ഹംഗറി: ലോക അത്ലറ്റിക് ചാമ്പ്യന്ഷിപ്പിന് ഇന്ന് ഹംഗറിയിലെ ബുഡാപെസ്റ്റില് തുടക്കമാകും. ഒമ്പത് ദിവസം നീണ്ട് നില്ക്കുന്ന ചാമ്പ്യന്ഷിപ്പിന് 2100 ഓളം അത്ലറ്റുകളാണ് പങ്കെടുക്കുന്നത്. നീരജ് ചോപ്ര നയിക്കുന്ന 28 അംഗ സംഘത്തെയാണ് ഇന്ത്യ അയക്കുന്നത്. ഏഴ് മലയാളികളും ഇന്ത്യന് ടീമില് ഇടംപിടിച്ചു. ലോങ് ജംപില് എം ശ്രീശങ്കര്, ട്രിപ്പിള് ജംപില് അബ്ദുള്ള അബുബക്കര്, എല്ദോസ് പോള്, റിലേയില് അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്, മുഹമ്മദ് അനസ്, മിജോ ചാക്കോ കുര്യന് എന്നിവരാണ് മലയാളി താരങ്ങള്.
നേരത്തെ ഒളിംപിക്സ് മാത്രമായിരുന്നു ലോകത്തിലെ അത്ലറ്റുകള് ഒന്നിച്ചിരുന്ന ഏക വേദി. 1978 ല് ലോകത്തിലെ അത്ലറ്റകള്ക്കായി ഒരു കായിക മാമാങ്കം എന്നൊരു ആലോചന ഉണ്ടായി. ഇതിന് മുമ്പ് 1976 ല് സ്വീഡന് വേദിയായ അത്ലറ്റിക് ചാമ്പ്യന്ഷിപ്പ് നടന്നു. പക്ഷേ ഒരൊറ്റ ഇനം മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത്. 37 രാജ്യങ്ങള് പങ്കെടുത്ത 50 മീറ്റര് നടത്തത്തില് സോവിറ്റ് യൂണിയന് വിജയിച്ചു. 1976 ലെ ഒളിംപിക്സില് നിന്നും ഒഴിവാക്കപ്പെട്ട ഇനമായിരുന്നു പിന്നീട് നടത്തയിത്. 1932 ന് ശേഷമുള്ള എല്ലാ ഒളിംപിക്സിലും 50 മീറ്റര് നടത്തം ഉണ്ടായിരുന്നുവെന്നതും ഈ മത്സരം ഒറ്റയ്ക്ക് നടത്തുന്നതിന് കാരണമായി. 1980 ല് ഇനങ്ങളുടെ എണ്ണം രണ്ട് മാത്രമായിരുന്നു. കിഴക്കന് ജര്മ്മനി വിജയികള്.
1983 ലാണ് ലോക അത്ലറ്റിക് ചാമ്പ്യന്ഷിപ്പിന് ഔദ്യോഗിക തുടക്കമായത്. ഫിന്ലാന്ഡ് ആദ്യ ചാമ്പ്യന്ഷിപ്പിന് വേദിയായി. ഇത്തവണ 41 ഇനങ്ങളായിരുന്നു ഉണ്ടായിരുന്നത്. കിഴക്കന് ജര്മ്മനി വീണ്ടും ജേതാക്കളായി. ആദ്യം നാല് വര്ഷത്തിലൊരിക്കലാണ് ചാമ്പ്യന്ഷിപ്പ് നടത്തിയിരുന്നത്. പിന്നാലെ ഒളിംപിക്സിന് മുമ്പും ശേഷവുമുള്ള വര്ഷങ്ങളില് ചാമ്പ്യന്ഷിപ്പ് നടത്താന് തീരുമാനിച്ചു.
1983 മുതല് ആകെ 18 ചാമ്പ്യന്ഷിപ്പുകളാണ് നടന്നത്. 14 തവണയും അമേരിക്ക ജേതാക്കളായി. രണ്ട് തവണ കിഴക്കന് ജര്മ്മനിയും ഓരോ തവണ വീതം റഷ്യയും കെനിയയും അത്ലറ്റിക് ഉത്സവത്തിന്റെ അരമത്തെത്തി. ആകെ രണ്ട് മെഡല് മാത്രമാണ് ഇന്ത്യയ്ക്ക് ലോക വേദിയില് ഇതുവരെ നേടാനായത്. ഇന്ത്യയുടെ ആദ്യ മെഡല് നേട്ടം ഒരു മലയാളി വനിതയിലൂടെ ആയിരുന്നു. 2003 ല് പാരിസില് നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്ഷിപ്പില് മലയാളി ലോംഗ്ജംപര് അഞ്ജു ബോബി ജോര്ജ് വെങ്കല മെഡല് സ്വന്തമാക്കി. പിന്നീട് 19 വര്ഷത്തിന് ശേഷമാണ് ഇന്ത്യ ലോക വേദിയില് തിളങ്ങിയത്. ജാവിലിനില് നീരജ് ചോപ്രയിലൂടെ ആയിരുന്നു ഇന്ത്യയുടെ നേട്ടം. 2022 ലെ ചാമ്പ്യന്ഷിപ്പില് നീരജ് വെള്ളി മെഡല് സ്വന്തമാക്കി.
മറ്റൊരു ചാമ്പ്യന്ഷിപ്പിന് ഇറങ്ങുമ്പോള് ഇന്ത്യയുടെ പ്രതീക്ഷ നീരജില് തന്നെ തുടങ്ങുന്നു. ലുസെയ്ന് ഡയമണ്ട് ലീഗില് സ്വര്ണം നേടിയ ശേഷം നീരജ് ട്രാക്കില് നിന്നും താല്ക്കാലിക ഇടവേള എടുത്തിരിക്കുകയാണ്. അത്ലറ്റിക് ചാമ്പ്യന്ഷിപ്പും പിന്നാലെ വരുന്ന ഏഷ്യന് ഗെയിംസിലും മികച്ച മുന്നേറ്റമാണ് നീരജിന്റെ ലക്ഷ്യം. മലയാളി താരം എം ശ്രീശങ്കറും മെഡൽ സാധ്യതയിൽ മുന്നിലുണ്ട്.