ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളായ ചൈനയ്ക്ക് പിന്തുണയുമായി പാകിസ്താന്‍ താരങ്ങള്‍. കലാശപ്പോരില്‍ ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ഇന്ത്യ അഞ്ചാം കിരീടമുയര്‍ത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയ്‌ക്കെതിരെ പിന്തുണ നല്‍കിയെത്തിയ പാക് താരങ്ങളുടെ സമീപനം ചര്‍ച്ചയായത്.
ഇന്നുതന്നെ നടന്ന ലൂസേഴ്‌സ് ഫൈനലില്‍ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പാകിസ്താന്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് ഇന്ത്യ- ചൈന ഫൈനല്‍ കാണാനെത്തിയ പാക് താരങ്ങള്‍ ചൈനീസ് പതാകകള്‍ കൈയിലേന്തിയാണ് ഗ്യാലറിയിലെത്തിയത്. ചിലര്‍ ചൈനീസ് പതാകകള്‍ കവിളില്‍ വരയ്ക്കുന്നതും ശ്രദ്ധയില്‍പെട്ടു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇതോടെ പാക് ടീമിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സെമിയില്‍ പാകിസ്താനെ ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ചൈന കലാശപ്പോരിനെത്തിയത്. ഇന്ത്യയെ നേരിടുന്നുവെന്നതിനാല്‍ മാത്രം സെമിയില്‍ തങ്ങളുടെ എതിരാളികളായ ചൈനയെ പിന്തുണക്കേണ്ടിവന്നുവെന്നാണ് പാക് ടീമിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം.
Pakistan Hockey Team Players Hold China Flag and supporting During Asian Champions Trophy Final Against India.#IndianHockey pic.twitter.com/aLaqw886GB
— Sohail Imran (@sohailimrangeo) September 17, 2024
അതേസമയം ആദ്യമായി ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഫൈനലിലെത്തിയ ചൈനയെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടനേട്ടത്തില്‍ റെക്കോര്‍ഡിട്ടത്. അഞ്ചാം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയാണ് ഇന്ത്യ ഉയര്‍ത്തിയത്. ഏഷ്യന്‍ ചാംപ്യന്‍സ് ഹോക്കി ചരിത്രത്തില്‍ അഞ്ച് കിരീടം നേടിയ ഏക ടീം ഇന്ത്യയാണ്.
മുൻ മത്സരങ്ങളിൽ എതിരാളികളുടെമേൽ ആധിപത്യം സൃഷ്ടിച്ച ഇന്ത്യൻ ടീമിന് ഫൈനലിൽ കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നിരുന്നു. ആദ്യ മൂന്ന് ക്വാർട്ടറുകളിലും ഇന്ത്യൻ താരങ്ങൾ ഗോളടിച്ചില്ല. ചൈനയുടെ ശ്രമങ്ങളെ പരാജയപ്പെടുത്താൻ കഴിഞ്ഞത് ഇന്ത്യൻ സംഘത്തിന് ആശ്വാസമായി. ഒടുവിൽ 51-ാം മിനിറ്റിൽ യുഗരാജ് സിങ്ങാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്.
ആദ്യ ക്വാർട്ടറിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറ്റം നടത്തി. ഇന്ത്യൻ ഗോൾകീപ്പർ കൃഷൻ പഥകിന്റെയും ചൈനയുടെ കാവൽക്കാരൻ വാങ് വെയ് ഹാവോയുടെയും സേവുകളായിരുന്നു ആദ്യ പകുതിയുടെ ഹൈലൈറ്റ്. രണ്ടാം പകുതിയിൽ ഇന്ത്യ കൂടുതൽ മുന്നേറ്റങ്ങൾ നടത്തി. എന്നാൽ ഒരിക്കൽ പോലും പന്ത് ഗോൾലൈൻ കടത്താൻ കഴിഞ്ഞില്ല.
രണ്ട് ക്വാർട്ടറുകൾ പിന്നിടുമ്പോൾ ഇന്ത്യ മത്സരത്തിലെ 84 ശതമാനം സമയവും പന്തിനെ നിയന്ത്രിച്ചു. എന്നാൽ മൂന്നാം ക്വാർട്ടറിൽ ഇന്ത്യൻ ഗോൾമുഖത്തേയ്ക്ക് ചൈനീസ് താരങ്ങൾ നിരന്തരമായ ആക്രമണം നടത്തി. എങ്കിലും മൂന്നാം പകുതിയും ഗോൾ രഹിതമായി അവസാനിച്ചു. ഒടുവിൽ അവസാന ക്വാർട്ടറിൽ 51-ാം മിനിറ്റിലാണ് മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ പിറന്നത്. ഹർമൻപ്രീത് സിങ്ങിന്റെ പാസിൽ യുഗരാജ് സിങ്ങാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. അവശേഷിച്ച മിനിറ്റിൽ ചൈനയ്ക്ക് തിരിച്ചടിക്കാൻ കഴിയാതെ വന്നതോടെ ഇന്ത്യ 1-0ന് ഏഷ്യൻ ഹോക്കിയുടെ രാജാക്കന്മാരായി.