2026ലെ കോമൺവെൽത്ത് ഗെയിംസിൽ നിന്നും ഹോക്കിയെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയാണ് 2026ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്നത്. വലിയ പണച്ചെലവുകൾക്ക് കാരണമാകുന്ന വിനോദങ്ങൾ ഒഴിവാക്കി കോമൺവെൽത്ത് ഗെയിംസ് നടത്താനാണ് സംഘാടകരുടെ നീക്കം.
1998 മുതലുള്ള എല്ലാ കോമൺവെൽത്ത് ഗെയിംസിലും ഹോക്കി ഈ കായിക മാമാങ്കത്തിന്റെ ഭാഗമായിരുന്നു. 2026 കോമൺവെൽത്ത് ഗെയിംസിൽ ഉൾപ്പെട്ടിരിക്കുന്ന മത്സരങ്ങളുടെ പൂർണചിത്രം സംഘാടകർ നാളെ പുറത്തുവിട്ടേക്കും. എന്നാൽ ഇത്തരം റിപ്പോർട്ടുകൾ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ തള്ളി. സംഘാടകരുടെ ഭാഗത്ത് നിന്നും ഔദ്യോഗിക അറിയിപ്പ് ഉണ്ടാകും വരെ ഇക്കാര്യത്തിൽ പ്രസ്താവന നടത്താൻ കഴിയില്ലെന്നാണ് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ നിലപാട്.
അടുത്ത വർഷം ജൂലൈ 23 മുതൽ ഓഗസ്റ്റ് രണ്ട് വരെയാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുക. നാല് വേദികളിൽ മാത്രമായി ഗെയിംസിന്റെ നടത്തിപ്പാണ് അധികൃതരുടെ ആലോചന. പിന്നാലെ ഓഗസ്റ്റ് 15 മുതൽ 30 വരെ ഹോക്കി ലോകകപ്പും നടക്കും. ബെൽജിയം, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളാണ് ഹോക്കി ലോകകപ്പിന് ആതിഥേയത്വം വഹിക്കുക.
Content Highlights: Hockey set to be axed from Commonwealth games 2026