ഒടുവിൽ ഖേൽ രത്ന വിഷയത്തിൽ യു ടേൺ അടിച്ച് കേന്ദ്ര കായിക മന്ത്രാലയം. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് മനു ഭാകറിനെ പരിഗണിക്കാത്തത് വിവാദമായ പശ്ചാത്തലത്തിലാണ് കായിക മന്ത്രാലയത്തിന്റെ യു ടേൺ. പുരസ്‌കാര പട്ടികയിൽ താരത്തെയും ഉൾപ്പെടുത്തുമെന്നുമാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ. പ്രത്യേക അധികാരം ഉപയോഗിച്ചാവും ശുപാർശ ചെയ്യുക. വിഷയത്തിൽ കായികമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
നേരത്തേ സെലക്ഷന്‍ കമ്മിറ്റി അവാര്‍ഡിനായി ശുപാര്‍ശ ചെയ്ത പട്ടികയില്‍ മനു ഭാകർ ഇടംപിടിച്ചിരുന്നില്ല. പാരിസ് ഒളിമ്പിക്‌സില്‍ ഇരട്ടമെഡല്‍ നേടിയ മനു ഭാകര്‍ അവാര്‍ഡിനായി അപേക്ഷിച്ചിട്ടില്ലെന്നായിരുന്നു വിശദീകരണമായി നൽകിയിരുന്നത്. എന്നാൽ അപേക്ഷ അയച്ചിട്ടുണ്ടെന്നും അപേക്ഷ തള്ളിയതാണെന്നും പറഞ്ഞ് ഭാകറിന്റെ പിതാവ് രംഗത്തെത്തി. രാജ്യാന്തര ഷൂട്ടിങ് ഫെഡറേഷനും ഭാകറിനായി രംഗത്തെത്തി.
ഇന്ത്യയുടെ ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങും പാരാ ഹൈജംപ് താരം പ്രവീൺ കുമാറുമാണ് നിലവിൽ പട്ടികയിലുള്ള മറ്റ് താരങ്ങൾ. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം വെങ്കലമെഡൽ നേടിയിരുന്നു. പാരിസില്‍ നടന്ന പാരാലിമ്പിക്‌സില്‍ ഹൈജമ്പില്‍ സ്വര്‍ണം നേടിയ താരമാണ് പ്രവീണ്‍ കുമാര്‍. പാരീസ് ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലുകളാണ് മനു ഭാകർ നേടിയിരുന്നത്. 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് വിഭാഗത്തിലുമായിരുന്നു താരത്തിന്റെ മെഡൽ നേട്ടം.
Content Highlights: central sports ministry take u turn on manu bhaker khel ratna award controversy