മ്യൂണിക്ക്: യൂറോ കപ്പ് ഫുട്ബോളില് ലൈനപ്പായി. ഗ്രൂപ്പ് ഘട്ട മത്സരങ്ങള് എല്ലാം അവസാനിച്ചതോടെയാണ് പ്രീക്വാര്ട്ടര് ലൈനപ്പിന്റെ അന്തിമ ചിത്രം തെളിഞ്ഞത്. ജൂണ് 29 മുതല് ആരംഭിക്കുന്ന നോക്കൗട്ടിന്റെ സമ്മര്ദ്ദം ജൂലൈ മൂന്ന് വരെ നീളും.
ഇരുപത്തിനാല് ടീമുകള് പതിനാറിലേക്ക് ചുരുങ്ങി. ആറ് ഗ്രൂപ്പ് ചാമ്പ്യന്മാരും ആറ് ഗ്രൂപ്പ് റണ്ണേഴ്സ് അപ്പും നാല് മികച്ച മൂന്നാം സ്ഥാനക്കാരുമാണ് പ്രീക്വാര്ട്ടറിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില് വമ്പന്മാരായ ക്രൊയേഷ്യ പുറത്തായതും റൊമേനിയ, ഓസ്ട്രിയ ടീമുകള് ഗ്രൂപ്പ് ചാമ്പ്യന്മാരായി എത്തുന്നതുമാണ് ഈ യൂറോയുടെ അപ്രതീക്ഷിത ട്വിസ്റ്റ്.
ശനിയാഴ്ച ഇന്ത്യന് സമയം രാത്രി 9.30ന് പ്രീക്വാര്ട്ടറില് പന്ത് ഉരുണ്ട് തുടങ്ങും. ആദ്യ മത്സരത്തില് നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി സ്വിറ്റ്സര്ലന്ഡിനെ നേരിടും. അന്ന് രാത്രി ആതിഥേയരായ ജര്മ്മനിയും ക്രിസ്റ്റ്യന് എറിക്സന്റെ ഡെന്മാര്ക്കും നേര്ക്കുനേര് വരും. ഞായാറാഴ്ചയാണ് ഇംഗ്ലണ്ടും സ്പെയിനും കളത്തിലിറങ്ങുന്നത്. രാത്രി 9.30ന് ഇംഗ്ലണ്ട് സ്ലൊവാക്യയെ നേരിടും. 12.30 നാണ് സ്പെയിന്റെ പോരാട്ടം. എതിരാളികളായി എത്തുന്നത് നവാഗതരായി എത്തി അത്ഭുത പ്രകടനം നടത്തുന്ന ജോര്ജിയ. സാക്ഷാല് ക്രിസ്റ്റിയാനോ റൊണാള്ഡോയുടെ പോര്ച്ചുഗലിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് കീഴടക്കിയെത്തുന്ന ജോര്ജിയയെ നിസാരമായി കാണാന് സ്പെയിനിന് ഒരിക്കലും കഴിയില്ല.
ജൂലൈ ഒന്നിനാണ് ആരാധകര് കാത്തിരിക്കുന്ന, പ്രീക്വാര്ട്ടറിലെ ഗ്ലാമര് പോരാട്ടം. ലോക റാങ്കിങ്ങിലെ രണ്ടും മൂന്നും സ്ഥാനക്കാര് മുഖാമുഖം. എംബാപ്പെയുടെ ഫ്രാന്സും കെവിന് ഡിബ്രൂയിനിന്റെ ബെല്ജിയവും. അന്ന് 12.30ന് പോര്ച്ചുഗല് സ്ലൊവേനിയയെ നേരിടാനിറങ്ങും. യൂറോയിലെ അരങ്ങേറ്റക്കാരായ ജോര്ജിയയോട് തോറ്റതിന്റെ നിരാശ മായ്ക്കുക എന്നതായിരിക്കും റൊണാള്ഡോയുടെയും സംഘത്തിന്റെയും ലക്ഷ്യം. എതിരാളികളായി എത്തുന്നത് സ്ലൊവേന്യയാണ്.
ജൂലൈ രണ്ടിന് നെതര്ലന്ഡ്സിന്റെ കളിയുണ്ട്. ഗ്രൂപ്പ് ഇയിലെ ഒന്നാം സ്ഥാനക്കാരായ റൊമാനിയയാണ് ഡച്ചുപടയുടെ എതിരാളി. 12.30ന് നടക്കുന്ന ഓസ്ട്രിയ-തുര്ക്കി പോരാട്ടത്തോടെ പ്രീക്വാര്ട്ടറിന് തിരശീല വീഴും. ഇനി സമനിലകളില്ല. എക്സ്ട്രാ ടൈമുണ്ടാകും. ഒടുവില് ഷൂട്ടൗട്ടും. ജയിക്കാന് മാത്രം കളത്തിലിറങ്ങാം. സമ്മര്ദങ്ങളിലെ ഫുട്ബോള് സൗന്ദര്യം ആസ്വദിക്കാം.
പ്രീ ക്വാർട്ടർ മത്സരക്രമം
ജൂൺ 29- 9.30 PM- സ്വിറ്റ്സർലൻഡ് vs ഇറ്റലി
ജൂൺ 30- 12.30 AM- ജർമ്മനി vs ഡെന്മാർക്ക്
ജൂൺ 30- 9.30 PM- ഇംഗ്ലണ്ട് vs സ്ലൊവാക്യ
ജൂലൈ 01-12.30 AM- സ്പെയിൻ vs ജോർജിയ
ജൂലൈ 01- 9.30 PM- ഫ്രാൻസ് vs ബെൽജിയം
ജൂലൈ 02- 12.30 AM- പോർച്ചുഗൽ vs സ്ലൊവേനിയ
ജൂലൈ 02- 9.30 PM- റൊമേനിയ vs നെതർലൻഡ്സ്
ജൂലൈ 03- 12.30 AM- ഓസ്ട്രിയ vs തുർക്കി