ഐപിഎൽ 2024ന് ഇന്ന് കലാശപ്പോര്. മൂന്നാം കിരീടത്തിനൊരുങ്ങി ശ്രേയസും സംഘവും. എതിരിടുന്നത് ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിനോട്. ഹൈദരബാദിന് ഒരു ചരിത്രമുണ്ട്. കിരീടം നേടിയവരൊക്കെയും ഓസ്ട്രേലിയൻ നായകർ. 2009ൽ ഡെക്കാൻ ചാർജേഴ്സ് ചാമ്പ്യന്മാരായി. ഹൈദരാബാദിനായി കപ്പടിച്ച നായകൻ ആദം ഗിൽക്രിസ്റ്റ്. ഏഴ് വർഷത്തിന് ശേഷം ചരിത്രം ആവർത്തിച്ചു. അത്തവണ കപ്പടിച്ച ടീം സൺറൈസേഴ്സ് ഹൈദരാബാദ്. നായകൻ ഡേവിഡ് വാർണർ. ഗിൽക്രിസ്റ്റും വാർണറും ഓസ്ട്രേലിയയുടെ ഓപ്പണർമാർ. എട്ട് വർഷത്തിന് ശേഷം മറ്റൊരു ഓസ്ട്രേലയിക്കാരൻ ചരിത്രത്തിനരികെ.
ഇത്തവണ പേസർ പാറ്റ് കമ്മിൻസ് നായകനായ ടീം. കരുത്തും ദൗർബല്യങ്ങളും അറിഞ്ഞ് അയാൾ ടീമിനെ ഫൈനലിലെത്തിച്ചു. ഇനി ഒരു വിജയം ബാക്കി. ചരിത്രം ആവർത്തിക്കുമോ? പക്ഷേ ആരാധകർ പറയുന്നത് മറ്റൊരു കഥ. 2018ലെ ഹൈദരാബാദിനെപ്പറ്റി. ന്യൂസീലാൻഡ് താരം കെയ്ൻ വില്യംസൺ നായകനായ ടീം. ഡേവിഡ് വാർണർ ഇല്ലാതെ അയാൾ ഹൈദരാബാദിനെ മുന്നിൽ നിന്ന് നയിച്ചു. ആദ്യം പ്ലേ ഓഫിലെത്തി. അവിടെ ചെന്നൈ സൂപ്പർ കിംഗ്സ് എതിരാളിയായി. ഒരു ഘട്ടത്തിൽ ഹൈദരാബാദ് വിജയത്തോട് അടുത്തു. പക്ഷേ ഫാഫ് ഡു പ്ലെസി കീഴടങ്ങാൻ തയ്യാറായില്ല. അയാളുടെ പോരാട്ടം ചെന്നൈയെ വിജയത്തിലെത്തിച്ചു.
സ്പിന്നെറിയാൻ ആളുണ്ട്; രാജസ്ഥാനെ കുടുക്കിയ ഇടം കയ്യൻ കോംബോരണ്ടാം ക്വാളിഫയർ ജയിച്ച് സൺറൈസേഴ്സ് ഫൈനലിനെത്തി. വീണ്ടും ചെന്നൈ എതിരാളി. പക്ഷേ ഇത്തവണ ഷെയ്ൻ വാട്സണ് മുന്നിൽ ഹൈദരാബാദ് ഒന്നടങ്കം കീഴടങ്ങി. കലാശപ്പോരുകളിൽ കണ്ണീരണിയുന്ന കെയ്ൻ വില്യംസൺ പതിവുപോലെ തോറ്റുമടങ്ങി. ഇത്തവണയും സമാനമാണ് സാഹചര്യങ്ങൾ. ആദ്യ ക്വാളിഫയറിൽ കൊൽക്കത്തയോട് ഹൈദരാബാദ് തോറ്റു. രാജസ്ഥാനെ തോൽപ്പിച്ച് ഫൈനലിനെത്തി. വീണ്ടും കൊൽക്കത്ത എതിരാളികൾ. രണ്ട് ഫൈനൽ ജയിച്ച ഗംഭീർ മറുവശത്തുണ്ട്. കണക്കുകളും ചരിത്രങ്ങളും ടോസ് വരെ മാത്രമെ നിലനിൽക്കൂ. ഐപിഎൽ ചാമ്പ്യന്മാർക്കായി മണിക്കൂറുകൾ മാത്രം.