രവിചന്ദ്ര അശ്വിൻ എന്നാൽ മുന്തിയ തരം വീഞ്ഞാണ്. പഴകുന്തോറും വീര്യം കൂടിക്കൊണ്ടിരിക്കുന്ന ഇന്ത്യന് ക്രിക്കറ്റിലെ ഏറ്റവും മൂല്യമുള്ള വീഞ്ഞ്. എപ്പോഴൊക്കെ ടീം ആപത്ഘട്ടത്തിലാണോ അപ്പോഴൊക്കെ താനാരാധിക്കുന്ന അണ്ണൻ രജനീകാന്ത് സ്റ്റൈലിൽ ടീമിന്റെ രക്ഷകനായി അവതരിച്ചിട്ടുണ്ട് അശ്വിൻ. ബോൾ കൊണ്ട് മാത്രമല്ല, ബാറ്റ് കൊണ്ടും എതിർമുഖത്ത് അശ്വിൻ നിശ്ചയദാർഢ്യത്തിന്റെ ആൾരൂപമായി നില്‌ക്കാറുണ്ട്. ഒന്നിലധികം തവണ ഇപ്പോഴത്തേതടക്കം ഇന്ത്യയ്ക്കെതിരെ ഒരു ടെസ്റ്റും ജയിച്ചുകൊണ്ട് ധാക്കയിലേക്ക് മടങ്ങാമെന്ന ബംഗ്ലാ കടുവകളുടെ മോഹങ്ങൾ തച്ചുടച്ചിട്ടുണ്ട് രവി ചന്ദ്ര അശ്വിൻ.
Ravi Ashwin - an icon for India.
ചെപ്പോക്കിലെ മാന്ത്രികൻ
ടെസ്റ്റ് ക്രിക്കറ്റിന്‍റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി ഇന്ത്യയുടെ ആര്‍ അശ്വിന്‍ മാറുകയായിരുന്നു, കഴിഞ്ഞ ദിനം. ചെന്നൈയില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്‍റെ ആദ്യ ദിനം സെഞ്ചുറി നേടിയതോടെ ടെസ്റ്റ് ചരിത്രത്തില്‍ 30ല്‍ അധികം അഞ്ച് വിക്കറ്റ് നേട്ടവും 20ല്‍ അധികം 50+ സ്കോറുകളും നേടുന്ന ആദ്യ ബാറ്ററെന്ന നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്.
ടെസ്റ്റ് കരിയറില്‍ 36 അഞ്ച് വിക്കറ്റ് നേട്ടവും 20 ല്‍ അധികം 50 പ്ലസ് നേട്ടവും നിലവിൽ അശ്വിന്‍റെ പേരിലുണ്ട്. ആറ് സെഞ്ചുറിയും 14 അര്‍ധസെഞ്ചുറിയും. അതുപോലെ ചെപ്പോക്കിൽ അശ്വിന്റെ പേരിൽ ഒരു സ്റ്റാൻഡ് പണിയണമെന്ന ആരാധക ആവശ്യവും വെറുതെയല്ല, ചെന്നൈ ചെപ്പോക്കില്‍ മികച്ച റെക്കോര്‍ഡുള്ള അശ്വിന്‍ അവസാനം കളിച്ച ഏഴ് ടെസ്റ്റുകളില്‍ രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം 55.16 ശരാശരിയില്‍ 331 റണ്‍സാണ് ഇവിടെ നേടിയത്. ചെന്നൈയിലെ ചെപ്പോക്ക് ഗ്രൗണ്ടില്‍ തുടര്‍ച്ചയായ രണ്ട് ടെസ്റ്റുകളില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ബാറ്ററെന്ന റെക്കോര്‍ഡും അശ്വിന്‍ കഴിഞ്ഞ സെഞ്ച്വറിയോടെ സ്വന്തമാക്കിയിരുന്നു. ചെന്നൈയില്‍ ഹാട്രിക് സെഞ്ചുറി തികച്ചിട്ടുള്ള ബാറ്റിംഗ് ഇതിഹാസം സാക്ഷാൽ സച്ചിന്‍ ടെന്‍ഡുല്‍ക്കർ മാത്രമാണ് അശ്വിന്‍റെ മുന്‍ഗാമി.
രക്ഷകനായി അശ്വിൻ
ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെന്ന നിലയിലാണ് ഇന്ത്യ അവസാനിപ്പിച്ചത്. 144 റണ്‍സിനിടെ ഇന്ത്യക്ക് ആറ് വിക്കറ്റുകളാണ് നഷ്ടമായി സ്കോർ 200 കടക്കില്ലെന്ന തകര്‍ച്ചയുടെ ഘട്ടത്തിൽ നിൽക്കുമ്പോഴാണ് ഇന്ത്യയെ കൈപിടിച്ചുയര്‍ത്താൻ രക്ഷകനായി അശ്വിൻ അവതരിച്ചത്. കൂടെ രവീന്ദ്ര ജഡേജയും കൂട്ടായതോടെ അതുവരെയും അലറിക്കൊണ്ടിരുന്ന ബംഗ്ല കടുവകളെ നിരശബ്ദരാക്കി അവർ പടുകൂറ്റൻ പാർട്ണർഷിപ്പും ബിൽഡ് ചെയ്തു. മുൻനിര പരാജയപ്പെട്ട മത്സരത്തിൽ സെഞ്ച്വറിയുമടിച്ചാണ് അശ്വിൻ മിന്നിത്തിളങ്ങിയത്.
ഇന്ത്യൻ ക്രിക്കറ്റിലെ എന്നും വിശ്വസ്ഥനാണെങ്കിലും പലപ്പോഴും അർഹിച്ച ബഹുമതികളോ അംഗീകാരമോ ഒന്നും കിട്ടാത്ത താരമാണ് അശ്വിൻ.
അവഗണിക്കപ്പെട്ട അശ്വിൻ
കഴിഞ്ഞ വർഷങ്ങളിലായി അശ്വിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട ചില വാക്കുകളുണ്ടായിരുന്നു. 'ഒരു കാലത്ത് ക്രിക്കറ്റ് കളിക്കുമ്പോൾ സഹതാരങ്ങളെല്ലാം സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ അവർ വെറും സഹപ്രവർത്തകർ മാത്രമാണ്. ഇതു തമ്മിൽ വലിയ വ്യത്യാസമുണ്ട്. മറ്റൊരാളെ ചവിട്ടിത്താഴ്ത്തി സ്വയം മുന്നേറാനും മുന്നോട്ട് കുതിക്കാനുമാണ് ഓരോരുത്തരും ശ്രമിക്കുന്നത്. അതിനാൽ മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാൻ ആർക്കും സമയമില്ല.' ഏറെ ശ്രദ്ധിക്കപ്പെട്ട ഒരുപാട് ആന്തരികാർഥങ്ങൾ നിറഞ്ഞ ഒരു അശ്വിൻ പരാമർശമായിരുന്നു ഇത്.
അങ്ങനെ ഒരു പ്രസ്താവന നടത്തുമ്പോൾ ആ സമയത്ത് തന്നെയാണ് കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെയുള്ള പ്ലേയിങ് ഇലവൻ പ്രഖ്യാപിക്കപ്പപെട്ടപ്പോൾ ഏറ്റവും വലിയ അത്ഭുതമെന്ന മട്ടിൽ രവി അശ്വിൻ പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കപ്പെട്ടത്. ആ സമയത്ത് ലോകത്തിലെ നമ്പർ വൺ സ്പിന്നറാണ് അശ്വിനെന്നോർക്കണം. ഏത്രയോ കാലമായി ഈയൊരു ഫൈനലിനു വേണ്ടി തന്ത്രങ്ങളൊരുക്കുകയായിരുന്നനു അശ്വിനെന്നോർക്കണം. ലോകടെസ്റ്റ് ചാംപ്യൻഷിപ്പിൽ ആ സമയത്തായി 13 മത്സരങ്ങളിൽ നിന്നായി 19.67 ശരാശരിയിൽ 61 വിക്കറ്റുകൾ നേടിയ താരമാണെന്നോർക്കണം. ഇനി ഓൾറൗണ്ടറെയാണ് പരിഗണിക്കുന്നതെങ്കിൽ ആ സമയത്ത് തന്നെ ടെസ്റ്റിൽ അഞ്ചോളം സെഞ്ച്വറികളടിച്ചിട്ടുള്ള അശ്വിൻ മറ്റാരേക്കാളും ഈ വിഭാഗത്തിലും ലീഡ് ചെയ്യുന്നുണ്ടായിരുന്നെന്ന് ഓർക്കണം. ആ അശ്വിനാണ് ഇങ്ങനെ വീണ്ടും അവഗണനയുടെ കയ്പുനീർ അന്ന് കുടിക്കേണ്ടി വന്നിരിക്കുന്നത്. വിദേശ പര്യടനങ്ങളിൽ കോഹ്ലിയുടെയും രോഹിത്തിന്റെയും ക്യാപ്റ്റൻസിയിൽ പലപ്പോഴും പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തപ്പെടാതെ രവീന്ദ്ര ജഡേജയ്ക്കായി വഴിമാറിക്കൊടുക്കുന്ന അശ്വിനെ നമ്മൾ വേദനയോടെ കണ്ടിട്ടുണ്ട്.
അശ്വിൻ നായകസ്ഥാനം അർഹിച്ചിരുന്നു..
ആ സമയത്ത് ടെസ്റ്റ് ബോളർമാരുടെ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തായിട്ടും ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്റെ പ്ലേയിങ് ഇലവനിൽ സ്ഥാനം നൽകാത്ത നടപടിയെ സച്ചിനും ഗവാസ്കറും നാസർ ഹുസൈനും റിക്കി പോണ്ടിങ്ങുമല്ലാം വിമർശിച്ച് രംഗത്തെത്തിയിരുന്നു. ആ സമയത്ത് ടീമിൽനിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് സഹതാരങ്ങളുമായി സംസാരിച്ചിരുന്നോ എന്ന് ഒരഭിമുഖത്തിൽ ചോദിച്ചപ്പോൾ അശ്വിൻ ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരുന്നു. ‘എല്ലാവരും സഹപ്രവർത്തകരായ ഒരു കാലഘട്ടമാണിത്. താരങ്ങൾ പരസ്പരം കാര്യങ്ങൾ പങ്കുവയ്ക്കുന്നതാണ് ടീമിനു നല്ലതെങ്കിലും അങ്ങനെയൊന്നും ഇപ്പോൾ ഇന്ത്യൻ ടീമിൽ സംഭവിക്കുന്നില്ല. ടീം ഇന്ത്യയിൽ ഇപ്പോൾ ഓരോരുത്തരും ഒറ്റയ്ക്കുള്ള യാത്രയിലാണ്.' അശ്വിൻ അന്ന് കൂട്ടിച്ചേർത്തത് ഇങ്ങനെ.
ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനത്തേക്ക് ഒരിക്കല്‍ പോലും പരിഗണിക്കപ്പെടാത്തതിലെ നിരാശയും പരോക്ഷമായി സൂചിപ്പിച്ചിരുന്നു മുമ്പൊരിക്കൽ അശ്വിന്‍. അമിതമായി ചിന്തിച്ചുകൂട്ടുന്നയാളെന്ന വിളിപ്പേരാണ് തനിക്ക് വിനയായതെന്ന് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അശ്വിന്‍ അന്ന് പറയുകയുണ്ടായി. 'ഒരുപാട് ആളുകള്‍ എന്നെ അമിതമായി ചിന്തിച്ചുകൂട്ടുന്നയാളെന്ന നിലയില്‍ പ്രചരിപ്പിച്ചിരുന്നു. ശരിയാണ്, ഞാന്‍ ഒരുപാട് ചിന്തിച്ചു കൂട്ടാറുണ്ട്. അതിന് പക്ഷെ വ്യക്തമായ കാരണമുണ്ട്. എന്തു തന്നെ സംഭവിച്ചാലും അടുത്ത 15-20 മത്സരങ്ങള്‍ നിങ്ങള്‍ ടീമിലുണ്ടാകുമെന്നും ടീമിന്‍റെ നേതൃത്വത്തിന്‍റെ ഭാഗമാണ് നിങ്ങളെന്നും ആരെങ്കിലും എനിക്ക് ഉറപ്പ് നല്‍കിയാല്‍ ഞാന്‍ അമിതമായി ചിന്തിക്കേണ്ട കാര്യമില്ലല്ലോ. പക്ഷെ അടുത്ത രണ്ട് ടെസ്റ്റുകള്‍ക്ക് അപ്പുറം ടീമിലുണ്ടാവുമോ എന്ന് ഉറപ്പില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ചിന്തിക്കും. ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരിക്കാന്‍ ഇതൊക്കെ കാരണമായിട്ടുണ്ടാകാം. അതുപോലെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുമ്പോഴുള്ള മറ്റൊരു തടസം വിദേശ പരമ്പരകള്‍ കളിക്കുമ്പോള്‍ ടീമിന്‍റെ ഫസ്റ്റ് ഇലവനില്‍ എന്‍റെ പേരുണ്ടാവാറില്ലെന്നതാണ്. വിദേശത്ത് കളിക്കുമ്പോള്‍ ടീമില്‍ എന്‍റെ പേരുണ്ടാകുമോ ഉണ്ടാവില്ലേ എന്നതൊന്നും എന്‍റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ലല്ലോ. -അശ്വിന്‍ അന്ന് പറഞ്ഞതിങ്ങനെ.
പകരം വെക്കാനില്ലാത്ത താരം
രണ്ടുവർഷം മുമ്പ് നേരത്തെ പറഞ്ഞതു പോലെ ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ വിജയത്തിന് പ്രധാനകാരണമായത് ആർ അശ്വിൻ പുറത്താകാതെ നേടിയ 42 റൺസാണ്. എട്ടാം വിക്കറ്റിൽ ശ്രേയസ് അയ്യരുമായി (29 നോട്ടൗട്ട്) ചേർന്ന് 71 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പരമ്പരയിൽ രണ്ടാമത്തെ മത്സരം ഇന്ത്യ ജയിച്ചത്. അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കു നൽകിയിരിക്കുന്ന സംഭാവനകൾ പരിഗണിക്കുമ്പോൾ തീർച്ചയായും ഇതിഹാസങ്ങളുടെ നിരയിലാണ് സ്ഥാനം. ടെസ്റ്റിൽ ഇന്ത്യക്കായി 3000ന് മുകളിൾ റൺസും 400 പ്ലസ് വിക്കറ്റുകളുമെടുത്ത രണ്ടു പേർ മാത്രമേയുള്ളൂ. ഒരാൾ മുൻ ക്യാപ്റ്റനും ഇതിഹാസ ഓൾറൗണ്ടറുമായ കപിൽ ദേവ് ആണെങ്കിൽ രണ്ടാമത്തെയാൾ അശ്വിനാണ്.
അശ്വിൻ എന്ന ബാറ്റ്സ്മാനെക്കാൾ മുന്നിൽ നിൽക്കുന്നത് അശ്വിൻ എന്ന ബോളറായേക്കാം. എന്നാൽ അത്യാവശ്യം വരുമ്പോൾ ബാറ്റുമായി ക്രീസിൽ തകർത്തു കളിക്കുന്ന അശ്വിനെ നമ്മൾ മുമ്പും കണ്ടതാണ്. ഓസീസിനെതിരെ ചരിത്രവിജയം നേടിയ അവരുടെ നാട്ടിൽ നടന്ന പരമ്പരയിൽ നമ്മളത് കണ്ടതാണ്. അന്ന് ഓസീസിനെതിരെ പ്രഫഷനൽ ബാറ്റ്സ്മാൻ ഹനുമ വിഹാരി മുട്ടിയിട്ട പന്തുകളെപ്പോലെ തന്നെ പ്രാധാന്യമുള്ളതായിരുന്നു ഓസീസിനെതിരെ അശ്വിൻ ബാറ്റ് കൊണ്ട് നടത്തിയ പോരാട്ട വീര്യവും. ഏറ്റവും അവസാനമായി ബംഗ്ലാദേശുമായുള്ള ടെസ്റ്റിലെ ഹീറോയിസവും അശ്വിന്റെ മികവ് അടിവരയിടുന്നു. യെസ്, ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം രവിചന്ദ്ര അശ്വിൻ പകരം വെക്കാനില്ലാത്ത താരമാണ്.