ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ ഹോക്കി ഇതിഹാസം പി ആർ ശ്രീജേഷിന്റെ ആദ്യ ദൗത്യം സുൽത്താൻ ഓഫ് ജോഹർ കപ്പ്. മലേഷ്യയിൽ ഒക്ടോബർ 19നാണ് ടൂർണമെന്റിന്റെ തുടക്കം. ടൂർണമെന്റിനുള്ള 18 അംഗ ടീമിനെയും പ്രഖ്യാപിച്ചു. പ്രതിരോധതാരം അമീർ അലിയാണ് ടീം ക്യാപ്റ്റൻ. 19ന് ജപ്പാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തുടർന്ന് ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ് ടീമുകളെയും റൗണ്ട് റോബിൻ സ്റ്റേജിൽ ഇന്ത്യ നേരിടും. 26നാണ് ഫൈനൽ നടക്കുക.
ഒമാനിൽ നവംബറിൽ നടക്കുന്ന ജൂനിയർ ഏഷ്യാ കപ്പിനു മുൻപ് ഇന്ത്യൻ ടീം പങ്കെടുക്കുന്ന പ്രധാന ടൂർണമെന്റാണിത്. പാരിസ് ഒളിംപിക്സ് വെങ്കല നേട്ടത്തിന് പിന്നാലെ കളിയിൽ നിന്ന് വിരമിച്ച ശ്രീജേഷിനെ ഇന്ത്യൻ ജൂനിയർ ഹോക്കി ടീം പരിശീലകനായി നിയമിച്ചിരുന്നു. ഹോക്കി ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഗോൾ കീപ്പറിലൊരാളായാണ് മലയാളി താരം പി ആർ ശ്രീജേഷിനെ കണക്കാക്കുന്നത്.