പത്ത് വർഷങ്ങൾക്ക് മുൻപാണ്. 2014 ലോകകപ്പിൽ യുറുഗ്വായ്- കൊളംബിയ പ്രീക്വാർട്ടർ പോരാട്ടം. 28-ാം മിനിറ്റിൽ ക്രോസ്ബാറിന് 25 വാരയകലെ നിന്ന് ലഭിച്ച പന്ത്, സ്വന്തം നെഞ്ചിൽ സ്വീകരിച്ച്, മുഴുവൻ യുറുഗ്വായ്യൻ ഡിഫൻഡർമാർക്കുമിടയിലൂടെ കൊളംബിയയുടെ പത്താംനമ്പറുകാരൻ തൊടുത്ത ഷോട്ട് വളഞ്ഞുപുളഞ്ഞ് വലയിലെത്തി. ആ ഗോളിനെ അത്ഭുതമെന്ന് ലോകം വാഴ്ത്തി. ഗോളടിച്ച ഹാമിസ് റോഡ്രിഗസ് എന്ന 22കാരനെയും ഫുട്ബോൾ ലോകം ആഘോഷിച്ചു. റോഡ്രിഗസിന്റെ മികവിൽ കൊളംബിയ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ക്വാർട്ടറിലെത്തുക പോലും ചെയ്തു.
ആ ലോകകപ്പിൽ ആറ് ഗോളും രണ്ട് അസിസ്റ്റും റോഡ്രിഗസ് സ്വന്തം പേരിൽ ചേർത്തു. ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് നേടി. മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടാൻ പോലും യോഗ്യൻ റോഡ്രിഗസാണെന്ന് പലരും പറഞ്ഞു. 2014 ലോകകപ്പിലെ മികച്ച താരത്തിനുള്ള അവാർഡ് നേടാൻ ഏറ്റവും അർഹൻ റോഡ്രിഗസാണെന്ന് പറഞ്ഞത് സാക്ഷാൽ മറഡോണയായിരുന്നു. അന്നത്തെ പ്രകടന മികവിൽ യൂറോപ്യൻ വമ്പൻമാരായ റയൽ മാഡ്രിഡ് താരത്തെ കൂടാരത്തിൽ എത്തിച്ചു. ഹാമിസിന് അത് സ്വപ്ന സാക്ഷാത്കാരമായിരുന്നു. സാന്റിയാഗോ ബെർണബ്യൂവിലെത്തുക എന്നതാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് ഹാമിസ് പലതവണ പറഞ്ഞു. എന്നാൽ റയലിൽ അദ്ദേഹത്തെ കാത്തിരുന്നത് മറ്റൊരു വിധിയായിരുന്നു.
വലിയ സ്വപ്നത്തിലേക്ക് നടന്നുകയറിയവന്റെ കാലുകൾ പക്ഷേ പാതി വഴിയിൽ ഇടറി. പരിക്ക്, ഫോമില്ലായ്മ, പതിയെ ആദ്യ ഇലവനിൽ അവസരം കുറഞ്ഞു. പിന്നാലെ റയൽ താരത്തെ ലോണിൽ വിട്ടു. ആരവത്തോടെ വന്നവൻ ആറ് വർഷത്തിന് ശേഷം ഫ്രീ ട്രാൻസ്ഫറിൽ ഇംഗ്ലീഷ് ക്ലബ്ബ് എവർട്ടണിലേക്ക്. അവിടെ നിന്ന് അൽ റയ്യാൻ, ഒളിമ്പിയാക്കോസ്, ഒടുവിൽ ബ്രസീലിയൻ ക്ലബ്ബ് സാവൊ പോളൊയിൽ എത്തി നിൽക്കുന്നു. കരിയറിൽ കണ്ടത് വല്ലാത്തൊരു വീഴ്ച. ഫുട്ബോൾ ലോകം അവനെ എഴുതിത്തള്ളി. ഈ കോപ്പയിലേക്ക് റോഡ്രിഗസ് വന്നത് ശൂന്യതയിൽ നിന്നാണ്. പക്ഷേ കാലം പ്രതിഭയുടെ മാറ്റ് കുറച്ചിരുന്നില്ല. കൊളംബിയൻ ടീമിന്റെ എഞ്ചിനായി റോഡ്രിഗസ്. ഇതുവരെ ഒരു ഗോളും ആറ് അസിസ്റ്റും.
യുറുഗ്വായ്ക്കെതിരായ സെമി ഫൈനൽ പോരിൽ ചരിത്രം വഴിമാറി. എല്ലാവരും എഴുതിത്തള്ളിയവനു മുന്നിലായിരുന്നു ചരിത്രം വീണ്ടും പിന്നോട്ടോടിയത്. കൊളംബിയയുടെ ഏകഗോളിന് വഴിയൊരുക്കിയതോടെ റോഡ്രിഗസിന്റെ അസിസ്റ്റുകളുടെ എണ്ണം ആറായി. ഒരു കോപ്പ അമേരിക്ക സീസണിൽ കൂടുതൽ അസിസ്റ്റ് നേടുന്ന താരമായി റോഡ്രിഗസ് മാറി. അപൂർവ റെക്കോർഡിൽ മറികടന്നത് സാക്ഷാൽ ലയണൽ മെസ്സിയെ,
നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്കെതിരെ കോപ്പയുടെ കലാശപ്പോരിനൊരുങ്ങുകയാണ് കൊളംബിയ. ഗോളടിച്ചും അടിപ്പിച്ചും കൊളംബിയൻ ടീമിന്റെ എഞ്ചിനായി റോഡ്രിഗസ് ഉണ്ട്. ഓർമകൾ 10 വർഷം പിന്നിലേക്ക് നടക്കുന്നു.. ചുറുചുറുക്കുള്ള ആ ചെറുപ്പക്കാരന് മുന്നിലേക്ക്.. ഇത് ഉയിർത്തെഴുന്നേൽപ്പാണ്.. എഴുതിത്തള്ളിയവർക്കുള്ള മറുപടിയാണ്..