ഇന്ന് കോപ്പയിലെ മത്സരങ്ങൾക്ക് തിരശീല വീണു. അർജന്റീനയുടെ ചരിത്രം വീണ്ടും ആവർത്തിക്കപ്പെട്ടു. തോൽവികൾ മാത്രമെന്ന് ആക്ഷേപിച്ചവർക്കും വിമർശിച്ചവർക്കും മുന്നിൽ ഒന്ന് കൂടി വിജയിച്ചു കാണിച്ചു കൊടുത്തു. കൊളംബിയ്ക്കെതിരായ കലാശപോരാട്ടത്തിൽ സ്ഥിതിഗതികൾ മാറി മറഞ്ഞു. 67-ാം മിനിറ്റിൽ അര്ജന്റീനൻ നായകൻ പരിക്കേറ്റ് കണ്ണീരോടെ കളം വിട്ടു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ രഹിതമായി പിരിഞ്ഞതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കേ ലൗട്ടാറോ മാർട്ടിനെസ് അര്ജന്റീനയുടെ രക്ഷകനായി. തുടർച്ചയായ രണ്ടാം തവണയും അർജന്റീനയുടെ നീലപട കോപ്പയുടെ കിരീടം സ്വന്തമാക്കി. ഇനി പടിയിറക്കമാണ്. ദൗത്യങ്ങളൊക്കെ പൂർത്തിയാക്കിയ അർജന്റീനയുടെ മാലാഖയുടെ പടിയിറക്കം.
'ഞാൻ ആഗ്രഹിച്ചതിനേക്കാൾ അധികമാണ് ജീവിതം എനിക്ക് സമ്മാനിച്ചത്...' അവസാന മത്സരത്തിന് മുമ്പായി ഇന്സ്റ്റഗ്രാമില് ഡി മരിയ കുറിച്ച വാക്കുകളാണിത്, അതും തന്റെ പ്രിയ സുഹൃത്തായ ലയണല് മെസ്സിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട്. തോൽവിയും തകർച്ചയും ഒരുമിച്ച് കണ്ടവരാണ് ഇരുവരും. ഒന്നുമില്ലായ്മയിൽ നിന്നും ഇന്ന് എല്ലാം നേടിയെടുത്ത അര്ജന്റീനയുടെ എല്ലാം യാത്രയിലും അവർ ഒരുമിച്ചായിരുന്നു.
മെസ്സിയുടെ നിഴലിൽ തെളിയാതെ പോയ അർജന്റീനയുടെ മാലാഖ, ഫുട്ബോൾ നായകന് പിന്നിൽ മറയപ്പെട്ടൊരു അത്ഭുതം, അങ്ങനെ അരാധകർക്കിടയിൽ എയ്ഞ്ചല് ഡി മരിയയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്. പക്ഷേ അര്ജന്റീനയുടെ കാലാൾ പടയ്ക്ക് അയാളുടെ സാന്നിധ്യം ഒരിക്കലും വിസ്മരിക്കാന് കഴിയില്ല. മെസ്സിക്ക് ശേഷം ഏറ്റവും പ്രിയപ്പെട്ട കളിക്കാരൻ. ഫുട്ബോൾ പ്രേമിക്കൾക്കിയിൽ ഈ പടിയിറക്കവും ഒരു യുഗാന്ത്യമാണ്. ഒരു ലോകകപ്പ് നേടിയതിന്റെ ആവേശം അയാളിലും നിറഞ്ഞിട്ടുണ്ട്. തകർത്താടിയ ഫുട്ബോൾ മൈതാനത്ത് ഇനി ബോളിന് പിന്നാലെ ഓടാൻ തനിക്ക് ആവില്ലെന്ന് ഓർക്കുമ്പോൾ ആ ഹൃദയവും വേദനിച്ചിട്ടുണ്ടാകാം. ഇന്ന് മത്സരം അവസാനിക്കാൻ ബാക്കി നിൽക്കവേ മെസ്സി തന്റെ കയ്യിൽ ഏല്പിച്ച ക്യാപ്റ്റൻ ടാഗ് ഊരി കണ്ണീരോടെ എയ്ഞ്ചൽ കോപ്പയുടെ കളം ഒഴിഞ്ഞു. ഗാലറിയിൽ തിങ്ങി നിറഞ്ഞ അർജന്റീനയുടെ ആരാധകരുടെയും കണ്ണുകൾ മരിയ്ക്കൊപ്പം നിറഞ്ഞു. തലയുയർത്തി തന്നെ അർജന്റീയുടെ മാലാഖയുടെ കോപ്പയുടെ കളം വിട്ടു.
മെസ്സിയെ പോലെ തന്നെ മരിയയ്ക്കും ചെയ്ത് തീർക്കാൻ ഇനി നിയോഗങ്ങളൊന്നും ബാക്കിയില്ല. ഇരുവരും ലോകത്തെ അതിജീവിച്ചരാണ്. ഇറങ്ങി പോകുമ്പോൾ ഡി മരിയയും പൂർണനാണ്. ലയണൽ മെസ്സി നേടിയ അതേ കിരീടങ്ങൾ അർജൻ്റീനയ്ക്ക് വേണ്ടി എയ്ഞ്ചൽ ഡി മരിയയും നേടിയിട്ടുണ്ട്. 2008-ലെ ഒളിംപിക്സ് മുതല് അയാളുടെ വിജയക്കുതിപ്പ് തുടങ്ങിയിരുന്നു. അന്ന് ഡി മരിയയുടെ ഒറ്റ ഗോളിലാണ് അര്ജന്റീന ഒളിംപിക്സ് സ്വര്ണം സ്വന്തമാക്കിയത്. പിന്നീട് ഒന്നര പതിറ്റാണ്ടുകാലം ദേശീയ ടീമിനായി കളിച്ചു. അർജൻ്റീനയുടെ വീഴ്ച്ചകളിൽ ഡി മരിയയും സാക്ഷിയായിരുന്നു. നിരന്തരമായ കുറ്റപ്പെടുത്തലുകളും വിമർശനങ്ങളും ടീമിനെ തേടി എത്തിയപ്പോയും മെസ്സിക്കൊപ്പം അത് ഏറ്റ് വാങ്ങാൻ ഡി മരിയയും ഉണ്ടായിരുന്നു. ഒന്നുമില്ലായ്മയിൽ നിന്നും സ്വപ്നം കാണിക്കാൻ പഠിപ്പിച്ച അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മറഡോണ. ഫുട്ബോൾ ദെെവം നേടിയ അതേ കീരിടം വീണ്ടും നേടണമെന്നുളളത് മെസ്സിയുടെ സ്വപ്നമായിരുന്നു. ആ സ്വപ്നത്തിന് വേണ്ടി ഡി മരിയ അടങ്ങുന്ന നീലപ്പട കളം നിറഞ്ഞു കളിച്ചു. പക്ഷേ തോൽവികൾ ടീമിനെ തുടർന്നു കൊണ്ടിരുന്നു.
2014 ലെ വേൾഡ് കപ്പിൽ പരിക്കുകൾ മൂലം ഡി മരിയ ടീമിൽ നിന്നും മാറി നിന്നത് ഇന്നും മുറിവുണങ്ങാത്ത വേദനയാണ്. പരിക്കുകൾ ഭേദമാകാത്തത് മൂലം നിങ്ങൾക്ക് കളിക്കാനാവില്ല എന്ന അറിയിപ്പ് ഡി മരിയയെയും തകർത്തിരുന്നു. എന്ത് സംഭവിച്ചാലും ഫൈനൽ കളിക്കണമെന്ന് അവൻ വാശി പിടിച്ചു. തന്റെ ടീമിന് ഒരു ലോകകപ്പ് വേണമെന്ന് അന്നും ഡി മരിയയുടെ വാശി ആയിരുന്നു. പക്ഷേ ഭാഗ്യം അന്ന് മാലാഖയെയും അർജന്റീനയെയും കൈവിട്ടു. ജർമനിക്ക് എതിരായ കലാശ പോരാട്ടത്തിൽ കരഞ്ഞു കൊണ്ട് അർജന്റീന കളം വിട്ടു.അന്നും മെസ്സിക്കും ഡി മരിയയ്ക്കും വിമർശകർ ഏറെയായിരുന്നു.
2018 ലാണ് ഡി മരിയയുടെയും മെസ്സിയുടെയും നാടായ റോസാരിയോയിൽ നിന്ന് ലയൺ സ്കലോണി ടീമിലേക്ക് എത്തുന്നത്. അർജന്റീനയുടെ പിന്നീടുള്ള പോരാട്ടം മുഴുവൻ ആ ഗുരുവിനൊപ്പം ആയിരുന്നു. 2021 മുതൽ അർജന്റീനയുടെ വിജയ യാത്ര ആരംഭിക്കുകയായിരുന്നു. നീണ്ട 18 വർഷങ്ങൾക്ക് ശേഷം അർജന്റീന കോപ്പയുടെ മധുരം തൊട്ടത് ആ വർഷമായിരുന്നു. മാസങ്ങള്ക്കിപ്പുറം അറേബ്യൻ മണ്ണിൽ ലോക കിരീടത്തിനായി പൊരാടുമ്പോഴും ഫൈനലിൽ ഒരു ഗോള് പിറന്നത് ഡി മരിയുടെ ഇടം കാലില് നിന്നാണ്. 2022 ഡിസംബർ 18 ലെ ആ രാത്രിയിൽ കുരിശിലേറ്റിയവരെയും കുറ്റപെടുത്തിയവരെയും സാക്ഷിയാക്കി അർജന്റീന ലോകം കിരീടം സ്വന്തമാക്കി. അന്ന് ടീമിലെ എല്ലാ കളിക്കാരനെയും പോലെ ഡി മരിയയും എല്ലാ അർജൻ്റീന ആരാധകരുടെയും ഹൃദയങ്ങളിൽ ഇടം നേടി. 'ഇത് എൻ്റെ അമ്മയ്ക്കുള്ളതാണ്' ലോകകപ്പ് നേടിയതിന് ശേഷം കണ്ണീരോടെ ഡി മരിയ പറയുമ്പോൾ അയാളെ പോലെ തന്നെ ആ ഗാലറിയിൽ പലരുടെയും കണ്ണ് നിറഞ്ഞിരുന്നു.
ഈ കോപ്പ തന്റെ അവസാനത്തെത് ആയിരിക്കുമെന്ന് ഡി മരിയ മുന്നേ അറിയിച്ചതാണ്. നേട്ടങ്ങളുടെ നെറുകയിൽ തലയുയർത്തി നിന്നുകൊണ്ട് തന്നെ ഡി മരിയയെ യാത്രയാക്കണമെന്ന് മെസ്സിയും പറഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ട സഹോദരൻ കളം വിടുമ്പോൾ രാജകീയമായ യാത്ര അയപ്പ് നൽകുവാൻ കാലാൾ പടയും കളം അറിഞ്ഞു കളിച്ചു. ജൂലൈ 14 ന് എന്ത് സംഭവിച്ചാലും തനിക്ക് മുൻവശത്തെ ഡോറിലൂടെ പുറത്തേക്കിറങ്ങാൻ സാധിക്കും. കാരണം തനിക്ക് സാധ്യമായത് എല്ലാം അർജന്റീനയ്ക്ക് വേണ്ടി നേടി കഴിഞ്ഞു... തന്റെ അവസാനത്തെ കളിയെ കുറിച്ച് ഡി മരിയ പറഞ്ഞ വാക്കുകൾ ഇതായിരുന്നു. പറഞ്ഞത് പോലെ തന്നെ തലയുർത്തി തന്നെ ഡി മരിയയ്ക്ക് പടിയിറങ്ങാം... ആഗ്രഹിച്ചതിൽ അധികവും നേടിയിട്ടുള്ള തിരിച്ചു വരവാണ്. അതും രാജകീയമായി തന്നെ.
അർജന്റീനയുടെ നീലയും വെള്ളയും ചേർന്ന ആ കുപ്പായത്തിൽ ഇനിയൊരു പതിനൊന്നാം നമ്പറുകാരൻ പിറവിയെടുക്കുമോ എന്നതറിയില്ല. പിറവിയെടുത്താലും അര്ജന്റീനയുടെ മാലാഖയായി എന്നും ഓർക്കപ്പെടുന്നത് ഡി മരിയയെ തന്നെയായിരിക്കും....