ചെസ് ഒളിംപ്യാഡില്‍ ഇന്ത്യയുടെ ചരിത്രനേട്ടത്തെ അഭിനന്ദിച്ച് റഷ്യന്‍ ചെസ് ഇതിഹാസം ഗാരി കാസ്പറോവ്. ബുഡാപെസ്റ്റില്‍ നടന്ന ഒളിംപ്യാഡില്‍ ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. തുടര്‍ന്നാണ് ഇന്ത്യയുടെ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിനെയും ശിഷ്യന്മാരെയും പ്രശംസിച്ച് കാസ്പറോവ് രംഗത്തെത്തിയത്.
'ഇന്ത്യയുടെ ഇരട്ട സ്വര്‍ണനേട്ടം വളരെ അഭിനന്ദനീയമാണ്. 'വിഷി' (വിശ്വനാഥന്‍ ആനന്ദ്) യുടെ കുട്ടികള്‍ വലുതായിരിക്കുന്നു. മാത്രവുമല്ല ചെസ് അതിന്റെ ജന്മനാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു. പോഡിയത്തില്‍ രണ്ട് അമേരിക്കന്‍ പതാകകളും ഉസ്‌ബെക്കിസ്താന്റെയും കസാഖ്സ്ഥാന്റെയും പതാകകളുണ്ട്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പതാക മാത്രമില്ല', കാസ്പറോവ് എക്‌സില്‍ കുറിച്ചു.
A very impressive double gold achievement by India. "Vishy's children" are all grown up and chess is coming home! Two American flags on the podiums as well, worthy of note. Add Uzbekistan and Kazakhstan, with no European flags. https://t.co/0lK4HGLpDm
— Garry Kasparov (@Kasparov63) September 23, 2024
ബുഡാപെസ്റ്റില്‍ നടന്ന ചെസ് ഒളിംപ്യാഡില്‍ ഓപ്പണ്‍ വിഭാഗത്തിലാണ് ഇന്ത്യ ആദ്യ സ്വര്‍ണം കരസ്ഥമാക്കിയത്. അവസാന റൗണ്ടില്‍ സ്ലൊവേനിയയെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ ജേതാക്കളായത്. പിന്നാലെ വനിതാ വിഭാഗത്തില്‍ അസര്‍ബൈജാനെ തോല്‍പ്പിച്ച ഇന്ത്യ രണ്ടാം സ്വര്‍ണവും നേടി.
ഓപ്പണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ മൂന്നാം നമ്പര്‍ താരം അര്‍ജുന്‍ എറിഗൈസി സ്ലൊവേനിയയുടെ യാന്‍ സുബെല്‍ജിനെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ സ്വര്‍ണം ഉറപ്പിച്ചത്. വനിതാ വിഭാഗത്തില്‍ അസര്‍ബൈജാനെതിരെ 3.5-0.5 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം. വനിതകളില്‍ ഡി ഹരിക, വന്തിക, ദിവ്യ ദേശ്മുഖ് എന്നിവര്‍ വിജയം സ്വന്തമാക്കിയപ്പോള്‍ ആര്‍ വൈശാലി സമനില പിടിച്ചു.
ഓപ്പണ്‍ വിഭാഗത്തില്‍ ഗുകേഷ് ഡി, പ്രഗ്നാനന്ദ, അര്‍ജുന്‍ എറിഗൈസി, വിദിത് ഗുജറാത്തി, പെന്റല ഹരികൃഷ്ണ, ശ്രീനാഥ് നാരായണന്‍ (ക്യാപ്റ്റന്‍) എന്നിവരടങ്ങുന്ന ടീമാണ് സ്വര്‍ണം നേടിയത്. അര്‍ജുന്‍ എറിഗൈസിയും ഡി ഗുകേഷും സ്ലൊവേനിയക്കെതിരെ വിജയിക്കുകയും ഫൈനല്‍ റൗണ്ടില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചൈനയ്ക്ക് യുഎസുമായുള്ള മത്സരത്തില്‍ പോയിന്റ് നഷ്ടമായതോടെ ഇന്ത്യ കിരീടം ഉറപ്പിക്കുകയായിരുന്നു.
തുടര്‍ച്ചയായ എട്ടു ജയങ്ങളുമായി ചെസ് ഒളിമ്പ്യാഡില്‍ കുതിച്ച ഇന്ത്യ നിലവിലെ ചാമ്പ്യന്‍മാരായ ഉസ്‌ബെക്കിസ്ഥാനോട് സമനില വഴങ്ങിയിരുന്നു. അവസാന ഘട്ടത്തില്‍ ഒന്നാം സീഡായ യുഎസ്എയെ അട്ടിമറിച്ച് പ്രതീക്ഷകള്‍ സജീവമാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. നേരത്തെ 2014, 2022 വര്‍ഷങ്ങളില്‍ ചെസ് ഒളിംപ്യാഡില്‍ ഇന്ത്യയ്ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു.