ഇന്ത്യയുടെ ആദ്യ ഒളിംപിക്സ് വനിതാ ജിംനാസ്റ്റിക്‌സ് താരം; ദിപ കര്‍മാക്കര്‍ വിരമിച്ചു

2016 ലെ റിയോ ഒളിംപിക്സിൽ പങ്കെടുത്ത താരത്തിന് മെഡല്‍ തലനാരിയഴ്ക്കാണ് നഷ്ടപ്പെട്ടത്.

dot image

ഇന്ത്യയുടെ ആദ്യ ഒളിംപിക്സ് വനിതാ ജിംനാസ്റ്റിക്‌സ് താരമായ ദിപ കര്‍മാക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ താരം തന്നെയാണ് കരിയര്‍ അവസാനിപ്പിക്കുന്ന കാര്യം അറിയിച്ചത്. പാരിസ് ഒളിംപിക്സിന് യോഗ്യത നേടാനാകാതിരുന്ന താരം വിരമിക്കൽ തീരുമാനമെടുക്കാൻ ശരിയായ സമയം ഇതാണെന്ന് പറഞ്ഞാണ് പോസ്റ്റിട്ടത്.

'ഒരുപാട് ആലോചിച്ചതിന് ശേഷം, ജിംനാസ്റ്റിക്‌സില്‍ നിന്ന് വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഈ തീരുമാനം എനിക്ക് എളുപ്പമായിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ ശരിയായ സമയമാണെന്ന് തോന്നുന്നു. ജിംനാസ്റ്റിക്‌സ് എന്റെ ജീവിതത്തിന്റെ ഒരു വലിയ ഭാഗമാണ്, ജീവിതത്തിലെ എല്ലാ ഉയർച്ചയ്ക്കും താഴ്ച്ചകൾക്കും ഞാന്‍ നന്ദിയുള്ളവളാണ്' ദിപ പ്രസ്താവനയില്‍ അറിയിച്ചു.

2016 ലെ റിയോ ഒളിംപിക്സിൽ പങ്കെടുത്ത താരത്തിന് മെഡല്‍ തലനാരിയഴ്ക്കാണ് നഷ്ടപ്പെട്ടത്. ഫൈനലില്‍ നാലാമതായി ഫിനിഷ് ചെയ്ത താരത്തിന് വെങ്കല മെഡല്‍ വെറും 0.15 പോയിന്റിനാണ് നഷ്ടമായത്. ഗ്ലാസ്‌കോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ഹിരോഷിമയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ദിപ വെങ്കലം നേടിയിരുന്നു. ശേഷം പരിക്കുകളിലും ഉത്തേജക വിവാദത്തിലും സസ്പെൻഷനുകളിലും പെട്ട താരം 2024 ൽ വീണ്ടും ഗംഭീര തിരിച്ചുവരവ് നടത്തി. മെയില്‍ നടന്ന ഏഷ്യന്‍ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ജിംനാസ്റ്റായി മാറി. ശേഷം വീണ്ടും പരിക്കുകൾ അലട്ടിയതോടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. വിരമിക്കുകയാണെങ്കിലും ജിംനാസ്റ്റിക്‌സുമായുള്ള ബന്ധം നിലനിർത്തുമെന്നും ഉപദേഷ്ടാവായോ പരിശീലകയായോ തുടരുമെന്നും താരം കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image