സെലക്ടര്‍മാരേ, വിമര്‍ശകരേ ഇതാ സഞ്ജു സാംസണ്‍; 'ഫുള്ളി ലോഡഡ്!'

ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കിക്കളയുന്നുവെന്നായിരുന്നു മലയാളി വിക്കറ്റ് കീപ്പര്‍ നേരിട്ട പ്രധാന വിമര്‍ശനം.

dot image

വിമര്‍ശിച്ചവരോടും പരിഹസിച്ചവരോടും തന്നെ തഴഞ്ഞവരോടും ബാറ്റുകൊണ്ടുള്ള സഞ്ജുവിന്റെ മറുപടി, അതായിരുന്നു ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ടീമിന് വേണ്ടിയുള്ള വെടിക്കെട്ട് സെഞ്ച്വറി.

ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബി ടീമിനെതിരായ മത്സരത്തിലാണ് സഞ്ജു സെഞ്ച്വറി അടിച്ചത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ എയ്‌ക്കെതിരെ ബാറ്റിങ്ങില്‍ തിളങ്ങാന്‍ കഴിയാതെ പോയതിന്റെ നിരാശ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യ ബിക്കെതിരെ തീര്‍ക്കുകയായിരുന്നു സഞ്ജു. 95 പന്തില്‍ നിന്നാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മൂന്നക്കം തികച്ചത്. ദുലീപ് ട്രോഫി കരിയറില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ച്വറിയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 11-ാം സെഞ്ച്വറിയുമാണിത്.

നിര്‍ണായക പ്രകടനത്തോടെ സെലക്ടര്‍മാര്‍ക്കും വിമര്‍ശകര്‍ക്കും സഞ്ജു നല്‍കിയ വലിയ സൂചനയാണിത്. സമീപകാലത്ത് സഞ്ജുവിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ കുപ്പായത്തില്‍ അത്ര തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കിക്കളയുന്നുവെന്നായിരുന്നു മലയാളി വിക്കറ്റ് കീപ്പര്‍ നേരിട്ട പ്രധാന വിമര്‍ശനം.

ലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും സഞ്ജു ഡക്കിന് പുറത്തായിരുന്നു. ഇതോടെ വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളും സഞ്ജുവിനെ തേടിയെത്തി. അതിനിടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് പോലും സഞ്ജുവിനെ പരിഹസിച്ചുള്ളതാണെന്നുള്ള പ്രചാരണം വ്യാപിച്ചിരുന്നു.

സന്തുലിതമല്ലാത്ത പ്രകടനം പുറത്തെടുക്കുന്ന സഞ്ജുവിന് ഇന്ത്യന്‍ ടീമിലും സ്ഥിരമായി അംഗത്വം ലഭിച്ചിരുന്നില്ല. പ്രധാന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ബി ടീമുകളിലാണ് സഞ്ജുവിന് കൂടുതലും അവസരം ലഭിച്ചത്.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് പ്രഖ്യാപിച്ച ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല. ദുലീപ് ട്രോഫിയിലും പ്രാരംഭഘട്ടത്തില്‍ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ പകരക്കാരനായാണ് സഞ്ജുവിനെ ഇന്ത്യ ഡി ടീമില്‍ ഉള്‍പ്പെടുത്തിയത്.

ടൂര്‍ണമെന്റില്‍ നിര്‍ണായക സെഞ്ച്വറി നേടിയാണ് സഞ്ജു തിരിച്ചുവരവിന്റെ സൂചന നല്‍കിയിരിക്കുന്നത്. ഇന്ത്യ ബി ടീമിനെതിരെ ഇന്ത്യ ഡി ടീം മികച്ച തുടക്കത്തിന് ശേഷം അല്‍പ്പം പതറിത്തുടങ്ങിയിരുന്നു. കഴിഞ്ഞ മത്സരത്തിന് സമാനമായി ശ്രേയസ് അയ്യര്‍ വീണ്ടും പൂജ്യത്തിന് പുറത്തായി. ഈ സാഹചര്യത്തിലാണ് ആറാമനായി ഇറങ്ങി സഞ്ജു ഇന്ത്യ ഡിയെ മുന്നോട്ടുനയിച്ചത്.

സ്പിന്നര്‍മാര്‍ക്കെതിരെ മികവ് പുറത്തെടുത്ത സഞ്ജു ആക്രമിച്ചു കളിച്ചു. 101 പന്തില്‍ 106 റണ്‍സ് അടിച്ചെടുത്താണ് സഞ്ജു മടങ്ങിയത്. 104.95 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റുവീശിയത്.

ബംഗ്ലാദേശിനെതിരെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം. ശ്രേയസ് അയ്യര്‍ ഡക്കായി മടങ്ങിയിടത്ത് സഞ്ജുവിന്റെ സെഞ്ച്വറി സെലക്ടര്‍മാര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ മലയാളി വിക്കറ്റ് കീപ്പർക്ക് അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള അരങ്ങേറ്റത്തിന് സാധ്യതയൊരുങ്ങും. വിക്കറ്റ് കീപ്പര്‍മാരായ കെ എല്‍ രാഹുലും റിഷഭ് പന്തും ചെപ്പോക്കില്‍ തിളങ്ങാതിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ മറുവശത്ത് നിര്‍ണായക പ്രകടനം പുറത്തെടുത്ത് സെലക്ടര്‍മാരുടെ ശ്രദ്ധ തന്നിലേക്ക് കൊണ്ടുവരികയായിരുന്നു സഞ്ജു.

dot image
To advertise here,contact us
dot image