ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ സ്വപ്നസമാന മുന്നേറ്റം തുടരുന്നു. കൊറിയയെ 4- 1 ന് തകർത്ത് ഇന്ത്യ ഫൈനലിൽ സീറ്റ് നേടിയിരിക്കുകയാണ്. ചൈനയാണ് ഫൈനലിലെ ഇന്ത്യയുടെ എതിരാളികൾ. ക്യാപ്റ്റൻ ഹർമൻപ്രീതിന്റെ ഫോമാണ് ഇക്കുറിയും ഇന്ത്യയ്ക്ക് ഗുണകരമായത്. മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ ഹർമൻപ്രീത് രണ്ട് ഗോളുകൾ നേടി ടീമിന്റെ നെടുന്തൂണായി മാറി. ഈ ഗോളുകൾ കൂടിയായതോടെ ടൂർണമെന്റിലെ തന്റെ ഗോൾ നേട്ടം 7 ആയി ഉയർത്താനും ഹർമൻപ്രീതിന് സാധിച്ചിട്ടുണ്ട്.
ഹർമൻപ്രീതിനെക്കൂടാതെ ഉത്തം സിങ്, ജർമൻപ്രീത് എന്നിവരും ഓരോ ഗോളുകൾ വീതം നേടി. ടൂർണമെന്റിൽ കളിച്ച 5 മത്സരങ്ങളും വിജയിച്ച് രാജകീയമായിട്ടായിരുന്നു നീലപ്പട സെമിയിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ചിരവൈരികളായ പാക്കിസ്ഥാനെയും തകർത്തിരുന്നു.
നേരത്തെ ടൂർണമെന്റിലെ മലേഷ്യയ്‌ക്കെതിരെ ഒന്നിനെതിരെ എട്ടു ഗോളുകൾക്കാണ് ഇന്ത്യ ജയിച്ചത്. ചൈനയെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കും ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കും ഇന്ത്യ തോൽപ്പിച്ചിരുന്നു. പാക്കിസ്ഥാനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യ ജയിച്ചുകയറിയത്.