മ്യൂണിച്ച്: യൂറോ കപ്പ് ഫുട്ബോളിലൂടെ കാൽപന്ത് കളിയുടെ ആവേശത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ വഴിമാറുകയാണ്. മിനി ലോകകപ്പെന്ന് വിളിപ്പേരുള്ള യൂറോകപ്പിലൂടെ പയറ്റിത്തെളിഞ്ഞ് കഴിവ് തെളിയിച്ച് ലോക ഫുട്ബോളിനെ ഭരിച്ച താരങ്ങൾ ചരിത്രത്തിൽ നിരവധിയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ടോണി ക്രൂസ്, മോഡ്രിച്ച് തുടങ്ങി താരങ്ങളുടെയെല്ലാം ആദ്യ കളിത്തട്ട് യൂറോകപ്പായിരുന്നു. ഇതിഹാസങ്ങളിൽ പലരും കരിയറിന്റെ അവസാനത്തിൽ യൂറോയിൽ പന്ത് തട്ടുമ്പോൾ ലോക ഫുട്ബോളിൽ ഇടം പിടിക്കാൻ പന്ത് തട്ടാനെത്തുന്ന ഒത്തിരി യുവതാരങ്ങളുണ്ട്. ഈ യൂറോകപ്പിൽ താരങ്ങളായേക്കാവുന്ന ചില കൗമാര താരങ്ങളിലേക്ക്
ജമാല് മുസിയാല (ജർമനി)
ടോണി ക്രൂസിനൊപ്പം മധ്യനിരയിൽ ജർമ്മനിയുടെ കരുത്താവുക ജമാല് മുസിയാല എന്ന യുവ താരത്തിന്റെ സാന്നിധ്യമാകും. ജർമന് ബുണ്ടസ്ലിഗയിലെ കരുത്തരായ ബയേണ് മ്യൂണിച്ചിന്റെ മധ്യനിര താരത്തിന് 21 വയസ്സ് മാത്രമാണ് പ്രായം. അസാമാന്യ ഡ്രിബിളിംഗ് പാടവവും വേഗതയുമാണ് താരത്തിന്റെ പ്രത്യേകത. 17 ആം വയസ്സിൽ ബുണ്ടസ് ലീഗ കളിച്ചു തുടങ്ങിയ മുസിയാല ബയേൺ മ്യൂണിച്ചിന്റെ നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിരുന്നു
ഫ്ലോറിയൻ വിർട്ട്സ് (ജർമനി)
ലെവർകൂസൻറെ അപരാജിത കുതിപ്പിലും ബുണ്ടസ് ലീഗ കിരീട നേട്ടത്തിലും പ്രധാനിയായിരുന്നു അറ്റാക്കിങ് മിഡ്ഫീൽഡറും ലെഫ്റ് വിങ്ങറുമായ ഫ്ലോറിയൻ വിർട്ട്സ്. 21 വയസ്സ് മാത്രമാണ് പ്രായം. സാബി അലോൻസയുടെ 'ഇൻവിന്സിബിള് ലെവർകൂസൻ സ്ക്വാഡി'ലെ കോച്ചിന്റെ തുറുപ്പ് ചീട്ട് . പരിക്കിനെ തുടർന്ന് ഖത്തർ ലോകകപ്പ് നഷ്ടമായ ഫ്ലോറിയന് അന്താരാഷ്ട്ര ടൂർണമെന്റില് തന്റെ സാന്നിധ്യമറിയിക്കാനുള്ള അവസരം കൂടിയാണ് യൂറോ കപ്പ്.
മാർട്ടിൻ ബറ്റുറിന (ക്രൊയേഷ്യ)
ജൂനിയർ ലൂക്ക മോഡ്രിച്ചെന്നാണ് ക്രൊയേഷ്യന് മധ്യനിര താരമായ മാർട്ടിന് ബറ്റുറിനയെ വിശേഷിപ്പിക്കുന്നത്. 21 വയസാണ് പ്രായം. 2023 അണ്ടർ 21 യൂറോയിലും പിന്നാലെ ക്ലബ്ബ് ഫുട്ബോളില് ഡൈനാമൊക്ക് വേണ്ടിയും മികച്ച പ്രകടനം കാഴ്ച വെച്ചു.
ലാമിൻ യമാൽ (സ്പെയിൻ)
വെറും 16 വയസ്സ് മാത്രമാണ് പ്രായമെങ്കിലും സ്പെയിന് മുന്നേറ്റത്തിൽ വലിയ സംഭാവനകൾ നൽകാൻ യമാലിന് കഴിയും. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്ക് വേണ്ടി ഇതിനകം തന്നെ മികച്ച പ്രകടനം കാഴ്ച്ച വെച്ച താരം സ്പെയിനിന് വേണ്ടി കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളും രണ്ട് അസിസ്റ്റും നേടിയിട്ടുണ്ട്.
ജൂഡ് ബെല്ലിംഗ്ഹാം (ഇംഗ്ലണ്ട്)
റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാമാണ് ഈ യൂറോകപ്പിൽ ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു താരം. റയൽമാഡ്രിഡിനായി 26 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ ഈ സീസണിൽ ഇരുപതുകാരൻ നേടിയിട്ടുണ്ട്. റയൽ മാഡ്രിഡിലെത്തുന്നതിന് മുമ്പ് ഡോർട്ട്മുണ്ട് താരമായിരുന്ന ബെല്ലിംഗ്ഹാം ദേശീയ ജേഴ്സിയിലും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.
ഗ്വാർഡിയോൾ (ക്രൊയേഷ്യ)
മാഞ്ചസ്റ്റർ സിറ്റി നാലാമതും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയപ്പോൾ പ്രതിരോധ നിരയിലെ നിർണ്ണായക സാന്നിധ്യമായിരുന്നു ഗ്വാർഡിയോൾ. 2022 ലോകകപ്പിൽ ക്രൊയേഷ്യയുടെ സെമി യാത്രയിലും താരത്തിന്റെ പങ്ക് വലുതായിരുന്നു. 22 വയസ്സുള്ള താരം 2000 ലെ യൂറോകപ്പിലും കളിച്ചിട്ടുണ്ട്
വാറൻ സയർ എമറി (ഫ്രാൻസ്)
പതിനെട്ടുകാരനായ വാറൻ ഫ്രഞ്ച് ലീഗിലെ വമ്പന്മാരായ പാരീസ് സെന്റ് ജർമന്റെ ഭാഗമാണ്. സീസണിലെ പാരീസിന്റെ വിജയങ്ങളില് നിർണായക പങ്കുവഹിച്ച താരം യുഎൻഎഫ്പിയുടെ യുവതാരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫ്രാന്സ് മധ്യനിര പ്രതിഭകളാല് സമ്പന്നമാണെങ്കിലും സയർ എമറിയെ പരിഗണിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.
ജോവൊ നെവ്സ് (പോർച്ചുഗല്)
ബെൻഫിക്കയുടെ വിശ്വസ്തനായ മിഡ്ഫീൽഡർ. കഴിഞ്ഞ സീസണില് ബെൻഫിക്കയ്ക്കായി എല്ലാ കളികളിലും തന്നെ ആദ്യ ഇലവനില് സ്ഥാനം പിടിച്ച നെവ്സിന്റെ തല വര നിർണ്ണയിക്കുന്ന ടൂര്ണമെന്റാകും യൂറോകപ്പ് 2024 .പോർച്ചുഗലിന്റെ ജൂനിയർ ടീമിലും മികച്ച പ്രകടനങ്ങൾ കാഴ്ച്ച വെച്ചിട്ടുണ്ട്.
ജോഹാൻ ബകയോക്കോ ( ബെൽജിയം)
ഡച്ച് ക്ലബ്ബായ പിഎസ്വി ഐന്ഹോവനെ (ഡച്ച് ലീഗ്) കിരീടം ചൂടിപ്പിച്ചതിൽ പ്രധാനി. 16 ഗോളും 14 അസിസ്റ്റുകളുമാണ് താരം ലീഗിൽ നേടിയത്.
21 വയസുള്ള ജോഹാൻ റൈറ്റ് വിങ്ങിലാണ് കളിക്കുന്നത്. ബയേണ് മ്യൂണിക്ക്, ആഴ്സണല്, ലിവർപൂള് തുടങ്ങിയ ടീമുകളാണ് ജോഹാനെ നോട്ടമിട്ടിരിക്കുന്നത്.
സാവി സിമണ്സ് (നെതർലന്ഡ്സ്)
പിഎസ്ജിയുടെ മുന്നേറ്റനിരയില് എംബാപ്പയോടൊപ്പം കളിച്ച താരം പിന്നീട് ജർമൻ ലീഗായ ബുണ്ടസ്ലിഗയിലെ സാവി ലോണിലേക്ക് ചേക്കേറി.
ബുണ്ടസ്ലിഗയില് കഴിഞ്ഞ സീസണില് ഏറ്റവും കൂടുതല് ഫൗള് ചെയ്യപ്പെട്ട താരമാണ് സാവി. നെതർലാൻഡ് യൂത്ത് ടീമുകൾക്കായി മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്.
'റീത്തിന് പകരം പന്ത് മതി', അന്നേ പറഞ്ഞു; ഗ്രൗണ്ടിലേയും ഡഗ് ഔട്ടിലേയും തനി വാശിക്കാരനായ ചാത്തുണ്ണി