പാരിസ് ഒളിംപിക്സില്‍ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ മലയാളിതാരം പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ നൽകാനിരുന്ന അനുമോദന ചടങ്ങ് ഒക്ടോബർ 30ലേക്ക് മാറ്റി. നേരത്തെ രണ്ട് തവണ അനുമോദന ചടങ്ങ് മാറ്റിവെച്ചതോടെ സർക്കാർ പ്രതിരോധത്തിലായിരുന്നു. പുതിയ അറിയിപ്പ് പ്രകാരം, ഒക്ടോബർ 30ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് അനുമോദന ചടങ്ങ് നടക്കുക. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടു കോടി രൂപ പാരിതോഷികം മുഖ്യമന്ത്രി സമ്മാനിക്കും.
നേരത്തേ, പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയന്റ് ഡയറക്ടറായ ശ്രീജേഷിന് വകുപ്പിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 26ന് കണ്ണൂരിലെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സ്വീകരണം നല്കാന് തീരുമാനിച്ചിരുന്നെങ്കിലും കായികവകുപ്പിനെ അറിയിക്കാതെ നടത്തുന്ന ചടങ്ങിനെതിരെ കായികമന്ത്രി വി അബ്ദുറഹിമാൻ മുഖ്യമന്ത്രിയെ പരാതി അറിയിച്ചിരുന്നു. ഒടുവിൽ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചടങ്ങ് റദ്ദാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. ഇതൊന്നുമറിയാതെ എറണാകുളത്തുനിന്നും കുടുംബസമേതം എത്തിയ പിആര്‍ ശ്രീജേഷ് അന്ന് നിരാശയോടെയാണ് മടങ്ങിയത്. സംഭവം വിവാദമായതോടെ പരിപാടിയിൽ നിന്ന് വിദ്യാഭ്യാസവകുപ്പ് പിന്മാറുകയും കായികവകുപ്പ് ഏറ്റെടുക്കുകയും ചെയ്തു.
എന്നാൽ ശ്രീജേഷിനോടുപോലും ആലോചിക്കാതെയായിരുന്നു കായിക വകുപ്പ് ഈ മാസം 19ന് ജി വി രാജ സ്കൂളിൽ സ്വീകരണ ചടങ്ങ് നിശ്ചയിച്ചത്. ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനായി നിയമിതനായ ശ്രീജേഷ് ആ സമയം ആദ്യ ഡ്യൂട്ടിയുടെ ഭാഗമായി ശ്രീലങ്കയിലായിരുന്നു. അതോടെ ഇതും വിവാദമായി. പിന്നീട് ശ്രീജേഷിനോട് കൂടിയാലോചിച്ച ശേഷമാണ് ഒക്ടോബർ 30ന് അനുമോദനപരിപാടി നടത്താൻ തീരുമാനിക്കുകയായിരുന്നു.
Content Highlights: Government sets third date to compliment PR Sreejesh