ഈ സീസണിലുടനീളം മികച്ച പ്രകടനവുമായി തിളങ്ങിയ ബെലറൂസ് താരം അരിന സബലെങ്ക വനിത ടെന്നിസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇഗ സ്വിയാറ്റെകിനെ മറികടന്നാണ് താരം ഒന്നാമതെത്തിയത്. ഡിസംബറിൽ വേൾഡ് ടൂർ ഫൈനൽസ് മത്സരം സൗദിയിൽ നടക്കാനിരിക്കെയാണ് പുതിയ സ്ഥാനക്കയറ്റം. ജനുവരിയിൽ ആസ്ട്രേലിയൻ ഓപൺ കിരീടത്തോടെ തുടങ്ങി സിൻസിനാറ്റി ഓപൺ, വുഹാൻ ഓപൺ കിരീടങ്ങളും കഴിഞ്ഞ മാസം യു എസ് ഓപണും സ്വന്തമാക്കിയാണ് സബലെങ്കയുടെ കുതിപ്പ്.
അതേസമയം പരിക്ക് മൂലവും മറ്റും ഈ സീസണിലെ പ്രധാന ടൂർണമെന്റുകൾ കളിക്കാതെ മാറി നിന്നതാണ് ഫ്രഞ്ച് ഓപൺ ചാമ്പ്യനായ സ്വിയാറ്റെകിന് വിനയായത്. ഒരു വർഷം ആറ് ഡബ്ല്യു ടി എ 500 ടൂർണമെന്റുകളിൽ ഒരു താരം കളിക്കണമെന്നാണ് വേൾഡ് ടെന്നീസ് ഫെഡറേഷന്റെ റാങ്കിങ് നിയമം. ഫ്രഞ്ച് ഓപൺ ചാമ്പ്യനായ സ്വിയാറ്റെക് സീസണിൽ രണ്ടെണ്ണം മാത്രമാണ് കളിച്ചത്. ഇതേ തുടർന്ന് പോയന്റ് നഷ്ടം കൂടിയതാണ് സബലെങ്കക്ക് തുണയായത്. നിലവിൽ 9706 പോയന്റുള്ള സബലെങ്ക കഴിഞ്ഞ വർഷവും ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. ശേഷം സ്വിയാറ്റെക് സ്ഥാനം തിരിച്ചു പിടിക്കുകയായിരുന്നു. ഇപ്പോൾ സ്വിയാറ്റെകിൽ നിന്ന് സബലെങ്കയും. നിലവിൽ സ്വിയാറ്റെകിന് 9665 പോയന്റാണുള്ളത്.
Content Highlights: Sabalenka replaces Swiatek as world number one