2024 ചെസ്സ് ഒളിംപ്യാഡില്‍ ഇരട്ടമെഡല്‍ നേട്ടത്തോടെ ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് ഗുകേഷ് ദൊമ്മരാജു. ബുഡാപെസ്റ്റില്‍ നടന്ന മത്സരത്തില്‍ ഓപ്പണ്‍ വിഭാഗത്തിലാണ് ഗുകേഷിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഒളിംപ്യാഡ് ചരിത്രത്തിലെ ആദ്യ സ്വര്‍ണം കരസ്ഥമാക്കിയത്. ഗുകേഷ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. രജനികാന്ത് ചിത്രം വേട്ടയ്യനിലെ 'മനസിലായോ' എന്ന ട്രെന്‍ഡ് ഗാനത്തിനാണ് തമിഴ്നാട്ടുകാരനായ
ഗുകേഷ് ചുവടുവെക്കുന്നത്.
കുടുംബസുഹൃത്തുക്കള്‍ക്കൊപ്പമാണ് ഗുകേഷ് ജനപ്രിയഗാനത്തിന്റെ ചുവടുകള്‍ പിന്തുടരുന്നത്. ചുവന്ന കുര്‍ത്തയും വേഷ്ടിയും അണിഞ്ഞ ഗുകേഷ് സണ്‍ഗ്ലാസും ധരിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ വീഡിയോയ്ക്കു നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. ഇന്ത്യയ്ക്ക് ഒളിംപ്യാഡ് നേടിക്കൊടുത്ത ഗുകേഷിന്‍റെ സിംപിള്‍ സ്റ്റെപ്സ്, ചെസ് ബോര്‍ഡിന് അകത്തും പുറത്തുമുള്ള നീക്കങ്ങള്‍, ചെസ്സിലെ ഗ്രാന്‍ഡ്മാസ്റ്ററല്ല ഡാന്‍സിലെ ഗ്രാന്‍ഡ്മാസ്റ്റര്‍ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
രജനികാന്തും മഞ്ജുവാര്യരും തകര്‍ത്ത് കളിച്ച 'മനസിലായോ' ഗാനം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് റിലീസ് ചെയ്തത്. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമടക്കം തരംഗമായ ഗാനം ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ തുടരുകയാണ്. അനിരുദ്ധ് രവിചന്ദര്‍ ഈണമൊരുക്കിയ ഗാനം മലേഷ്യ വാസുദേവന്‍, യുഗേന്ദ്രന്‍, അനിരുദ്ധ്, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് ആലപിച്ചത്. അന്തരിച്ച ഗായകന്‍ മലേഷ്യ വാസുദേവന്റെ ശബ്ദം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പുനഃസൃഷ്ടിക്കുകയായിരുന്നു.