ഇനിയൊരു യൂറോ കപ്പിന് താൻ ഉണ്ടാകില്ല. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. യൂറോ കപ്പ് പകുതി ദിനങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഇതിഹാസ താരത്തിന്റെ പ്രഖ്യാപനം. ഇനിയും തുടരുന്നതിൽ അർത്ഥമില്ല. ഒരു നിമിഷമെങ്കിലും ആ ഇതിഹാസം അങ്ങനെ ചിന്തിച്ചിട്ടുണ്ടാവും. രണ്ട് പതിറ്റാണ്ട് നീണ്ട ഫുട്ബോൾ ജീവിതം. ലോകഫുട്ബോൾ ചരിത്രത്തിൽ തന്നെ അപൂർവ്വമായ കരിയർ. അത്രമേൽ കഠിനാദ്ധ്വാനിയായ വ്യക്തി. പക്ഷേ കരിയറിന്റെ അവസാന നാളുകളിൽ സ്വന്തം സഹോദരങ്ങളാൽ അയാൾ വേദനിക്കുകയാണ്.
യൂറോ കപ്പ് ക്വാർട്ടറിൽ പോർച്ചുഗലിന് ഫ്രഞ്ച് സംഘമാണ് എതിരാളികൾ. 2018ലെ ലോകചാമ്പ്യന്മാരും 2022ലെ ഫൈനലിസ്റ്റുകളും ഉൾപ്പെടുന്ന സംഘം. പോർച്ചുഗീസ് നിരയിലെ ഐക്യമില്ലായ്മ കളിക്കളത്തിൽ പ്രകടമാണ്. ഫ്രാൻസിനെ നേരിടാൻ ഈ മനസ്ഥിതിയിൽ ഇറങ്ങിയാൽ തോൽവി ഉറപ്പ്. എങ്കിൽ യൂറോ കപ്പിൽ ക്രിസ്റ്റ്യാനോയുടെ അവസാന ജയം സംഭവിച്ചുകഴിഞ്ഞു. ഇതിഹാസ താരത്തിന് വീണ്ടുമൊരു മത്സരം നൽകിയതിന് ഒരാൾ നന്ദിയർഹിക്കുന്നു. പോർച്ചുഗീസ് കീപ്പർ ഡിയാഗോ കോസ്റ്റ.
104-ാം മിനിറ്റിൽ മത്സരത്തിന്റെ വിധി നിർണയിക്കാവുന്ന പെനാൽറ്റി അവസരം. പോർച്ചുഗലിനായി കിക്കെടുക്കാൻ ക്രിസ്റ്റ്യാനോയെത്തി. സൂപ്പർതാരത്തിന് പിഴച്ചു. യാൻ ഒബ്ലാക്ക് പെനാൽറ്റി തടഞ്ഞിട്ടു. പിന്നെ മത്സരം ഗോൾരഹിത സമനിലയിലേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും.
യൂറോ ചരിത്രത്തിലാദ്യമായി മൂന്ന് സേവുകളുമായി പോർച്ചുഗീസ് കീപ്പർ ഡിയാഗോ കോസ്റ്റ് ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചു. ക്രിസ്റ്റ്യാനോയുടെ കഠിനാദ്ധ്വനത്തെപ്പറ്റി തനിക്കറിയാം. അയാൾ എത്രമാത്രം നിരാശനെന്നും തനിക്കറിയാം. ടീമിനായി അയാൾ എത്രയോ സമയം ചിലവഴിക്കുന്നു. ഞങ്ങൾ ഒരു കുടുംബമാണെന്ന് ഡിയാഗോ കോസ്റ്റ പറഞ്ഞവസാനിപ്പിച്ചു.
42 പെനാൽറ്റികൾ നേരിട്ടതിൽ 13 എണ്ണവും തടഞ്ഞിട്ട താരം. ഗോൾവലയ്ക്ക് മുമ്പിൽ ക്ഷമയും തീവ്രതയും കൃത്യതയും കാണിക്കുന്ന താരം. എതിരാളിയെ നിരീക്ഷിച്ച് പെനാൽറ്റി കിക്കുകൾ തടയുന്നതാണ് രീതി. ഡിയാഗോ കോസ്റ്റയെന്ന 24കാരൻ ഫുട്ബോൾ ആരാധകർക്ക് പ്രതീക്ഷകൾ നൽകുന്നു. പ്രിയ ഡീഗോ ഈ നിമിഷം താങ്കൾക്ക് നന്ദി. ലോകം ആരാധിക്കുന്ന ഒരു ഇതിഹാസത്തിന് താങ്കൾ രക്ഷകനായിരിക്കുന്നു. താങ്കൾ പറഞ്ഞതാണ് ശരി. ഇതുതന്നെയാണ് താങ്കളുടെ കരിയറിലെ ഏറ്റവും മികച്ച മത്സരം.