എന്താണ് ഡ്രോപ്പ്-ഇന് പിച്ച്?; ബാറ്റര്മാരെ വെള്ളം കുടിപ്പിക്കുന്ന പിച്ചുകളെ കുറിച്ച് അറിയാം

സ്ഥിരമായി ക്രിക്കറ്റ് മത്സരങ്ങൾ ഇല്ലാത്തതിനാൽ ന്യൂയോർക്കിൽ ഡ്രോപ്പ്-ഇന് പിച്ചാണ് ഉപയോഗിക്കുന്നത്

dot image

ട്വന്റി 20 ലോകകപ്പിനെ തുടർന്ന് ഏറ്റവും കൂടുതല് ചർച്ച ചെയ്യപ്പെടുന്ന പദമാണ് ഡ്രോപ്പ്-ഇന് പിച്ച്. ഐപിഎല്ലിലെ പോലെ ബാറ്റിങ് വിസ്ഫോടനങ്ങള് ലോകകപ്പില് കാണാന് കഴിയുന്നില്ല. ബാറ്റർമാരെ വെള്ളം കുടിപ്പിക്കുന്ന, ബൗളർമാർക്ക് അനുകൂലമാകുന്ന പിച്ചുകളാണ് ന്യൂയോർക്കിലേത്. സ്ഥിരത പുലർത്താത്ത ന്യൂയോർക്കിലെ പിച്ചുകളുടെ പേരില് നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.

ന്യൂയോർക്കിലെ നാസൗ സ്റ്റേഡിയത്തിൽ ഇതുവരെ മൂന്ന് മത്സരങ്ങളാണ് നടന്നത്. ആറ് ഇന്നിംഗ്സുകൾ. ഇതിൽ 100 റൺസിന് മുകളിൽ സ്കോർ വന്നത് രണ്ട് തവണ മാത്രം. ഏറ്റവുമുയർന്ന സ്കോർ കാനഡ നേടിയ 137 റൺസ്.

ഇന്ത്യ- അയർലൻഡ് മത്സരത്തിൽ മാത്രം 94 ഡോട്ട് ബോളുകൾ പിറന്നു. പിച്ചിനെതിരെ വ്യാപക പരാതിയാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. നാളത്തെ മത്സരത്തിന് മുമ്പ് ചെറിയ മാറ്റങ്ങൾ വരുത്തുമെന്ന് ഐസിസി ഉറപ്പ് നൽകിയിട്ടുണ്ട്. സ്ഥിരമായി ക്രിക്കറ്റ് മത്സരങ്ങൾ ഇല്ലാത്തതിനാൽ ന്യൂയോർക്കിൽ ഡ്രോപ്പ്-ഇന് പിച്ചാണ് ഉപയോഗിക്കുന്നത്.

എന്താണ് ഡ്രോപ്പ്-ഇന് പിച്ച്?

പേര് സൂചിപ്പിക്കുന്നത് പോലെ മറ്റൊരു സ്ഥലത്ത് നിർമിച്ച്, പരിപാലിച്ച് കൊണ്ടുവന്ന് സ്ഥാപിക്കുന്നതാണ് ഡ്രോപ്പ്-ഇന് പിച്ചുകൾ. മത്സര ശേഷം മൈതാനത്ത് നിന്ന് പിച്ച് അതേ പോലെ നീക്കം ചെയ്യാം എന്നതാണ് ഇത്തരം പിച്ചുകളുടെ പ്രത്യേകത. ന്യൂയോർക്കിലെ സ്റ്റേഡിയത്തിലെ പിച്ച് നിർമിച്ചത് ഓസ്ട്രേലിയയിലെ മെൽബണിലും പരിപാലിച്ചത് ഫ്ലോറിഡയിലുമാണ്. പിച്ച് തയ്യാറാക്കിയ ശേഷം സ്റ്റേഡിയത്തിൽ കൊണ്ടുവന്ന് സ്ഥാപിക്കുകയായിരുന്നു.

ക്രിക്കറ്റിന് പുറമെ മറ്റ് മത്സരങ്ങൾക്ക് കൂടി മൈതാനം ഉപയോഗിക്കാൻ വേണ്ടിയാണ് ഇത്തരം പിച്ചുകൾ ഉപയോഗിക്കുന്നത്. പിച്ചുകളുടെ സ്വഭാവം മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്നില്ല എന്നതാണ് നേരിടുന്ന പ്രശ്നം. അപ്രതീക്ഷിത ബൗൺസും സ്വിങ്ങും ബാറ്റർമാരെ ചെറുതായല്ല കുഴപ്പത്തിലാക്കുന്നത്. ഈ ടൂർണമെന്റിൽ തന്നെ രോഹിത് ശർമയ്ക്ക് മത്സരത്തിനിടയിലും പരിശീലനത്തിനിടയിലും പിച്ചിന്റെ അപ്രതീക്ഷിത സ്വഭാവം കാരണം പരിക്കേറ്റിരുന്നു. വിരാട് കോഹ്ലിയുടെ പരിശീലനത്തിനിടയിലും പ്രശ്നങ്ങൾ സംഭവിച്ചു.

എന്നാൽ പഴകും തോറും ഡ്രോപ്പ്-ഇന് പിച്ചുകളുടെ സ്വഭാവം മാറുമെന്നാണ് കരുതുന്നത്. പരിശീലന മത്സരങ്ങളോ ആഭ്യന്തര മത്സരങ്ങളോ കൂടുതൽ നടത്താൻ പറ്റാത്തതാണ് ന്യൂയോർക്കിലെ പിച്ചിനെ അപകടകാരിയാക്കി മാറ്റിയതെന്നാണ് കരുതുന്നത്. റഗ്ബിയും ഹോക്കിയുമൊക്കെ കളിക്കുന്നതിനായി ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമാണ് ഡ്രോപ്പ്-ഇന് പിച്ചുകൾ കൂടുതലായും ഉപയോഗിക്കുന്നത്.

ഓസ്ട്രേലിയയിൽ ആണ് ഡ്രോപ്പ്-ഇന് പിച്ചുകളുടെ പിറവി. 1970കളുടെ അവസാനം വെസ്റ്റേൺ ഓസ്ട്രേലിയ ക്രിക്കറ്റ് അസോസിയേഷൻ ക്രിക്കറ്റിന് ഉപയോഗിക്കാത്ത ഗ്രൗണ്ടുകൾ വാടകയ്ക്ക് എടുക്കുകയും അവിടെ മത്സരം നടത്താൻ ഡ്രോപ്പ്-ഇന് പിച്ചുകൾ നിർമ്മിക്കുകയും ആയിരുന്നു ചെയ്തിരുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us