
ഈ വർഷത്തെ ലോറസ് സ്പോർട്ടിങ് പുരസ്കാരം സ്വന്തമാക്കി ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ. മാഡ്രിഡിൽ നടന്ന ചടങ്ങിൽ നദാൽ പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ ടെന്നിസ് കരിയറിൽ നിന്ന് വിരമിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും നദാൽ സംസാരിച്ചു. 'കരിയർ ഏറെ സന്തോഷത്തോടെയാണ് അവസാനിപ്പിച്ചത്. സാധിച്ചിരുന്നെങ്കിൽ ടെന്നിസിൽ ഞാൻ തുടരുമായിരുന്നു. കാരണം ടെന്നിസ് കളിക്കുന്നത് എനിക്ക് അത്രയധികം ഇഷ്ടമായിരുന്നു.' നദാൽ പ്രതികരിച്ചു.
'സത്യം പറഞ്ഞാൽ എനിക്ക് ടെന്നിസിനെ മിസ് ചെയ്യുന്നില്ല. ഒട്ടും തന്നെയില്ല. പക്ഷേ ടെന്നിസ് കളിച്ചു മടുത്തത് കൊണ്ടല്ല കരിയർ അവസാനിപ്പിച്ചത്. ടെന്നിസ് എൻ്റെ പാഷനായിരുന്നു. എൻ്റെ ജീവിതത്തിലുടനീളം അങ്ങനെയായിരുന്നു. ശാരീരികമായി ഇനി അതിന് കഴിയില്ലെന്ന് തിരിച്ചറിയുമ്പോൾ, ആ അധ്യായം അവസാനിപ്പിക്കാൻ ശ്രമിക്കും. ഞാൻ അത് അവസാനിപ്പിച്ചു.' നദാൽ വ്യക്തമാക്കി.
ടെന്നിസ് ലോകത്തെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് റാഫേൽ നദാൽ. 22 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് നദാൽ തന്റെ കരിയറിൽ സ്വന്തമാക്കിയത്. തുടർച്ചയായി പരിക്കുകൾ അലട്ടിയതിനെ തുടർന്ന് കഴിഞ്ഞ വർഷം നവംബറിലാണ് നദാൽ ടെന്നിസ് കരിയർ മതിയാക്കിയത്.
Content Highlights: Rafael Nadal won Laureus Sporting Icon award