ഇത്തവണത്ത പാരീസ് ഒളിംപിക്സ് പല കാര്യങ്ങൾ കൊണ്ടും ചരിത്രമാണ്. നിർണ്ണായകമായ ചില തിരുത്തലുകളും പുതിയ അടയാളപ്പെടുത്തലുകളും ഫ്രാൻസിൽ നടക്കുന്ന മുപ്പതാം ലോക കായിക മാമാങ്കത്തിലുണ്ട്. അതിൽ പ്രധാനമാണ് മത്സരാർത്ഥികളിലെ ലിംഗ സമത്വം. ചരിത്രത്തിൽ ഇതാദ്യമായി മത്സര പങ്കാളിത്തത്തിൽ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടെ എണ്ണത്തിനോട് തുല്യമാവുകയാണ്. ഒളിംപിക്സിന്റെ ആദ്യ പതിപ്പിൽ വേദിയിൽ ഒരു സ്ത്രീക്ക് പോലും പ്രവേശനം ഇല്ലാതിരുന്നിടത്ത് നിന്നാണ് തുല്യതയിലേക്കുള്ള ഈ ചരിത്ര യാത്ര, ആ നാൾ വഴികളിലേക്ക്..
ഏകദേശം ഒന്നേ കാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് 1896 ലാണ് ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്സ് ആദ്യമായി നടക്കുന്നത്. ആധുനിക ഗ്രീസിന്റെ തലസ്ഥാനമായ ഏതൻസിലായിരുന്നു അന്ന് ലോക കായിക പോരാട്ടം. 11 രാജ്യങ്ങൾ മാത്രം പങ്കെടുത്ത, വിരലില്ലെണ്ണാവുന്ന ഇനങ്ങളിൽ മാത്രം മത്സരം നടന്ന, ആദ്യ ഒളിംപിക്സ് സമ്പൂർണ്ണമായും ഒരു പുരുഷ വേദിയായിരുന്നു. മത്സര വേദികളിൽ അന്ന് സ്ത്രീകൾക്ക് പ്രവേശനമേ ഉണ്ടായിരുന്നില്ല . സ്വർണ്ണ നേട്ടത്തിൽ അമേരിക്കയും ഗ്രീസുമായിരുന്നു അന്ന് മുന്നിൽ. അത് കഴിഞ്ഞ് നാല് വർഷങ്ങൾക്ക് ശേഷമുള്ള ഒളിംപിക്സിലാണ് സ്ത്രീകൾ ആദ്യമായി മത്സരിച്ചു തുടങ്ങുന്നത്. അഞ്ചിനങ്ങളിൽ വളരെ ചുരുക്കം രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീ പ്രാതിനിധ്യം മാത്രമായിരുന്നു 1990 ലെ പാരീസിലെ ആ ഒളിംപിക്സിനുണ്ടായിരുന്നത്. 975 പുരുഷന്മാർ പങ്കെടുത്ത ആ ഒളിംപിക്സിൽ 22 സ്ത്രീകൾ മാത്രമാണ് പങ്കെടുത്തിരുന്നത്. ടെന്നീസിൽ മെഡൽ നേടി അന്ന് ഷാർലറ്റ് കൂപ്പർ ആദ്യ സ്ത്രീ മെഡൽ ജേതാവായി.
ഗോൾഫ് അല്ലെങ്കിൽ ടെന്നീസ് പോലെയുള്ള പൊതുവെ സ്ത്രീ സൗഹൃദമെന്ന് കണക്കാപ്പെടുന്ന കായിക ഇനങ്ങൾ മാത്രമാണ് സ്ത്രീകൾക്ക് അക്കാലത്ത് അനുവദിക്കപ്പെട്ടിരുന്നത്. പിന്നീടുള്ള വർഷങ്ങളിൽ ഇനങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായെങ്കിലും സ്ത്രീകളുടെ വേദിയിലേക്കുള്ള കടന്ന് വരവ് കുറഞ്ഞു. 'ശാരീരിക ദൗർബല്യം' എന്ന പേര് പറഞ്ഞ് 1928 ലെ ആസ്റ്റർഡാം ഒളിംപിക്സിന് ശേഷം നീണ്ട അത്ലറ്റിക്ക് മത്സരങ്ങളിൽ നിന്ന് സ്ത്രീകളെ വിലക്കുന്ന സാഹചര്യവുമുണ്ടായി. നീണ്ട പ്രതിഷേധത്തിലൂടെയും പോരാട്ടത്തിലൂടെയും ഇവ പിന്നീട് പുനഃസ്ഥാപിക്കപ്പെട്ടു. പിന്നീട് പല രാജ്യങ്ങളും മെഡൽ ടാലി സ്ഥാനത്തിനായി മത്സരം ശക്തമാക്കിയപ്പോൾ കൂടുതൽ സ്ത്രീകളെ ലോക വേദിയിലേക്ക് കൊണ്ട് വന്നു. കൂടുതൽ ഇനങ്ങളും ഇതിന്റെ ഭാഗമായി കടന്നുവന്നു.
അങ്ങനെ 1984 ലെ യുഎസിലെ ലോസ് ഏഞ്ചൽസ് ഒളിംപിക്സ് ആയപ്പോഴേക്കും 23 ശതമാനം പങ്കാളിത്തമായി വർധിച്ചു. തുടർന്നങ്ങോട്ട് ഓരോ എഡിഷനിലും സ്ത്രീകളുടെ എണ്ണവും ഇനങ്ങളും വീണ്ടും കൂടി. 2012 ലെ ലണ്ടൻ ഒളിംപിക്സിൽ അത് 44 ശതമാനമായി. 2024 പാരീസ് ഒളിംപിക്സ് മത്സരിക്കുന്ന പുരുഷൻമാരുടെയും സ്ത്രീകളുടെയും എണ്ണം തുല്യതയിലെത്തിച്ച് ചരിത്രം സൃഷ്ട്ടിച്ചു. വനിതകൾക്ക് 152 ഇനങ്ങളും പുരുഷന്മാർക്ക് 157 ഇനങ്ങളും മിക്സഡ് കാറ്റഗറിയായി 20 ഇനങ്ങളുള്ള പാരീസിൽ പങ്കെടുക്കുന്ന 10500 മത്സരാർത്ഥികളിൽ 5250 പേർ സ്ത്രീകളാണ്. അങ്ങനെ ആൺ ആധിപത്യത്തിന്റെ പ്രദർശനമായും അഹങ്കാരമായും തുടങ്ങിയ ഒളിംപിക്സ് ലിംഗ സമത്വത്തിന്റെയും തുല്യതയുടെയും ചരിത്രമെഴുതി.
മാർച്ചിലെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ പാരീസ് 2024 ഗെയിംസിന്റെ ഡയറക്ടർ മാരി സല്ലോയിസ് മറ്റൊരു പ്രഖ്യാപനവും നടത്തി. ഒളിംപിക്സിൽ മത്സരിക്കുന്ന എല്ലാ രാജ്യങ്ങളും ഉദ്ഘാടന ചടങ്ങിൽ പതാക വാഹകരായി മുൻ പതിപ്പിലേതിന് വ്യത്യസ്തമായി രണ്ട് പേരെ ഉൾപ്പെടുത്തണമെന്നും അതിലൊരാൾ സ്ത്രീയായിരിക്കണമെന്നുമായിരുന്നു അത്. ' ഒളിംപിക്സ് ചരിത്രത്തിൽ ആദ്യമായി മൈതാനത്ത് ലിംഗസമത്വം സംഭവിക്കാൻ പോകുന്നു, ലോകത്തിന്റെ സർവ്വ മേഖലകളിലുമുള്ള ലിംഗ സമത്വ പോരാട്ടത്തിന് ഇത് കരുത്താകട്ടെ എന്നായിരുന്നു' അന്ന് അന്താരഷ്ട്ര ഒളിംപിക്സ് കമ്മറ്റി അംഗ രാജ്യങ്ങൾക്ക് അന്ന് നൽകിയ സന്ദേശം.
ലിംഗ സമത്വം എന്ന സവിശേഷ നീക്കത്തിന് പുറമെ പല സുപ്രധാന തീരുമാനവുമാവുകയാണ് പാരീസ് ഒളിംപിക്സ്. 'ബ്രേക്ക് ഡാൻസ്' മത്സര ഇനമായി ഉൾപ്പെടുത്തിയത് അത്തരത്തിലൊന്നായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഹിപ്ഹോപ് സംസ്കാരത്തിന്റെ ഭാഗമായി കടന്നുവന്ന ബ്രേക്ക് ഡാൻസ് അതിവേഗം ലോകത്ത് പ്രചാരത്തിലായങ്കിലും കലയോടപ്പമാണോ കായികത്തോടപ്പമാണോ ഇതിനെ കൂട്ടികെട്ടേണ്ടത് എന്ന സംശയത്തിൽ മത്സരയിടങ്ങളിൽ നിന്നും ബോധപൂർവ്വം മാറ്റിനിർത്തപ്പെട്ടു. അസാമാന്യ മെയ്വഴക്കവും അസാധാരണ കഴിവും ആവശ്യമായ ഒന്നായിട്ടും അത് കൊണ്ട് തന്നെ ലോക വേദികളിൽ ബ്രേക്ക് ഡാൻസ് പെർഫോമേഴ്സ് വലിയ രീതിയിൽ അംഗീകരിക്കപ്പെടാതെ പോയി.
ആ ഒരു തെറ്റ് കൂടിയാണ് പാരീസ് ഒളിംപിക്സ് തിരുത്തുന്നത്. പഴയ ചില ധാരണകളെ ‘ബ്രേക്ക്’ ചെയ്യാൻ കൂടിയാണ് ഇക്കുറി ബ്രേക്ക് ഡാന്സിനെ മത്സരയിനമാക്കിയത് എന്ന് ഒളിംപിക്സ് അധികൃതർ പറയുന്നതും ഈ വായനയുടെ അടിസ്ഥാനത്തിലാണ്. കലയും കായികവും ഉൾച്ചേരുന്ന ഒരു നൃത്ത രൂപമാണ് ഇതെന്നും ബ്രേക്ക് ഡാൻസ് മാത്രമല്ല, കൃത്യമായ അത്ലറ്റിസവും സൂക്ഷ്മതയും ഫിറ്റ്നസും ആവശ്യമുള്ള കായികയിനം കൂടിയാണെന്നും പാരീസ് ഒളിംപിക്സ് പ്രഖ്യാപിക്കുന്നു. അത് കൊണ്ട് തന്നെ പല അർത്ഥങ്ങളാലും കാരണങ്ങളാലും പാരീസ് ഒളിംപിക്സ് കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നു.