സിആർ7 ന് മുന്പേ വിസ്മയം തീർത്ത ആർ9; ബ്രസീലിന്റെ റൊണാൾഡോ ​ഗ്രൗണ്ടിൽ തീർത്ത ഓളങ്ങൾ

90 കളുടെ അവസാനപാതിയിലും 2000ങ്ങളുടെ ആദ്യപകുതിയിലും ലോകഫുട്ബോളിന്റെ പര്യായം തന്നെയായിരുന്നു അയാൾ.

dot image

റൊണാൾഡോ, ഈ പേര് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖമാണ്. എന്നാൽ സിആർ 7 നെ പോലെ ഒരു ആർ 9 കൂടിയുണ്ട്. 'റൊണാൾഡോ ലൂയിസ് നസരിയോ ഡെ ലിമ' അതാണ് പേര്. ബ്രസീലിന്റെ സ്വന്തം റൊണാൾഡോ. ഇന്നയാളുടെ നാൽപത്തിഎട്ടാമത്തെ ജൻമദിനമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മുമ്പ് ഫുട്ബോൾ ലോകത്ത് ബ്രസീലിയൻ റൊണാൾഡോ കാണിച്ച വീരകഥകൾ അത്രയും വരും. 90 കളുടെ അവസാനപാതിയിലും 2000ങ്ങളുടെ ആദ്യപകുതിയിലും ലോകഫുട്ബോളിന്റെ പര്യായം തന്നെയായിരുന്നു അയാൾ.

1994ൽ ലോകകപ്പ് നേടിയ ബ്രസീലിയൻ ടീമിൽ റൊണാൾഡോ അംഗമായിരുന്നു. പിന്നാലെ നെതർലാൻഡ്സ് ക്ലബായ പിഎസ്‍വി ഐന്തോവിന് വേണ്ടി റൊണാൾഡോ രണ്ട് വർഷം കളിച്ചു. 54 മത്സരങ്ങളിൽ നിന്ന് 57 ഗോളുകളാണ് ഐന്തോവന് വേണ്ടി ബ്രസീലിയൻ ഇതിഹാസം വലയിലെത്തിച്ചത്. ഇതോടെ ആർ9 നെ ഫുട്ബോൾ ലോകം ശ്രദ്ധിക്കുവാൻ തുടങ്ങി. ഡ്രിബ്ലിങ് മികവ്, അപാരമായ വേഗത, വന്യമായ കരുത്ത്, പന്തിന്മേലുള്ള നിയന്ത്രണം, എല്ലാറ്റിലുമുപരി ക്ലിനിക്കല് ഫിനിഷിംഗ് എന്നിവ ആരാധകരുടെയും ഫുട്ബോൾ പണ്ഡിതന്മാരുടെയും ഇഷ്ടത്തിന് കാരണമായി.

1996-97 സീസണിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്ക് വേണ്ടി റൊണാൾഡോ കളിച്ചു. 49 മത്സരങ്ങളിൽ നിന്നായി 47 ഗോളുകൾ ബാഴ്സയ്ക്കു വേണ്ടി റൊണാൾഡോ അടിച്ചുകൂട്ടി. ഇതോടെ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം ഏറ്റവും കുറഞ്ഞ പ്രായത്തിൽ നേടിയെന്ന റെക്കോർഡും അന്ന് റൊണാൾഡോ സ്വന്തമാക്കി. 21-ാം വയസ്സിൽ, റൊണാൾഡോ ഒരു ലോകകപ്പും ഫിഫ മികച്ച താരത്തിനുള്ള പുരസ്കാരം രണ്ട് തവണയും റൊണാൾഡോ നേടിയിരുന്നു. ബാഴ്സലോണ വിട്ട റൊണാൾഡോ ഇന്റർ മിലാനിലെത്തി.

1998ൽ ഏറെ പ്രതീക്ഷയോടെയാണ് റൊണാൾഡോ ലോകകപ്പിനെത്തിയത്. ബ്രസീൽ ലോകകപ്പിന്റെ ഫൈനലിലെത്തി. സിനദിന് സിദാന്റെ ഫ്രാൻസ് ആയിരുന്നു കലാശപ്പോരിൽ ബ്രസീലിന്റെ എതിരാളികൾ. ഫൈനൽ കളിച്ച റൊണാൾഡോയുടെ പ്രകടനം മോശമായി. മത്സരത്തിനിടെ ഫ്രഞ്ച് ഗോൾകീപ്പർ ഫാബിയൻ ബർത്തേസുമായി കൂട്ടിയിടിച്ച് റൊണാൾഡോയ്ക്ക് പരിക്കേറ്റു. താരം ടീമിൽ തുടർന്നെങ്കിലും ബ്രസീൽ 3-0ത്തിന് പരാജയപ്പെട്ടു.

ലോകകപ്പ് ഫൈനലിലെ ബ്രിസീലിന്റെ ഏറ്റവും ഉയർന്ന തോൽവി. പിറ്റേന്ന് ഫുട്ബോൾ ലോകം കേട്ടത് ഞെട്ടിപ്പിക്കുന്ന വാർത്തകൾ. ഫൈനലിന് തലേ രാത്രിയിൽ റൊണാൾഡോയ്ക്ക് ചുഴലി ബാധിച്ചു. അബോധാവസ്ഥയിൽ റൊണാൾഡോ തറയിൽ വീണു. ഡോക്ടർമാർ താരത്തിന് മരുന്ന് നല്കി. റൊണാൾഡോ സമനില വീണ്ടെടുത്തു. ഫൈനലിന് എഡ്മണ്ടോ ആണ് ആദ്യ ഇലവനിൽ റൊണാൾഡോയ്ക്ക് പകരം ഇടം പിടിച്ചത്. പക്ഷേ അവസാന നിമിഷം പരിശീലകൻ മരിയോ സഗല്ലോ തീരുമാനം മാറ്റി. റൊണാൾഡോ ടീമിലെത്തി. ബ്രസീലിന്റെ ലോകകപ്പ് വിജയം തടയാൻ ഗൂഢാലോചന നടന്നുവെന്ന് വരെ അന്ന് ആരോപണം ഉയർന്നു. പൂർണ കായികക്ഷമത ഇല്ലാത്ത താരത്തെ കളിപ്പിച്ചതെന്തിനെന്ന ചോദ്യവും ഉയർന്നിരുന്നു.

റൊണാൾഡോയുടെ തിരിച്ചടികളുടെ കഥ അവിടെ തീർന്നില്ല. 1999ൽ സീരി എ മത്സരത്തിനിടെ താരത്തിന്റെ മുട്ടിന് പരിക്കേറ്റു. അഞ്ച് മാസത്തിന് ശേഷം കളത്തിലേക്ക് മടങ്ങിയെത്തി. പക്ഷേ കോപ്പ ഇറ്റാലിയ ഫൈനലിൽ കളിച്ചത് ഏഴ് മിനിറ്റ് മാത്രം. താരത്തിന്റെ മുട്ടിന് വീണ്ടും പരിക്കേറ്റ് മടങ്ങി. ഒരു കായിക താരത്തിന്റെ മുട്ടിന് പരിക്കേൽക്കുന്നത് കരിയർ അവസാനിക്കുന്നതിന് തന്നെ കാരണമായേക്കാം. രണ്ട് തവണ മുട്ടിന് പരിക്കേറ്റതോടെ താരത്തെ പലരും എഴുതി തള്ളി. എന്നാൽ റൊണാൾഡോയുടെ കഥ അവിടെ അവസാനിച്ചില്ല.

2002ൽ ഇന്റർ മിലാനിലേക്ക് തിരികെ വന്നു. 14 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ സ്വന്തമാക്കി. കളത്തിൽ വേഗത കുറച്ച് സാങ്കേതികത്വത്തിൽ ഊന്നിയായിരുന്നു റൊണാൾഡോയുടെ തിരിച്ചുവരവ്. 2002ലെ ലോകകപ്പിൽ റൊണാൾഡോ നേടിയത് എട്ട് ഗോളുകൾ. അതിൽ രണ്ടെണ്ണം ഫൈനലിൽ ജർമ്മനിയ്ക്കെതിരെ ആയിരുന്നു. കിരീട പോരാട്ടത്തിൽ ബ്രസീൽ വിജയിച്ചതും 2-0 ത്തിനായിരുന്നു.

ലോകവിജയത്തിന് പിന്നാലെ ഇന്റർ മിലാൻ വിട്ട് സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലേക്ക് റൊണാൾഡോ ചേക്കേറി. അഞ്ച് വർഷം റയൽ ജഴ്സിയിൽ കളിച്ച താരം 184 മത്സരങ്ങളിൽ നിന്ന് 104 ഗോളുകൾ നേടി. 2003ലെ ചാമ്പ്യൻസ് ലീഗ് സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ റൊണാൾഡോ ഹാട്രിക് നേടി. ബ്രസീൽ താരത്തിന് ഇതൊരു മധുര പ്രതികാരം കൂടിയായിരുന്നു. 1998 ലോകകപ്പ് ഫൈനലിൽ തന്നെ പരിക്കേൽപ്പിച്ച ഫ്രഞ്ച് താരം ഫാബിയൻ ബർത്തേസായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾപോസ്റ്റിൽ ഉണ്ടായിരുന്നത്.

2006ൽ ലോകകപ്പ് കളിക്കുമ്പോൾ റൊണാൾഡോയുടെ കായികക്ഷമതയിൽ ആശങ്ക ഉണ്ടായിരുന്നു. ലോകപ്പിൽ ജർമ്മൻ ഇതിഹാസം ഗേർഡ് മുള്ളറുടെ റെക്കോർഡ് തകർത്താണ് റൊണാൾഡോ കളം വിട്ടത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിനുള്ള റെക്കോർഡ് റൊണാൾഡോ സ്വന്തമാക്കി. 15 ഗോളുകളാണ് ബ്രസീലിനായി റൊണാൾഡോ ലോകകപ്പിൽ നേടിയത്. ഈ റെക്കോർഡ് ജർമനിയുടെ മിറോസ്ലോവ ക്ലോസെ തകർക്കുകയുണ്ടായി.

2007ൽ റയൽ വിട്ട് എ സി മിലാനിലേക്ക് റൊണാൾഡോ എത്തി. 20 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടി. പക്ഷേ മൂന്നാം തവണയും കാൽമുട്ടിന് പരിക്കേറ്റ താരത്തിനെ എ സി മിലാൻ കൈവിട്ടു. ഇതോടെ സാക്ഷാൽ പെലെ അടക്കം റൊണാൾഡോയുടെ കാലം കഴിഞ്ഞതായി അടയാളപ്പെടുത്തി. എന്നാൽ കൊറിന്തൻസ് ഫുട്ബോൾ ക്ലബിലേക്ക് എത്തിയ റൊണാൾഡോ 55 മത്സരങ്ങളിൽ നിന്ന് 30 ഗോളുകൾ നേടി. 2010ലെ ലോകകപ്പിൽ റൊണാൾഡോയക്ക് ബ്രസീൽ ടീമിൽ ഇടം ലഭിച്ചില്ല. 98 മത്സരങ്ങൾ ബ്രസീൽ കുപ്പായത്തിൽ കളിച്ച റൊണാൾഡോ 62 ഗോളുകൾ നേടിയിരുന്നു. 2011ൽ കോപ്പ ലിബർട്ടഡോറസിൽ കൊറിന്തൻസ് തോറ്റതോടെ ബ്രസീൽ ഇതിഹാസം എന്നന്നേക്കുമായി ബൂട്ടഴിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us