ചൈനീസ് പ്രതിരോധവും തകർത്ത് ഇന്ത്യ; അഞ്ചാമതും ഏഷ്യൻ ഹോക്കിയുടെ ചാംപ്യന്മാർ

ഏഷ്യൻ ചാംപ്യൻസ് ഹോക്കി ചരിത്രത്തിൽ അഞ്ച് കിരീടം നേടിയ ഏക ടീം ഇന്ത്യയാണ്

dot image

ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയ്ക്ക് അഞ്ചാം കിരീടം. ഫൈനലിൽ ചൈനയെ എതിരില്ലാത്ത ഒരു ​ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീട നേട്ടത്തില്‍ റെക്കോർഡിട്ടത്. ഏഷ്യൻ ചാംപ്യൻസ് ഹോക്കി ചരിത്രത്തിൽ അഞ്ച് കിരീടം നേടിയ ഏക ടീം ഇന്ത്യയാണ്. മൂന്ന് കിരീടങ്ങളുള്ള പാകിസ്താനാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇന്ന് നടന്ന ലൂസേഴ്സ് ഫൈനലിൽ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ അഞ്ച് ​ഗോളുകൾക്ക് പരാജയപ്പെടുത്തി പാകിസ്താൻ മൂന്നാം സ്ഥാനം സ്വന്തമാക്കി.

മുൻ മത്സരങ്ങളിൽ എതിരാളികളുടെമേൽ ആധിപത്യം സൃഷ്ടിച്ച ഇന്ത്യൻ ടീമിന് ഫൈനലിൽ കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്. ആദ്യ മൂന്ന് ക്വാർട്ടറുകളിലും ​ഇന്ത്യൻ താരങ്ങൾ​ ​ഗോളടിച്ചില്ല. ചൈനയുടെ ശ്രമങ്ങളെ പരാജയപ്പെടുത്താൻ കഴിഞ്ഞത് ഇന്ത്യൻ സംഘത്തിന് ആശ്വാസമായി. ഒടുവിൽ 51-ാം മിനിറ്റിൽ ഇന്ത്യയ്ക്കായി യു​ഗരാജ് സിങ്ങ് ​വിജയ​ഗോൾ നേടി.

ആദ്യ ക്വാർട്ടറിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറ്റം നടത്തി. ​ഇന്ത്യൻ ​ഗോൾകീപ്പർ കൃഷൻ പഥകിന്റെയും ചൈനയുടെ കാവൽക്കാരൻ വാങ് വെയ് ഹാവോയുടെയും സേവുകളായിരുന്നു ആദ്യ പകുതിയുടെ ഹൈലൈറ്റ്. രണ്ടാം പകുതിയിൽ ഇന്ത്യ കൂടുതൽ മുന്നേറ്റങ്ങൾ നടത്തി. എന്നാൽ ഒരിക്കൽ പോലും പന്ത് ​ഗോൾലൈൻ കടത്താൻ കഴിഞ്ഞില്ല.

രണ്ട് ക്വാർട്ടറുകൾ പിന്നിടുമ്പോൾ ഇന്ത്യ മത്സരത്തിലെ 84 ശതമാനം സമയവും പന്തിനെ നിയന്ത്രിച്ചു. എന്നാൽ മൂന്നാം ക്വാർട്ടറിൽ ഇന്ത്യൻ ​ഗോൾമുഖത്തേയ്ക്ക് ചൈനീസ് താരങ്ങൾ നിരന്തരമായ ആക്രമണം നടത്തി. എങ്കിലും മൂന്നാം പകുതിയും ​ഗോൾ രഹിതമായി അവസാനിച്ചു. ഒടുവിൽ അവസാന ക്വാർട്ടറിൽ 51-ാം മിനിറ്റിലാണ് മത്സരത്തിന്റെ വിധി നിർണയിച്ച ​ഗോൾ പിറന്നത്. ഹർമൻപ്രീത് സിങ്ങിന്റെ പാസിൽ യു​ഗരാജ് സിങ്ങാണ് ഇന്ത്യയ്ക്കായി ​ഗോൾ നേടിയത്. അവശേഷിച്ച മിനിറ്റിൽ ചൈനയ്ക്ക് തിരിച്ചടിക്കാൻ കഴിയാതെ വന്നതോടെ ഇന്ത്യ 1-0ന് ഏഷ്യൻ ഹോക്കിയുടെ രാജാക്കന്മാരായി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us