയിരുന്നു. 88.45 മീറ്ററാണ് അന്ന് എറിഞ്ഞത്. സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗിൽ 89.94 മീറ്റർ കണ്ടെത്തിയതാണ് കരിയറിലെ മികച്ചദൂരം. ഹരിയാനക്കാരനായ നീരജ് ചോപ്ര ഇന്ത്യൻ അത്‌ലറ്റിക്സിൽ വ്യക്തിഗത ഗോൾഡ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ്. 2020 ടോക്കിയോ ഒളിംപിക്സിൽ 89.45 ദൂരമെറിഞ്ഞാണ് താരം ചരിത്രം കുറിച്ചത്. ഒളിംപിക്സിന് പുറമെ
വേൾഡ് അത്‌ലറ്റിക്സ്‌ ചാമ്പ്യൻഷിപ്പിലും താരം സ്വർണം നേടിയിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us