സ്വിസ് പടയെ വെള്ളം കുടിപ്പിച്ച 'ഇംഗ്ലീഷ് വാട്ടര് ബോട്ടില്'; പിക്ഫോര്ഡിന്റെ 'പെനാല്റ്റി തന്ത്രം'

ഇംഗ്ലണ്ടിന്റെ പെനാല്റ്റി ഷൂട്ടൗട്ട് വിജയത്തില് ഗോള്കീപ്പര് പിക്ഫോര്ഡിന്റെ വാട്ടര് ബോട്ടില് വഹിച്ച പങ്കാണ് ഇപ്പോള് സോഷ്യല് മീഡിയയില് ചര്ച്ചയാവുന്നത്

dot image

വെറുമൊരു വാട്ടര് ബോട്ടില് വഴി ടീമിനെ സെമി ഫൈനലിലെത്തിക്കുക എന്നത് സാധ്യമാണോ? അതും യൂറോ കപ്പ് ടൂര്ണമെന്റില്. കേള്ക്കുമ്പോള് തന്നെ കൗതുകം തോന്നുന്ന ഇക്കാര്യം സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ഗോള്കീപ്പര് ജോര്ദാന് പിക്ഫോര്ഡ്.

യൂറോ കപ്പ് ക്വാര്ട്ടറില് സ്വിറ്റ്സര്ലന്ഡിനെ പെനാല്റ്റി ഷൂട്ടൗട്ടില് കീഴടക്കിയാണ് ഇംഗ്ലണ്ട് സെമി ബെര്ത്ത് ഉറപ്പിച്ചത്. നിശ്ചിത സമയവും അധികസമയവും പൂര്ത്തിയായപ്പോള് ഇരുടീമുകളും ഓരോ ഗോള് നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പെനാല്റ്റി ഷൂട്ടൗട്ടില് ഗോള്കീപ്പര് ജോര്ദാന് പിക്ഫോര്ഡ് രക്ഷകനായതോടെ 5-3 എന്ന സ്കോറിന് ഇംഗ്ലണ്ട് വിജയമുറപ്പിച്ച് സെമിയിലേക്ക് ടിക്കറ്റെടുത്തു. ഇംഗ്ലണ്ടിന്റെ പെനാല്റ്റി ഷൂട്ടൗട്ട് വിജയത്തില് ഗോള്കീപ്പര് പിക്ഫോര്ഡിന്റെ വാട്ടര് ബോട്ടില് വഹിച്ച പങ്കാണ് ഇപ്പോള് സോഷ്യല് മീഡിയയില് ചര്ച്ചയാവുന്നത്.

സ്വിറ്റ്സര്ലന്ഡിനെതിരായ മത്സരത്തിനെത്തിയ പിക്ഫോര്ഡിന്റെ കൈയില് ഒരു പ്രത്യേക വാട്ടര് ബോട്ടില് ഉണ്ടായിരുന്നു. സ്വിസ് ടീമിലെ ഓരോ താരത്തിന്റെയും കിക്ക് തടുത്തിടാന് ഏത് ദിശയിലേക്ക് ചാടണമെന്ന കൃത്യമായി കുറിച്ചുവെച്ച വാട്ടര്ബോട്ടിലായിരുന്നു അത്. പെനാല്റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടാല് എതിര് താരങ്ങള് പെനാല്റ്റി ഏത് രീതിയില് എടുക്കുമെന്ന് കൃത്യമായി പഠിച്ചാണ് പിക്ഫോര്ഡ് കളത്തിലിറങ്ങിയതെന്ന് സാരം. നിര്ണായക മത്സരം വിജയിക്കാന് എത്രത്തോളം കൃത്യമായി ഹോംവര്ക്ക് ചെയ്യാൻ സാധിക്കുമെന്നതിൻ്റെ നേര്ക്കാഴ്ചയായിരുന്നു ഇത്.

പെനാല്റ്റി ഷൂട്ടൗട്ടില് സ്വിറ്റ്സര്ലന്ഡിന് വേണ്ടി ആദ്യം കിക്കെടുക്കാനെത്തിയത് മാനുവല് അകാഞ്ചി. വാട്ടര് ബോട്ടിലിലെ നിര്ദേശ പ്രകാരം അകാഞ്ചി കിക്കെടുക്കാനെത്തിയാല് വലത്തോട്ട് ചാടണം. നിര്ദേശം അനുസരിച്ച് വലത്തോട്ട് ഡൈവ് ചെയ്ത പിക്ഫോര്ഡ് പെനാല്റ്റി സേവ് ചെയ്തു. ഇത് ഇംഗ്ലണ്ടിന് മാനസിക മുന്തൂക്കം നല്കി.

ഫാബിയാന് ഷാര് ആണ് സ്വിസ് പടയില് രണ്ടാം കിക്കെടുക്കാനെത്തിയത്. ഷാറിനെ തടുക്കാന് വലത്തേക്ക് ചാടാനൊരുങ്ങുന്നതുപോലെ ഫെയ്ക്ക് ചെയ്ത് ഇടത്തോട്ട് ചാടണമെന്നായിരുന്നു ബോട്ടിലിന്റെ നിര്ദേശം. എന്നാല് പിക്ഫോര്ഡ് ഇടത്തേക്ക് ഫെയ്ക്ക് ചെയ്ത് വലത്തോട്ട് ചാടി. എന്നാല് ബോട്ടിലില് എഴുതിയപോലെ ഷാര് ഇടത്തേക്ക് അടിച്ചുകയറ്റി. സ്വിറ്റ്സര്ലന്ഡിന്റെ ഗോളായി മാറി.

സ്വിറ്റ്സര്ലന്ഡിന്റെ മൂന്നാം ചാന്സില് കിക്കെടുക്കാനെത്തിയ ഷെര്ദാന് ഷക്കീരിയും പന്ത് വലയിലെത്തിച്ചു. ബോട്ടില് പ്രകാരം ഇടത്തോട്ട് ചാടിയെങ്കിലും പിക്ഫോര്ഡിന്റെ കൈയിലുരസി ഷക്കീരിയുടെ കിക്ക് വല കുലുക്കി. നാലാം കിക്കെടുക്കാനെത്തിയ സെകി അംദൂനിയുടെ കിക്ക് തടുക്കാന് അല്പ്പസമയം പൊസിഷന് ഹോള്ഡ് ചെയ്ത ശേഷം ഇടത്തോട്ട് ചാടാനായിരുന്നു ബോട്ടിലില് കുറിച്ചത്. എന്നാല് പിക്ഫോര്ഡ് കാത്തുനില്ക്കാതെ ഇടത്തോട്ട് ചാടിയതോടെ അംദൂനിയുടെ കിക്ക് പോസ്റ്റിന് നടുവിലൂടെ വലതുളച്ചു. മറുവശത്ത് എടുത്ത അഞ്ച് കിക്കുകളും വലയിലെത്തിച്ചതോടെ ഇംഗ്ലണ്ട് വിജയമുറപ്പിച്ചു.

ബ്രസീലും പോർച്ചുഗലും പോലുള്ള ഫുട്ബോള് അതികായന്മാരുടെ ടീമുകള് പോലും പെനാല്റ്റി ഷൂട്ടൗട്ടില് അടിപതറി വീണിടത്ത് പിക്ഫോർഡിന്റെ തയ്യാറെടുപ്പ് ഒരു പാഠമാണ്. ഭാഗ്യനിർഭാഗ്യങ്ങളുടെ പരീക്ഷണമായ പെനാല്റ്റി ഷൂട്ടൗട്ട് എന്ന കടമ്പയെ പോലും കൃത്യമായ മുന്നൊരുക്കങ്ങളിലൂടെയും ദൃഢനിശ്ചയത്തോടെയും ആത്മവിശ്വാസത്തോടെയുമുള്ള നീക്കങ്ങളിലൂടെയും മറികടക്കാനാവുമെന്നതിന്റെ ഉദാഹരണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us