68-ാമത് സംസ്ഥാന ജൂനിയര്‍ അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്നലെ സമാപനമായി. 20 സ്വര്‍ണവും 12 വെള്ളിയും 14 വെങ്കലവുമായി പാലക്കാട് കിരീടം നിലനിർത്തിയപ്പോൾ 11 സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമായി തിരുവനന്തപുരം രണ്ടാം സ്ഥാനത്തും 14 സ്വര്‍ണവും 11 വെള്ളിയും 13 വെങ്കലവുമായി മലപ്പുറം മൂന്നാമതുമെത്തി. പുതിയ താരോദയങ്ങൾ ഏറെയുണ്ടായ മീറ്റിൽ ഇത്തവണ ശ്രദ്ധിക്കപ്പെട്ട രണ്ട് താരങ്ങൾ വർഷയും രഹാനുമായിരുന്നു. മലപ്പുറത്തിനായി സ്വർണ മെഡൽ നേടിയ ഇരുവരും സഹോദരങ്ങളാണ്.
മീറ്റിൽ ഒറ്റ സ്പൈക്കുമായാണ് ഇരുവരുമെത്തിയത്. ആദ്യം നടന്നത് വർഷയുടെ മത്സരമായിരുന്നു. ജാവലിൻ മത്സരം കഴിഞ്ഞ ഉടനെ വർഷ രഹാന്റേയടുത്തേക്കോടി. സ്വർണം നേടിയ സന്തോഷം അറിയിക്കാൻ വേണ്ടി മാത്രമായിരുന്നില്ല അത്, പിറ്റിൽ നടക്കുന്ന അടുത്ത മത്സരം രഹാന്റേതായിരുന്നു. വർഷയുടെ സ്പൈക്കിട്ട് തന്നെയാണ് രഹാനുമിറങ്ങേണ്ടിയിരുന്നത്. വർഷയുടെ സ്‌പൈക്കുമായിറങ്ങിയ രഹാനും അങ്ങനെ ഒറ്റ കുതിപ്പിൽ സ്വർണ്ണം നേടി.
നേരത്തെ രഹാന്റെ സ്‌പൈക്കായിരുന്നു ഇരുവരും ഉപയോഗിച്ചിരുന്നതെന്നും പിന്നീട് അത് കേടായപ്പോൾ സ്പൈക്ക് ഇല്ലാതായെന്നും പിന്നീട് കഴിഞ്ഞ കഴിഞ്ഞ സംസ്ഥാന സ്‌കൂൾകായികമേളയിൽ ജാവലിനിൽ സ്വർണം നേടിയപ്പോൾ ലഭിച്ച സമ്മാനത്തുക കൊണ്ടാണ് താൻ സ്പൈക്ക് വാങ്ങിയതെന്നും വർഷ പറഞ്ഞു. മലപ്പുറം കാവനൂർ സ്വദേശികളാണ് ഇരുവരും. വർഷ ഇരുവേറ്റി സി എച്ച് എം കെ എച്ച് എസിൽ പ്ലസ്‌ടു വിദ്യാർത്ഥിനിയാണ്. രഹാൻ മമ്പാട് എം ഇ എസ് കോളേജിലെ ബി കോം വിദ്യാർഥിയും. നിഷാദ് കാഞ്ഞിരാലയാണ് ഇരുവരുടെയും പരിശീലകൻ.
Content Highlights: State junior athletic meet 2024