ഫുട്ബോളിലൂടെ പോരാടാൻ പഠിച്ച ജനത; ആദ്യ ലോകകപ്പിന് ആതിഥേയരായ രാജ്യം

ഹോസെ ലിയാണോര്ഡോ അന്ദ്രാദെ ഫുട്ബോൾ ലോകത്തെ മറ്റൊരു പെലെയെന്ന് അറിയപ്പെട്ടു.

dot image

ഖത്തറില് ലോകപോരാട്ടം ആദ്യ ഘട്ടം പിന്നിടുന്ന സമയം. പോര്ച്ചുഗലും ദക്ഷിണകൊറിയയും ഘാനയും ഉള്പ്പെട്ട ഗ്രൂപ്പിലായിരുന്നു ഉറുഗ്വേ. ഘാന പുറത്തായപ്പോള് ദക്ഷിണകൊറിയയും ഉറുഗ്വേയും പോയിന്റ് നിലയില് ഒരുപോലെയായി. ഒടുവില് ഗോള്ശരാശരി കണക്കാക്കി ദക്ഷിണകൊറിയ ക്വാര്ട്ടറില് കടന്നു. ഘാനയുമായുള്ള അവസാന പോരാട്ടത്തിന് ശേഷം ജഴ്സികൊണ്ട് മുഖം മറച്ച് ഒരാള് കരയുന്നുണ്ടായിരുന്നു. ഉറുഗ്വേയില് നിന്നും ലോകഫുട്ബോളിന്റെ നെറുകയിലെത്തിയ ലൂയിസ് സുവാരസ്.

ബ്രസീലിനും അർജന്റീനയ്ക്കും ഒപ്പം നിൽക്കുന്ന ലാറ്റിൻ അമേരിക്കൻ ശക്തികൾ. ഉറുഗ്വേ ഫുട്ബോളിനെ അങ്ങനെ വിശേഷിപ്പിക്കാം. 1920കളോടെയാണ് ഉറുഗ്വേയില് ഫുട്ബോള് ഉടലെടുത്തത്. 1924ല് ആദ്യമായി ഒളിംപിക്സില് ഫുട്ബോളും ഉള്പ്പെട്ടു. യൂറോപ്പിലെ വമ്പന്മാര്ക്ക് മുന്നറിയിപ്പ് നല്കി ലാറ്റിനമേരിക്കയില് നിന്നെത്തിയ ഒരു രാജ്യം സുവര്ണ നേട്ടം സ്വന്തമാക്കി. ജോസ് നസാസി, പെഡ്രോ സിയ, പെഡ്രോ പെട്രോണ് തുടങ്ങിയ താരങ്ങൾ ഉള്പ്പെട്ട കരുത്തായ ടീം. ലോകഫുട്ബോളിനെ ഉറുഗ്വേ അത്ഭുതപ്പെടുത്തിയ കാലം.

ഉറുഗ്വേക്കാരൻ ഹോസെ ലിയാണോര്ഡോ അന്ദ്രാദെ ഫുട്ബോൾ ലോകത്തെ മറ്റൊരു പെലെയെന്ന് അറിയപ്പെട്ടു. ആറടിയിലധികം ഉയരമുണ്ടായിരുന്ന കറുത്തവര്ഗക്കാരനായ ഫുട്ബാള് വിസ്മയം. 1930ല് സ്വന്തം മണ്ണില് നടന്ന ആദ്യ ലോകകപ്പ് ഉറുഗ്വേ ആർക്കും വിട്ടുകൊടുത്തില്ല. പക്ഷേ ലോകകപ്പിനേക്കാൾ പോരാട്ടം രാജ്യങ്ങൾ തമ്മിലുള്ള ആഭ്യന്തര കലഹമായിരുന്നു. തെക്കേ അമേരിക്കൻ രാജ്യത്ത് ലോകകപ്പ് കളിക്കാന് ചില യൂറോപ്പ്യന് രാജ്യങ്ങള് തയ്യാറായില്ല. പിന്നാലെ നടന്ന രണ്ട് ലോകകപ്പുകളില് യൂറോപ്പിലേക്ക് ടീമിനെ അയക്കാതെ ഉറുഗ്വേ പകരം വീട്ടി. ലോകമഹായുദ്ധത്തിന് ശേഷം 1950ലെ ലോകകപ്പിന് ബ്രസീൽ വേദിയായി. മാറക്കാനയിൽ ബ്രസീലിന്റെ മഞ്ഞപ്പടയെ തോല്പ്പിച്ച് ഉറുഗ്വേ സംഘം രണ്ടാം ലോകകിരീടം സ്വന്തമാക്കി. പക്ഷേ പിന്നീടുണ്ടായത് തിരിച്ചടികളുടെ കാലം.

1960കളോടെ രാജ്യത്തുണ്ടായ സാമ്പത്തിക മാന്ദ്യം ഫുട്ബോളിനെയും പ്രതിസന്ധിയിലാക്കി. ഫുട്ബോളില് മാത്രമായി തുടരാന് താരങ്ങള്ക്ക് കഴിഞ്ഞില്ല. എന്നാല് രാജ്യത്തെ കാൽപ്പന്ത് ആരാധകരുടെ പിന്തുണ ഉറുഗ്വേ ടീമിനുണ്ടായിരുന്നു. വര്ഷങ്ങള് നീണ്ട പോരാട്ടങ്ങള്. ഒടുവില് 2010ല് ദക്ഷിണാഫ്രിക്കയില് നടന്ന ലോകപോരാട്ടത്തില് ഉറുഗ്വേ സെമിയിലെത്തി. അവിടെ വീണുപോയെങ്കിലും ഡിയാഗോ ഫോര്ലാന്, ലൂയിസ് സുവാരസ്, എഡിസന് കവാനി, ഡീഗോ ഗോഡിന് തുടങ്ങിയവര് ലോകഫുട്ബോളിനെ വിസ്മയിപ്പിച്ചു.

കോഹ്ലിയെ ടീമിൽ നിന്നൊഴിവാക്കുമോ?; മറുപടിയുമായി രോഹിത് ശർമ്മ

2011ല് ഉറുഗ്വേ കോപ്പ അമേരിക്കയുടെ ചാമ്പ്യന്മാരായി. അന്ന് ബ്യൂണസ് ഐറിസില് കാലങ്ങള് നീണ്ട കാത്തിരിപ്പിന് വിരാമമിട്ടതാണ്. എന്നാല് വീണ്ടും അവര് ലോകഫുട്ബോളിന്റെ നെറുകയിലെത്താന് കാത്തിരിക്കുകയാണ്. കോപ്പ അമേരിക്കയില് രണ്ട് മത്സരങ്ങള് പൂര്ത്തിയാകുന്നു. ഡാർവിൻ ന്യൂനസ്, മാക്സിമിലിയാനോ അറൗജോ, മത്യാസ് വിന, റൊണാൾഡ് അറൗജോ തുടങ്ങിയവരുടെ നിര. ഒപ്പം ലൂയിസ് സുവാരസും. കഴിഞ്ഞ 50 മത്സരങ്ങൾക്കിടിയിൽ അർജന്റീനയെ തോൽപ്പിച്ച രണ്ട് ടീമുകൾ മാത്രമാണുള്ളത്. അതിലൊരു ടീം സൗദി അറേബ്യ. രണ്ടാമത്തേത് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഉറുഗ്വേയുടെ യുവനിര. ബ്രസീലും മെക്സിക്കോയും അവർക്ക് മുന്നിൽ കീഴടങ്ങി. എതിരാളികൾക്ക് ഒരു മുന്നറിയിപ്പ്, തെക്കേ അമേരിക്കൻ പോരാട്ടത്തിൽ ഉറുഗ്വേ കരുത്തരാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us