ലോക ചെസ് ഒളിംപ്യാഡില്‍ ഇരട്ടസ്വര്‍ണ നേട്ടവുമായി ചരിത്രം സൃഷ്ടിച്ച് ഇന്ത്യ. ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ചാമ്പ്യന്മാരായിരിക്കുകയാണ് ഇന്ത്യ. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ചെസ് ഒളിംപ്യാഡില്‍ സ്വര്‍ണം നേടിയത്.
ബുഡാപെസ്റ്റില്‍ നടന്ന മത്സരത്തില്‍ ഓപ്പണ്‍ വിഭാഗത്തിലാണ് ഇന്ത്യ ആദ്യ സ്വര്‍ണം കരസ്ഥമാക്കിയത്. അവസാന റൗണ്ടില്‍ സ്ലൊവേനിയയെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ ജേതാക്കളായത്. പിന്നാലെ വനിതാ വിഭാഗത്തില്‍ അസര്‍ബൈജാനെ തോല്‍പ്പിച്ച ഇന്ത്യ രണ്ടാം സ്വര്‍ണവും നേടി.
22nd September, 2024 is a red letter day for Indian Chess - this is one of the biggest moments in Indian Chess History. Team India wins Double Gold medals in the Chess Olympiad 2024! The Indian Open and Women's Team both secured Team Gold medals, with many more Individual Board… pic.twitter.com/Q6KrvIjKus
— ChessBase India (@ChessbaseIndia) September 22, 2024
ഓപ്പണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ മൂന്നാം നമ്പര്‍ താരം അര്‍ജുന്‍ എറിഗൈസി സ്ലൊവേനിയയുടെ യാന്‍ സുബെല്‍ജിനെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ സ്വര്‍ണം ഉറപ്പിച്ചത്. വനിതാ വിഭാഗത്തില്‍ അസര്‍ബൈജാനെതിരെ 3.5-0.5 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം. വനിതകളില്‍ ഡി ഹരിക, വന്തിക, ദിവ്യ ദേശ്മുഖ് എന്നിവര്‍ വിജയം സ്വന്തമാക്കിയപ്പോള്‍ ആര്‍ വൈശാലി സമനില പിടിച്ചു.
ഓപ്പണ്‍ വിഭാഗത്തില്‍ ഗുകേഷ് ഡി, പ്രഗ്നാനന്ദ, അര്‍ജുന്‍ എറിഗൈസി, വിദിത് ഗുജറാത്തി, പെന്റല ഹരികൃഷ്ണ, ശ്രീനാഥ് നാരായണന്‍ (ക്യാപ്റ്റന്‍) എന്നിവരടങ്ങുന്ന ടീമാണ് സ്വര്‍ണം നേടിയത്. അര്‍ജുന്‍ എറിഗൈസിയും ഡി ഗുകേഷും സ്ലൊവേനിയക്കെതിരെ വിജയിക്കുകയും ഫൈനല്‍ റൗണ്ടില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചൈനയ്ക്ക് യുഎസുമായുള്ള മത്സരത്തില്‍ പോയിന്റ് നഷ്ടമായതോടെ ഇന്ത്യ കിരീടം ഉറപ്പിക്കുകയായിരുന്നു.
തുടര്‍ച്ചയായ എട്ടു ജയങ്ങളുമായി ചെസ് ഒളിമ്പ്യാഡില്‍ കുതിച്ച ഇന്ത്യ നിലവിലെ ചാമ്പ്യന്‍മാരായ ഉസ്‌ബെക്കിസ്ഥാനോട് സമനില വഴങ്ങിയിരുന്നു. അവസാന ഘട്ടത്തില്‍ ഒന്നാം സീഡായ യുഎസ്എയെ അട്ടിമറിച്ച് പ്രതീക്ഷകള്‍ സജീവമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. നേരത്തെ 2022, 2014 വര്‍ഷങ്ങളില്‍ ചെസ് ഒളിംപ്യാഡില്‍ ഇന്ത്യയ്ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു.