കൂട്ടുകാരിയുടെ ബൂട്ട് കടം വാങ്ങിയോടി; സംസ്ഥാന സ്‌കൂൾ കായിക മേളയിൽ നൂറ് മീറ്ററിൽ സ്വർണം

ഭിന്നശേഷി വിഭാ​ഗത്തിൽ 14 വയസ്സിന് മുകളിലുള്ള പെൺകുട്ടികളുടെ മത്സരത്തിൽ പാലക്കാടിന്റെ കെ അനിഷയാണ് സ്വർണം നേടിയത്

dot image

സംസ്ഥാന സ്‌കൂൾ കായിക മേള കൊച്ചിയിൽ പുരോഗമിക്കുകയാണ്. ഇതാദ്യമായാണ് ഭിന്നശേഷി വിഭാഗക്കാരെ കൂടി ഉൾപ്പെടുത്തി സംസ്ഥാന സ്‌കൂൾ കായിക മേള നടത്തുന്നത്. 'ഇൻക്ലൂസീവ് സ്പോർട്സ്' നെ ഉയർത്തി പിടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അങ്ങനെ ഇന്നലെ നടന്ന നൂറുമീറ്റർ ഓട്ടമത്സരത്തിൽ മറ്റൊരു മനോഹര നിമിഷം കൂടിയുണ്ടായി.

ഭിന്നശേഷി വിഭാ​ഗത്തിൽ 14 വയസ്സിന് മുകളിലുള്ള പെൺകുട്ടികളുടെ മത്സരത്തിൽ പാലക്കാടിന്റെ കെ അനിഷയാണ് സ്വർണം നേടിയത്. സുഹൃത്തിന്റെ ബൂട്ട് കടം വാങ്ങിയാണ് സംസ്ഥാന സ്കൂൾ കായി‌കമേളയിൽ അനിഷ മത്സരിക്കാനെത്തിയത്. അനിഷ സ്വർണം നേടുമ്പോൾ പക്ഷെ അമ്മയും അച്ഛനും ജോലി തിരക്കിലായിരുന്നു. തൊഴിലുറപ്പ് ജോലിക്കാണ് അമ്മ പോകുന്നത്, കിണർ വലകൾ വിറ്റാണ് അച്ഛൻ ഉപജീവനം നടത്തുന്നത്. വാട്ട്സ്ആപ്പ് സംവിധാനമുള്ള ഫോണുകൾ ഇരുവർക്കുമില്ലാത്തതിനാൽ വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോഴാണ് മകൾ സംസ്ഥാന സ്‌കൂൾ കായിക മേളയിൽ സ്വർണം നേടിയ വാർത്ത രണ്ട് പേരും അറിഞ്ഞത്.

ജന്മനാ കാഴ്ച പരിമിതിയുള്ള കുട്ടിയാണ് അനിഷ. ശസ്ത്രക്രിയയിലൂടെ 75 ശതമാനം കാഴ്ച ശക്തി വീണ്ടെടുക്കാനായി. കാഴ്ചപരിമിതിയുള്ളവരുടെ തന്നെ കാഴ്ച്ചാ തോതുകൾ വ്യത്യസ്തമായതിനാൽ മത്സരത്തിൽ തുല്യത വരുത്താൻ എല്ലാവരുടെയും കണ്ണ് കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയാണ് ഓട്ടമത്സരം നടത്തുക.

​ഗൈഡ് റണ്ണറായി ഒരാൾ ഇവരുടെ കൂടെയുണ്ടാകും. മത്സരാർഥിയുടെ കൈ, ​ഗൈഡ് റണ്ണറുടെ കൈയിൽ കൂട്ടിക്കെട്ടിയാണ് ഓട്ടമത്സരം നടത്തുക. എസ് അബിനയാണ് അനിഷക്കായി ​ഗൈഡ് റണ്ണറായി ഓടിയത്. സ്വന്തമായി ഒരു ബൂട്ടാണ് തന്റെ ലക്ഷ്യമെന്നും പഠിച്ചു വളർന്ന് കുടുംബത്തെ നന്നായി നോക്കാനാണ് സ്വപ്നം കാണുന്നതെന്നും അനിഷ പറഞ്ഞു.

Content Highlights: State School Sports meet

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us