റിലയൻസിന് സ്‌പോൺസർഷിപ്പ് നൽകിയതിൽ കോടികളുടെ നഷ്ടം; പിടി ഉഷയോട് വിശദീകരണം ആവശ്യപ്പെട്ട് സിഎജി

നേരത്തെ നിശ്ചയിച്ചതിലും അധികമായി നാല് കായികമേളകളുടെ സ്പോൺസർഷിപ്പ് അവകാശം കൂടി റിലയൻസിന് നൽകിയിട്ടും കരാർ തുക വർധിപ്പിക്കാൻ ഒളിംപിക്സ് അസോസിയേഷൻ തയ്യാറായിയിരുന്നില്ല

dot image

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായുള്ള തെറ്റായ സ്പോൺസർഷിപ്പ് കരാറിലൂടെ ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ 24 കോടിയുടെ നഷ്ടം വരുത്തിയെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. റിലയൻസിന് കരാറിൽ അനാവശ്യ ആനുകൂല്യം നൽകിയതായാണ് കണ്ടെത്തൽ.

2022 ആഗസ്റ്റ് ഒന്നിന് നടത്തിയ 35 കോടിയുടെ കരാർ പ്രകാരം 2022 ഏഷ്യൻ ഗെയിംസിന്‍റെയും 2026ൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിന്‍റെയും 2022, 2026 വർഷങ്ങളിലെ കോമൺവെൽത്ത് ഗെയിംസിന്‍റെയും 2024ലെ പാരിസ് ഒളിംപിക്സിന്റെയും 2028ലെ ലോസ് ഏഞ്ജലസ് ഒളിംപിക്സിന്റെയും പ്രധാന സ്പോൺസർ റിലയൻസാണ്. പിന്നീട്, 2023 ഡിസംബറിൽ കരാറിൽ വരുത്തിയ ഭേദഗതിയിലൂടെ 2026, 2030 വിന്‍റർ ഒളിംപിക്സ്, 2026, 2030 യൂത്ത് ഒളിംപിക്സ് എന്നിവയുടെയും സ്പോൺസർഷിപ്പ് കൂടി ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ റിലയൻസിന് നൽകി.

നേരത്തെ നിശ്ചയിച്ചതിലും അധികമായി നാല് കായികമേളകളുടെ സ്പോൺസർഷിപ്പ് അവകാശം കൂടി റിലയൻസിന് നൽകിയിട്ടും കരാർ തുക വർധിപ്പിക്കാൻ ഒളിംപിക്സ് അസോസിയേഷൻ തയ്യാറായില്ല. നേരത്തെയുണ്ടായിരുന്ന കരാർ തുകയായ 35 കോടി രൂപ അതേപടി നിലനിർത്തുകയാണ് ചെയ്തത്.

നേരത്തെ, ആറ് മേളകൾക്ക് 35 കോടി രൂപ സ്പോൺസർഷിപ്പായി കണക്കാക്കി കരാറിലെത്തിയ സാഹചര്യത്തിൽ, രണ്ടാമത് നാല് മേളകളുടെ സ്പോൺസർഷിപ്പ് കൂടി നൽകിയപ്പോൾ, ഒരു മേളക്ക് ആറ് കോടിയെന്ന കണക്കിൽ ആകെ 59 കോടി സ്പോൺസർഷിപ്പ് തുകയായി ആവശ്യപ്പെടാമായിരുന്നു. ഇത് ചെയ്യാത്തതോടെ 24 കോടി രൂപയുടെ നഷ്ടമുണ്ടായത്.

സ്പോൺസർഷിപ്പ് തുക 59 കോടിയായി ഉയർത്താതിരുന്നത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ച് ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് പി ടി ഉഷ വിശദീകരണം നൽകണമെന്ന് സി എ ജി ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ, അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ (ഐ ഒ സി) പുതിയ നിബന്ധനയാണ് റിലയൻസിന് നാല് മേളകളുടെ സ്പോൺസർഷിപ്പ് കൂടി അനുവദിക്കാൻ കാരണമായതെന്നാണ് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷന്റെ വിശദീകരണം.

നേരത്തെയുള്ള കരാറിൽ, ഗെയിമുകളിലെ 'ഇന്ത്യ ഹൗസ്' അഥവാ ടീമിനായുള്ള കേന്ദ്രം നിർമിക്കാനും അതിൽ കമ്പനിയുടെ പേര് നൽകാനും സ്പോൺസർമാർക്ക് അവകാശമുണ്ടായിരുന്നു. എന്നാൽ, 2022ൽ അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റി ഇത് ഒഴിവാക്കി. സ്പോൺസർമാരുടെ പേര് പറ്റില്ലെന്നും രാജ്യങ്ങളുടെ പേര് മാത്രമേ പറ്റൂവെന്നുമാണ് ഐ ഒ സി തീരുമാനിച്ചത്. ഇതോടെ, തങ്ങൾക്ക് സ്പോൺസർഷിപ്പിലൂടെ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാവില്ലെന്നും അതിന് പരിഹാരം വേണമെന്നും റിലയൻസ് ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് നാല് അധിക മേളകളുടെ സ്പോൺസർഷിപ്പ് കൂടി അധിക തുക ഈടാക്കാതെ റിലയൻസിന് നൽകിയതെന്നാണ്

ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്‍റുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ഒരു മേളക്ക് ആറ് കോടിയെന്ന് സിഎജി കണക്കാക്കിയതിലും തെറ്റുണ്ടെന്ന് ഇവർ പറയുന്നു. ഓരോ മേളക്കുമുള്ള പ്രാധാന്യവും പങ്കാളിത്തവും കണക്കിലെടുത്താണ് തുക കണക്കാക്കേണ്ടതെന്നും വൃത്തങ്ങൾ ചൂണ്ടികാട്ടുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us