ക്രിക്കറ്റ് ആവേശം വീണ്ടും വൻകരപ്പോരിലേക്ക്; ആഫ്രോ-ഏഷ്യ കപ്പ് വീണ്ടും?

ഏഷ്യൻ ഇലവനും ഐസിസി ലോക ഇലവനും തമ്മിലും ഓസ്ട്രേലിയയും ഐസിസി ഇലവനും തമ്മിലും ഇത്തരം മത്സരങ്ങൾ നടന്നിട്ടുണ്ട്.

dot image

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 2005ലും 2007ലും നടന്ന ഏഷ്യൻ ഇലവനും ആഫ്രിക്കൻ ഇലവനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ ഓരോ ക്രിക്കറ്റ് ആരാധകന്റെയും ഓർമ്മയിൽ ഉണ്ടാവും. വിരേന്ദർ സെവാ​ഗ്, മഹേല ജയവർദ്ധന, യുവരാജ് സിം​ഗ്, മഹേന്ദ്ര സിം​ഗ് ധോണി, ഹർഭജൻ സിം​ഗ് തുടങ്ങിയവർ ഉൾപ്പെട്ട ഏഷ്യൻ നിര. ജാക് കാലിസ്, ഷോൺ‌ പൊള്ളോക്ക്, തദേന്ത തയ്ബു എന്നിവരുടെ ആഫ്രിക്കൻ ടീം. ക്രിക്കറ്റ് മൈതാനങ്ങളിൽ ഇവർ പരസ്പരം ഏറ്റുമുട്ടിയപ്പോൾ പിറന്നത് പുതിയ ചരിത്രങ്ങളാണ്. റെക്കോർഡ് ബുക്കുകളിൽ പുതിയ കണക്കുകൾ രേഖപ്പെടുത്തി. മഹേല ജയവർധനയും എം എസ് ധോണിയും ചേർന്ന് അടിച്ചുകൂട്ടിയ 218 റൺസിന്റെ കൂട്ടുകെട്ട് ഓർമ്മയില്ലേ? വൻകരകൾ തമ്മിൽ ഏറ്റുമുട്ടിയ ഇത്തരം പോരാട്ടങ്ങൾ പക്ഷേ ക്രിക്കറ്റ് ലോകത്ത് അപൂർവ്വമായിരുന്നു.

ഏഷ്യൻ ഇലവനും ഐസിസി ലോക ഇലവനും തമ്മിലും ഓസ്ട്രേലിയയും ഐസിസി ഇലവനും തമ്മിലും ഇത്തരം മത്സരങ്ങൾ നടന്നിട്ടുണ്ട്. ക്രിസ് ​ഗെയ്ലും ആദം ​ഗിൽക്രിസ്റ്റും റിക്കി പോണ്ടിം​ഗും ബ്രയാൻ ലാറയും ഐസിസിയുടെ ലോക ഇലവന്റെ ഭാ​ഗമായിട്ടുണ്ട്. സൗരവ് ​ഗാം​ഗുലി നയിച്ച ഏഷ്യൻ ഇലവനിൽ രാഹുൽ ദ്രാവിഡും കുമാർ സം​ഗക്കാരയും മുത്തയ്യ മുരളീധരനും കളിച്ചു. ഏഷ്യൻ ഇലവനേക്കാൾ കരുത്തരായ ഐസിസിയുടെ ലോക താരങ്ങൾ മത്സരം വിജയിച്ചു. എന്നാൽ കാലിസും ലാറയും ദ്രാവിഡും ഉൾപ്പെട്ട ലോക ഇലവനെ ഓസ്ട്രേലിയ തോൽപ്പിച്ച മറ്റൊരു ചരിത്രവുമുണ്ട്.

വീണ്ടുമൊരിക്കൽ കൂടെ പലരാജ്യങ്ങളിലെ ക്രിക്കറ്റ് താരങ്ങൾ ഒരൊറ്റ ടീമിൽ അണിനിരന്നാലോ? അങ്ങനെയൊരു ആലോചന ആഫ്രിക്കൻ ക്രിക്കറ്റ് കൗൺസിലിന്റെ മനസിലുണ്ട്. പഴയതുപോലെ ആഫ്രോ-ഏഷ്യ കപ്പ് വീണ്ടും വരണമെന്നാണ് ആഫ്രിക്കൻ ക്രിക്കറ്റ് അസോസിയേഷന്റെ വാക്കുകൾ. ഫോബ്സ് മാ​ഗസിന് നൽകിയ അഭിമുഖത്തിൽ ആഫ്രിക്കൻ ക്രിക്കറ്റ് അസോസിയേഷൻ മുന്‍ ചെയര്‍മാനും മലയാളിയുമായ സുമോദ് ദാമോദറാണ് വൻകരകൾ തമ്മിലുള്ള പോരാട്ടം വീണ്ടും ആരംഭിക്കുന്നതിനെക്കുറിച്ച് സൂചന നൽകിയത്. ഈ പരമ്പര നടക്കാത്തതിൽ തനിക്ക് ഏറെ ദുഃഖമുണ്ട്. വൻകരകളുടെ ക്രിക്കറ്റെന്ന ആശയത്തെക്കുറിച്ച് ആരും അധികം ചിന്തിക്കാത്തതാണ് ഇത്തരം മത്സരങ്ങൾ നടക്കാത്തതിന് കാരണം. വീണ്ടും വൻകര പോരാട്ടം ആരംഭിക്കാൻ ആഫ്രിക്കൻ ക്രിക്കറ്റ് ഇടപെടലുകൾ നടത്തുമെന്നും ദാമോദർ പറയുന്നു.

ട്വന്റി 20 ക്രിക്കറ്റിന്റെ മാതൃകയിലാണ് വീണ്ടുമൊരു ഏഷ്യ-ആഫ്രിക്ക പോരാട്ടം ആലോചനയിലുള്ളത്. അങ്ങനെ വന്നാൽ വിരാട് കോഹ്‍ലി, ബാബർ അസം, രോഹിത് ശർമ്മ, ഷഹീൻ ഷാ അഫ്രീദി, ജസ്പ്രീത് ബുംറ എന്നിവർ ഏഷ്യൻ നിരയിൽ ഒന്നിച്ച് ചേരും. എയ്ഡൻ മാക്രം, ഹെൻ‍റിച്ച് ക്ലാസൻ, സിക്കന്ദർ റാസ തുടങ്ങിയവരാവും ആഫ്രിക്കൻ ടീമിനെ പ്രതിനിധീകരിക്കുക. പരസ്പരം മത്സരിച്ചിരുന്നവർ ഒരു ടീമിൽ വരുമ്പോൾ ലോകക്രിക്കറ്റ് പുതിയ തലങ്ങളിലേക്ക് വളരുമെന്ന് ഉറപ്പ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us