പാരിസ് ഒളിംപിക്സ് മെഡൽ ജേതാക്കൾക്ക് ലഭിച്ച മെഡലിന്റെ ക്വാളിറ്റിയെ ചൊല്ലി വിവാദം. ഇന്ത്യയുടെ സ്റ്റാർ പിസ്റ്റൾ ഷൂട്ടർ മനു ഭാക്കർ, ഗുസ്തി താരം അമൻ സെഹ്‌രാവത് എന്നിവർ ഉൾപ്പടെ നിരവധി ലോക ഒളിംപിക്സ് മെഡൽ ജേതാക്കൾ ബന്ധപ്പെട്ടവർക്ക് പരാതി നൽകി. ലോകമെമ്പാടുമുള്ള നിരവധി കായികതാരങ്ങൾ അടുത്തിടെ തങ്ങളുടെ നിറം മങ്ങിയ മെഡലുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മങ്ങിയ മെഡലുകൾക്ക് പകരം നിലവാരമുള്ള മെഡലുകള്‍ നൽകണമെന്നാണ് കായിക താരങ്ങളുടെ ആവശ്യം.
2024-ലെ പാരീസ് ഒളിപിംക്സില്‍ സ്വാതന്ത്ര്യാനന്തരം ഗെയിംസിൻ്റെ ഒരു പതിപ്പിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മനു ഭാക്കർ ചരിത്രം സൃഷ്ടിച്ചിരുന്നു. വ്യക്തിഗത 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ വെങ്കലത്തോടെ അവർ ഇന്ത്യയുടെ മെഡൽ പട്ടിക തുറന്നു, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി. പിന്നീട് 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ സരബ്ജോത് സിങ്ങുമായി ചേർന്ന് വെങ്കല മെഡൽ നേടി.
ഒളിംപിക്സിൽ അരങ്ങേറ്റം കുറിച്ച അമൻ, പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി വിഭാഗത്തിൽ വെങ്കലം നേടി സമ്മർ ഗെയിംസിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ മെഡൽ ജേതാവായി. അതേസമയം കേടുപാട് വന്നതും മങ്ങിയതുമായ എല്ലാ മെഡലുകളും സമാനമായ കൊത്തുപണികളോടെ മാറ്റി തിരിച്ചുനൽകുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) പ്രഖ്യാപിച്ചിട്ടുണ്ട്.
450 ഗ്രാം വീതം ഭാരമുള്ള മെഡലുകളിൽ ഈഫൽ ടവറിൽ നിന്നുള്ള 18 ഗ്രാം ഇരുമ്പ് കഷ്ണം ഉപയോഗിച്ചിരുന്നു. 2024-ലെ പാരീസ് ഒളിപിംക്സിനായി 5,084 സ്വർണം, വെള്ളി, വെങ്കല മെഡലുകൾ രൂപകൽപ്പന ചെയ്യാൻ ഫ്രാൻസിൻ്റെ കറൻസിയുടെ ഉത്തരവാദിത്തമുള്ള മോനെ ഡി പാരീസിനെയാണ് ഏൽപ്പിച്ചിരുന്നത്. മോനെ ഡി പാരീസ് ഫ്രാൻസിലെ ആഡംബര ജ്വല്ലറിയായ ചൗമെറ്റുമായി സഹകരിച്ചാണ് മെഡൽ ഇറക്കിയിരുന്നത്. സംഭവത്തിൽ അഴിമതി അടക്കമുള്ള ആരോപണങ്ങള്‍ ഒളിമ്പിക് കമ്മിറ്റി അന്വേഷിക്കുന്നുണ്ട്.
Content Highlights: Olympic medals fade; Paris medal winners including Bhakar filed a complaint