ഉത്തരാഖണ്ഡിൽ നടന്നുകൊണ്ടിരിക്കുന്ന 38ാം ദേശീയ ഗെയിംസിൽ കേരളത്തിന് വീണ്ടും സ്വർണ നേട്ടം. ചൈനീസ് ആയോധന കലയായ വുഷുവിൽ മുഹമ്മദ് ജസീലാണ് സ്വർണം നേടിയത്. താവോലു വിഭാഗത്തിലാണ് സ്വർണ നേട്ടം. ഇത്തവണത്തെ ദേശീയ ഗെയിംസിൽ കേരളത്തിന്റെ മൂന്നാം സ്വർണമാണിത്. ഇതോടെ ആകെ മെഡൽ നേട്ടം ഏഴായി. മൂന്ന് സ്വർണം, ഒരു വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെയാണ് കേരളത്തിന്റെ മെഡൽ നേട്ടം.
അതേസമയം, നീന്തലിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷ ഉയർത്തി സജൻ പ്രകാശ് വീണ്ടും ഫൈനലിൽ കടന്നു. 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിലാണ് സജൻ ഫൈനലിൽ കടന്നത്. നേരത്തെ സജൻ രണ്ട് വെങ്കലം നേടിയിരുന്നു. വനിതാ വിഭാഗം 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാമും ഫൈനലിൽ പ്രവേശിച്ചു. വനിതകളുടെ 200 മീറ്റര്‍ ബെസ്റ്റ് സ്‌ട്രോക്കില്‍ സ്വർണം നേടിയ താരമാണ് ഹർഷിത ജയറാം. കഴിഞ്ഞ ദിവസം വനിതകളുടെ ഭാരോദ്വഹനം 45 കിലോഗ്രാം വിഭാഗത്തിൽ സുഫ്‌ന ജാസ്മിൻ കേരളത്തിന് സ്വർണ മെഡൽ നേടി തന്നിരുന്നു.
Content Highlights: Muhammed Jasil K clinches gold in Wushu -Kerala’s third gold medal at the 38th National Games