ന്യൂഡൽഹി: ചരിത്രത്തിൽ നാല് തവണയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം വിശ്വകിരീടം നേടിയിട്ടുള്ളത്. 1983ൽ കപിലിന്റെ നേതൃത്വത്തിൽ ലോഡ്സിലും 2011ൽ ധോണിക്ക് കീഴിൽ വാങ്കഡെയിലും നേടിയ ഏകദിന ലോകകപ്പ് കിരീടവും, 2007 ൽ ധോണിക്ക് കീഴിൽ തന്നെ ജോഹന്നാസ്ബർഗിൽ നേടിയ പ്രഥമ ടി 20 കിരീടവും ഇപ്പോൾ രോഹിതിന് കീഴിൽ ബാര്ബഡോസിൽ നേടിയ 2024 ടി 20 വേൾഡ് കപ്പും. ഇന്ത്യൻ ലോകകപ്പ് ടീമുകളുടെ ചരിത്രത്തിൽ അത്രയധികം മലയാളികൾക്ക് ഇടം ലഭിച്ചിട്ടില്ല. എന്നാൽ ഇന്ത്യ ലോകകിരീടം നേടിയ നാല് തവണയും ടീമിൽ മലയാളികളുണ്ടായിരുന്നു.
1983 ൽ ഇംഗ്ലണ്ടിലെ ലോഡ്സിൽ നടന്ന ലോകകപ്പ് ഫൈനലിൽ കരീബിയൻ കരുത്തിനെ തോൽപ്പിച്ച് കപിലിന്റെ ചെകുത്താന്മാർ കിരീടം നേടിയപ്പോൾ ഇന്ത്യയുടെ പതിനാലംഗ ടീമിൽ അംഗമായിരുന്നു കണ്ണൂർ ചന്ത്രോത്ത് സുനിൽ വത്സൻ എന്ന മലയാളി. ആ ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ പക്ഷെ മീഡിയം പേസറായ സുനിൽ വത്സന് കഴിഞ്ഞില്ല. പിന്നീടൊരിക്കലും ഇന്ത്യൻ ടീമിലേക്ക് വിളി ലഭിക്കാതിരുന്ന സുനിൽ ഒരു അന്താരാഷ്ട്ര മത്സരവും ഇന്ത്യക്കായി കളിച്ചിട്ടില്ല.
2007 ൽ കുട്ടി ക്രിക്കറ്റിലെ ലോകകപ്പ് കിരീടം ഇന്ത്യ നേടിയപ്പോൾ മലയാളി സാന്നിധ്യമായി ശ്രീശാന്തുണ്ടായിരുന്നു. ടി 20 ലോകകപ്പ് ചരിത്രത്തിലെ പ്രഥമ കിരീടം ഇന്ത്യ ആ വർഷം നേടുമ്പോൾ നിർണ്ണായക സംഭാവന മലയാളി താരത്തിൽ നിന്നുണ്ടായിരുന്നു. സെമിഫൈനലിൽ അന്നത്തെ ഓസ്ട്രേലിയയെ മറികടന്നതിൽ നിർണ്ണായകമായത് ശ്രീശാന്തിൻ്റെ തീതുപ്പിയ ബൗളിങ്ങ് സ്പെല്ലുകളായിരുന്നു. നാല് ഓവറിൽ ഒരു മെയ്ഡൻ അടക്കം 12 റൺസ് മാത്രമാണ് ശ്രീ അന്ന് വിട്ട് നൽകിയത്. അന്ന് ഓസീസ് നിരയിലെ വെടിക്കെട്ട് ബാറ്റ്സ്മാന്മാരായിരുന്ന മാത്യു ഹെയ്ഡനെയും ആദം ഗിൽ ക്രിസ്റ്റിനെയും പുറത്താക്കിയതും ശ്രീയായിരുന്നു.
ഫൈനലിൽ പാകിസ്താനെതിരെ ജോഹന്നാസ് ബർഗിൽ പാകിസ്താൻ്റെ വിജയറൺസിനായി ശ്രമിച്ച മിസ്ബാഹുൽ ഹഖിന്റെ ക്യാച്ച് എടുത്തതും ശ്രീയായിരുന്നു. 2011ൽ ഇന്ത്യ കിരീടം ചൂടിയ ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരെയുള്ള ഗ്രൂപ്പ് മത്സരത്തിലും ശ്രീലങ്കയ്ക്കെതിരെയുള്ള ഫൈനലിലും ശ്രീശാന്ത് കളിക്കുകയും ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്തു. ഒടുവിൽ 13 വർഷത്തെ കിരീട വരൾച്ചയ്ക്ക് ശേഷം ഇന്ത്യ വീണ്ടും ഒരു കിരീടം നേടുമ്പോൾ മലയാളി താരം സഞ്ജു സാംസൺ ടീമിലിടം പിടിച്ചു. ഒരു മത്സരം പോലും കളിക്കാൻ പറ്റിയിട്ടില്ലെങ്കിലും സഞ്ജുവിലൂടെ മലയാളികളും രാജ്യത്തിൻ്റെ അഭിമാന നേട്ടത്തിൽ പങ്കാളിയായി.
'പ്രോട്ടീസുകളെ...ക്ഷമിക്കണം'; ഈ കിരീടം രോഹിതും സംഘവും നിങ്ങളെക്കാൾ അർഹിച്ചിരുന്നു