വിരമിക്കൽ ടൂർണമെന്റിനിറങ്ങുന്ന സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാലിന് സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുടെ വൈകാരിക സന്ദേശം. 'നിങ്ങള്‍ ടെന്നിസില്‍ നിന്ന് വിരമിക്കാന്‍ തയ്യാറെടുക്കുമ്പോള്‍, എനിക്ക് കുറച്ച് കാര്യങ്ങള്‍ പങ്കിടാനുണ്ട്. ഞാന്‍ വികാരാധീനനാകുന്നതിന് മുമ്പ് എനിക്കത് പറയണം' എന്ന് തുടങ്ങിയായിരുന്നു ഫെഡററുടെ കുറിപ്പ്. വാമോസ്, റാഫേല്‍ നദാല്‍ എന്ന് അഭിസംബോധന ചെയ്തുള്ള കുറിപ്പിൽ ഇരുവരും കളിക്കുന്ന സമയത്തുണ്ടായിരുന്ന ഓര്‍മകളും മറ്റുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
'നിങ്ങള്‍ എന്നെ ഒരുപാട് തോല്‍പ്പിച്ചു. എനിക്ക് നിങ്ങളെ തോല്‍പ്പിക്കാന്‍ കഴിഞ്ഞതിനേക്കാള്‍ കൂടുതലാണ് അത്. മറ്റാര്‍ക്കും കഴിയാത്ത വിധത്തില്‍ നിങ്ങള്‍ എന്നെ വെല്ലുവിളിച്ചു, ഞാന്‍ വിചാരിച്ചതിലും കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ നിങ്ങള്‍ എന്നെ പ്രേരിപ്പിച്ചു. എന്റെ കളിയില്‍ മാറ്റം വരുത്താന്‍ പ്രേരിപ്പിച്ചു. എന്തിനേറെ എന്റെ റാക്കറ്റിന്റെ വലിപ്പം മാറ്റാന്‍ പോലും ഞാൻ നിർബന്ധിതനാകേണ്ടി വന്നു'വെന്നും ഫെഡറർ പറഞ്ഞു.
Roger Federer has written a letter to Rafael Nadal for his last tournament:
— We Are Tennis (@WeAreTennis) November 19, 2024
"You beat me—a lot. More than I managed to beat you. You challenged me in ways no one else could."
"And you know what, Rafa, you made me enjoy the game even more."
♥️ pic.twitter.com/BPnEJRHaIa
റാഫ, നിങ്ങളാണ് കളി കൂടുതല്‍ ആസ്വദിക്കാന്‍ എന്നെ ശീലിപ്പിച്ചത്. ഞാൻ കരുതിയത് ഒന്നാം റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ഒരുപാട് കാലം തുടരാമെന്നായിരുന്നു. എന്നാൽ പലപ്പോഴും നിങ്ങൾ ആ സ്ഥാനം തട്ടിയെടുത്തു. നമ്മള്‍ 50,000 കാണികള്‍ക്ക് മുന്നില്‍ കളിച്ചത് ഓര്‍ക്കുന്നു. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ അന്ന് തടിച്ചുകൂടിയത് എക്കാലത്തേയും വലിയ ജനക്കൂട്ടമാണ്. ആ ദിവസം ഞാൻ മറക്കില്ലെന്നും ഫെഡറർ കുറിച്ചു.
'എന്റെ അവസാന മത്സരത്തിൽ നിങ്ങള്‍ എന്റെ അരികില്‍ ഉണ്ടായിരുന്നു എന്നതും ഞാൻ ഏറെ സന്തോഷത്തോടെ ഓർക്കുന്നു. എന്റെ എതിരാളിയായിട്ടല്ല, മറിച്ച് എന്റെ ഡബിള്‍സ് പങ്കാളിയായിയായിട്ടായിരിന്നു നിങ്ങൾ അന്ന് ഉണ്ടായിരുന്നത്. ആ രാത്രിയില്‍ നിങ്ങളുമായി പങ്കുവെച്ചത് എന്റെ കരിയറിലെ ഏറ്റവും സവിശേഷമായ നിമിഷങ്ങളില്‍ ഒന്നായിരിക്കും. അതിൽ ഞാൻ നന്ദിയുള്ളവനാണ്. നിങ്ങളുടെ ആരാധകന്‍, റോജര്‍.' കുറിപ്പിൽ ഫെഡറർ കൂട്ടിച്ചേർത്തു.
Content Highlights: Federer's Heartfelt Farewell to Nadal as Tennis Legend Retires