ചെസ് ഒളിംപ്യാഡിലെ ചരിത്രനേട്ടം; 'രോഹിത് ശര്‍മ്മ സ്റ്റൈലില്‍' ആഘോഷമാക്കി താരങ്ങള്‍, വീഡിയോ

ചരിത്രത്തില്‍ ആദ്യമായാണ് ചെസ് ഒളിംപ്യാഡില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്

dot image

ചെസ് ഒളിംപ്യാഡില്‍ ഇരട്ട സ്വര്‍ണം നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യ. ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യ ചാമ്പ്യന്മാരായിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ചെസ് ഒളിംപ്യാഡില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്. ഒളിംപ്യാഡിലെ നേട്ടം ഇന്ത്യന്‍ താരങ്ങള്‍ ആഘോഷിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മയുടെ ശൈലിയിലാണ് ചെസ് ഒളിംപ്യാഡിലെ ചരിത്രനേട്ടം താരങ്ങള്‍ ആഘോഷിച്ചത്. ടി20 ലോകകപ്പിലെ വിജയത്തിന് പിന്നാലെ ട്രോഫിയുമായി രോഹിത് സഹതാരങ്ങളുടെ അടുത്തേക്ക് നടന്നടുക്കുന്ന ആഘോഷമാണ് ഒളിംപ്യാഡിലും ആവര്‍ത്തിച്ചത്. പോഡിയത്തില്‍ ത്രിവര്‍ണ പതാകയ്ക്ക് പിന്നിലായി നില്‍ക്കുന്ന സഹതാരങ്ങളുടെ അടുത്തേക്ക് ട്രോഫിയുമായി ഡി ഗുകേഷും താനിയ സച്‌ദേവുമാണ് രോഹിത് ശര്‍മ്മയുടെ സ്‌റ്റൈലില്‍ നടന്നടുക്കുന്നത്. തുടര്‍ന്ന് ഗുകേഷും താനിയയും ട്രോഫികള്‍ താരങ്ങള്‍ക്ക് കൈമാറുന്നതും എല്ലാവരും ചേര്‍ന്ന് ആഘോഷിക്കുകയും ചെയ്യുന്നുണ്ട്.

രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയാണ് ഈ ശൈലിയില്‍ ആദ്യമായി ആഘോഷിച്ചത്. 2022ല്‍ അര്‍ജന്റീന ഫിഫ ലോകകപ്പ് നേടിയതിന് പിന്നാലെ മെസ്സി ഒരു പ്രത്യേക ശൈലിയില്‍ കപ്പുമായി താരങ്ങളുടെ അടുത്തേക്ക് നടന്നടുക്കുന്നത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കപ്പടിച്ചപ്പോള്‍ ശ്രേയസ് അയ്യരും 2024 ടി20 ലോകകപ്പ് നേട്ടത്തിന് ശേഷം രോഹിത് ശര്‍മ്മയും ഈ ശൈലി സ്വീകരിക്കുകയായിരുന്നു.

ബുഡാപെസ്റ്റില്‍ നടന്ന ചെസ് ഒളിംപ്യാഡില്‍ ഓപ്പണ്‍ വിഭാഗത്തിലാണ് ഇന്ത്യ ആദ്യ സ്വര്‍ണം കരസ്ഥമാക്കിയത്. അവസാന റൗണ്ടില്‍ സ്ലൊവേനിയയെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ ജേതാക്കളായത്. പിന്നാലെ വനിതാ വിഭാഗത്തില്‍ അസര്‍ബൈജാനെ തോല്‍പ്പിച്ച ഇന്ത്യ രണ്ടാം സ്വര്‍ണവും നേടി.

ഓപ്പണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ മൂന്നാം നമ്പര്‍ താരം അര്‍ജുന്‍ എറിഗൈസി സ്ലൊവേനിയയുടെ യാന്‍ സുബെല്‍ജിനെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ സ്വര്‍ണം ഉറപ്പിച്ചത്. വനിതാ വിഭാഗത്തില്‍ അസര്‍ബൈജാനെതിരെ 3.5-0.5 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം. വനിതകളില്‍ ഡി ഹരിക, വന്തിക, ദിവ്യ ദേശ്മുഖ് എന്നിവര്‍ വിജയം സ്വന്തമാക്കിയപ്പോള്‍ ആര്‍ വൈശാലി സമനില പിടിച്ചു.

ഓപ്പണ്‍ വിഭാഗത്തില്‍ ഗുകേഷ് ഡി, പ്രഗ്നാനന്ദ, അര്‍ജുന്‍ എറിഗൈസി, വിദിത് ഗുജറാത്തി, പെന്റല ഹരികൃഷ്ണ, ശ്രീനാഥ് നാരായണന്‍ (ക്യാപ്റ്റന്‍) എന്നിവരടങ്ങുന്ന ടീമാണ് സ്വര്‍ണം നേടിയത്. അര്‍ജുന്‍ എറിഗൈസിയും ഡി ഗുകേഷും സ്ലൊവേനിയക്കെതിരെ വിജയിക്കുകയും ഫൈനല്‍ റൗണ്ടില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചൈനയ്ക്ക് യുഎസുമായുള്ള മത്സരത്തില്‍ പോയിന്റ് നഷ്ടമായതോടെ ഇന്ത്യ കിരീടം ഉറപ്പിക്കുകയായിരുന്നു.

തുടര്‍ച്ചയായ എട്ടു ജയങ്ങളുമായി ചെസ് ഒളിമ്പ്യാഡില്‍ കുതിച്ച ഇന്ത്യ നിലവിലെ ചാമ്പ്യന്‍മാരായ ഉസ്‌ബെക്കിസ്ഥാനോട് സമനില വഴങ്ങിയിരുന്നു. അവസാന ഘട്ടത്തില്‍ ഒന്നാം സീഡായ യുഎസ്എയെ അട്ടിമറിച്ച് പ്രതീക്ഷകള്‍ സജീവമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. നേരത്തെ 2022, 2014 വര്‍ഷങ്ങളില്‍ ചെസ് ഒളിംപ്യാഡില്‍ ഇന്ത്യയ്ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു.

dot image
To advertise here,contact us
dot image