തിരിച്ചുവരവ് എന്നാൽ ഇതാണ്. റിഷഭ് പന്തിന്റെ തിരിച്ചുവരവ്. കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കളിക്കളത്തതിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് കരുതിയ 634 ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യക്കായി ടെസ്റ്റ് കളിക്കാനിറങ്ങി ആദ്യമത്സരത്തിൽ തന്നെ സെഞ്ച്വറിയടിച്ചുള്ള റിഷഭ് രാജേന്ദ്ര പന്ത് എന്ന റിഷഭ് പന്തിന്റെ തിരിച്ചുവരവ്. റൂമിയുടെ ഒരു കവിതാശകലമുണ്ട്. നാം തളർന്നു വീണതോ തകർന്നുപോയതോ അവരറിയണ്ട. നാം വസന്തത്തെ വരവേൽക്കാനായി പഴയ ഇലകൾ പൊഴിക്കുകയാമെന്ന് അവർ ധരിച്ചുകൊള്ളട്ടെ.
യെസ്, അങ്ങനെ പോയ്പ്പോയ ഇന്നലെകളിലെ പരിക്കിന്റെയും നിരാശയുടെയും പഴയ ഇലകളൊക്കെയും പൊഴിച്ച് കളഞ്ഞ് റിഷഭ് പന്ത് ഇപ്പോൾ ഗ്രൗണ്ടിൽ വസന്തം തീർക്കുകയാണ്..
പരിക്കേൽക്കുന്നതിനു മുമ്പ് ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ മുഖമായിരുന്നു റിഷഭ് പന്ത്. ആ സമയത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ. ടീമിന്റെ വിജയങ്ങളുടെ ആണിക്കല്ല്. രവി ശാസ്ത്രിയടക്കം തന്റെ ജീവിതത്തിൽ നേടിയ 1983 ലെ ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തേക്കാളും മഹത്തരമെന്ന് പ്രകീർത്തിച്ച ഗബ്ബ ടെസ്റ്റിലെ വിജയശിൽപി. ടെസ്റ്റില്‍ ഒറ്റക്ക് ഒറ്റസെഷനിൽ മത്സരഫലം മാറ്റാന്‍ കഴിവുള്ള താരം. അങ്ങനെയിരിക്കെയായികുന്നു ദൗർഭാഗ്യകരമായി കാര്‍ അപകടത്തില്‍ ഗുരുതരമായി റിഷഭിന് പരിക്കേൽക്കുന്നത്. അതോടെ ഇന്ത്യ കെ എസ് ഭരതിനും ധ്രുവ് ജുറേലിലിനുമൊക്കെ വിക്കറ്റ് കീപ്പിങ് ഗ്ലൗസ് നൽകി റിഷഭിനു പകരക്കാരനെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും പലപ്പോഴും നിരാശയായിരുന്നു ഫലം. ഒടുവിൽ നേരത്തെ തന്നെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലേക്ക് കഴിഞ്ഞ ടി20 ലോകകപ്പോടെ പന്ത് തിരിച്ചുവന്നിരുന്നുവെങ്കിലും തന്റെ പ്രധാനതട്ടകമായ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഇടിമുഴക്കമായി തിരിച്ചുവരികയായിരുന്നു റിഷഭ് പന്ത്. മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയങ്കരമായിരുന്നു എന്ന് ഫറയുന്നത് പോലെ, തിരിച്ചുവരവിൽ തന്റെ സിഗ്നേച്ചര്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ കരുത്തുറ്റ ബാറ്റിങ്ങാണ് റിഷഭ് ബംഗ്ലാദേശിനെതിരേ കാഴ്ചവെച്ചത്. മടങ്ങിവരവില്‍ ഒറ്റ കൈ സിക്‌സറടക്കം പറത്തി കൈയടി നേടാന്‍ റിഷഭ് പന്തിന് സാധിച്ചു.
വിക്കറ്റിന് പിന്നിലും മിന്നിച്ച റിഷഭ് ടെസ്റ്റിലേക്കുള്ള മടങ്ങിവരവ് ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയാണ് നേടിയെടുത്തത്. അദ്ദേഹത്തിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറി. ഇതോടെ സാക്ഷാൽ എംഎസ് ധോണിയുടെ ടെസ്റ്റ് സെഞ്ച്വറി റെക്കോർഡിനൊപ്പമെത്താനും റിഷഭ് പന്തിനായി. ധോണി ആറ് ടെസ്റ്റ് സെഞ്ച്വറിയിലേക്കെത്തിയത് 144 ഇന്നിങ്‌സില്‍ നിന്നാണ്. എന്നാല്‍ വെറും 58 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലേക്കെത്താന്‍ റിഷഭ് പന്തിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഇതിനോടകം ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് സെഞ്ച്വറി നേടാന്‍ സാധിച്ച റിഷഭിന്റെ നാട്ടിലെ രണ്ടാമത്തെ ടെസ്റ്റ് സെഞ്ച്വറി കൂടിയാണിത്. അവസാന 11 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് 784 റണ്‍സാണ് റിഷഭ് പന്ത് നേടിയിട്ടുള്ളത്. റിഷഭ് പൂര്‍ണ്ണ ഫിറ്റ്‌നസോടെ ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. നേരത്തെ റിഷഭിന് പഴയ ഫിറ്റ്‌നസിലേക്കെത്താന്‍ സാധിക്കുമോയെന്ന സംശയം എമ്പാടുമുണ്ടായിരുന്നു. എന്നാല്‍ ഈ സംശയങ്ങളെയൊക്കെ അദ്ദേഹം മറികടന്നുവെന്ന് തന്നെ നിലവിലെ പ്രകടനത്തില്‍ നിന്ന് വിലയിരുത്താം.
പന്തിനെക്കുറിച്ച പറയുമ്പോൾ ശരിക്കും ഇന്ത്യൻ ക്രിക്കറ്റിലെ ചങ്കുറപ്പിന്റെ പേരാണ് റിഷഭ് പന്ത്. മുമ്പൊരിക്കൽ റിഷഭ് പന്ത് തന്റെ പന്തില്‍ റിവേഴ്‌സ് സ്വീപ് ചെയ്തപ്പോൾ ഇതിഹാസ പേസ് ബോളർ ആൻഡേഴ്സൻ അത് കണ്ട് അത്ഭുതപ്പെട്ട് പറഞ്ഞത് ഇങ്ങനെയായിരുന്നു. സൗരവ് ഗാംഗുലി ആയിരുന്നെങ്കില്‍ ഒരിക്കലും ഇതിന് ധൈര്യപ്പെടുകയില്ല. പക്ഷേ, പന്ത് അവൻ വല്ലാത്ത ജാതിയാണ്!
ആൻഡേഴ്സനെപ്പോലുള്ള ഒരു ലോകോത്തര ബോളറെ റിവേഴ്സ് സ്വീപ്പ് ചെയ്യുക എന്നത് ലോകക്രിക്കറ്റിൽ ആരും ധൈര്യപ്പെടാത്ത ഒന്നാണ്. എന്നാൽ പന്ത് അത് ചെയ്യുകയും വിജയകരമായി ബൗണ്ടറി കടത്തുകയും ചെയ്തു. മുമ്പ് ധോണിയുടെ പകരക്കാരൻ എന്ന ഭാരിച്ച ഉത്തരവാദിത്തം തലയിൽ വരുമ്പോൾ പന്ത് ചെയ്യുന്നതിനെയെല്ലാം ആരാധകർ സൂക്ഷ്മദർശിനി ഉപയോഗിച്ച് കണ്ടുകൊണ്ടിരുന്ന കാലമുണ്ടായിരുന്നു. 2018- 19 കാലം. അവസരങ്ങൾ ഇഷ്ടംപോലെ ലഭിച്ചിട്ടും തന്നിൽ നിന്നും പ്രതീക്ഷിക്കുന്നത് നല്കാൻ കഴിയാതെ പതറിയ യംഗ് സ്റ്റർ എന്നൊരു വിശേഷണവുമായി പന്ത് നിന്ന കാലയളവായിരുന്നു അത്. അന്ന് എം എസ് ധോണിയെന്ന മഹാമേരു വരുത്തിയ വിടവ് കരിയറിന്റെ തുടക്കത്തിൽ വേണ്ടത്ര നികത്താൻ കഴിയാതിരുന്നപ്പോൾ പന്തിനെ വിമർശിച്ചവരും ഉപദേശിച്ചവരും ഇന്ത്യൻ ക്രിക്കറ്റിലെ മഹാരഥൻമാരായിരുന്നു. ഒടുവിൽ ടീമിൽ നിന്നും പുറത്തേക്ക്. പന്ത് അവസാനിച്ചു എന്ന് പലരും വിധിയെഴുതിയെങ്കിലും ടീം മാനേജ്മെന്റിനും ബാല്യകാല കോച്ചിനും അവനിൽ പൂർണ്ണവിശ്വാസമുണ്ടായിരുന്നു. അവരുടെ സപ്പോർട്ടിലും ധോണിയല്ല താൻ എന്ന തിരിച്ചറിവിലും അവനിൽ ആത്മവിശ്വാസം നിറച്ചതോടെ പിന്നീട് ലോകം കണ്ടത് റിഷഭ് പന്ത് 2.0 എന്ന പുതിയ വേർഷനെയാണ്. ചരിത്രമായ മൂന്ന് സീസൺ മുമ്പുള്ള ഓസീസ് പര്യടനത്തോടെ എല്ലാം മാറിമറിഞ്ഞു. ഷോർട്ടർ ഫോർമാറ്റിനു വേണ്ടി ഡിസൈൻ ചെയ്യപ്പെട്ടവനെന്ന ധാരണയുണർത്തുന്ന ശൈലിക്കും സമീപനത്തിനുമപ്പുറം ക്രിക്കറ്റിന്റെ എലൈറ്റ് വേർഷനിൽ പന്ത് കാട്ടുന്ന പക്വത ഇന്ത്യൻ ക്രിക്കറ്റിനൊരു മുതൽക്കൂട്ടാണെന്ന് ലോകം തിരിച്ചറിഞ്ഞ പരമ്പരയായിരുന്നു അത്.
റിഷഭ് പന്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി ഇപ്പോഴും ഓർമയുണ്ട്. ഓവലിൽ നാലാം ഇന്നിങ്സിൽ ജയിക്കാനായി ഇന്ത്യക്ക് മുന്നിലേക്ക് ഇംഗ്ലണ്ട് നീട്ടിയ വമ്പൻ സ്കോറിനെ കെ.എൽ രാഹുലിനൊപ്പം നിന്ന് പന്ത് ചേസ് ചെയ്യുമെന്ന പ്രതീതി ഉണർത്തിയ ദിവസം . 450 നു മുകളിലുള്ള ഒരു നാലാം ഇന്നിംഗ്സ് ടാർഗറ്റ് കുറഞ്ഞു പോയോയെന്ന സംശയം ഇംഗ്ലണ്ട് ക്യാമ്പിൽ പടർത്തി കൊണ്ടാണ് റിഷഭ് അന്ന് അതിവേഗം റൺസ് സ്കോർ നേടിയത്. ലക്ഷ്യത്തിലെത്താതെ അന്നു വീണു പോയെങ്കിലും രണ്ടു കൊല്ലത്തിനു ശേഷം ഓസ്‌ട്രേലിയക്കെതിരെ കൂടുതൽ ഉത്തരവാദിത്തബോധത്തോടെ ജോലി പൂർത്തിയാക്കി കൊണ്ടാണ് പന്ത് മടങ്ങിയത്. ഒന്നോ രണ്ടോ സെഷൻ കൊണ്ട് കളിയുടെ ഗതി തിരിക്കാൻ കെല്പുള്ള വീരേന്ദ്ര സെവാഗിനെ പോലെ അപൂർവം കളിക്കാരുടെ ജനുസിൽ പെട്ട താരമാണ് റിഷഭ് പന്ത് എന്ന സത്യം ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൽ മനസിലാക്കിയ സീരീസ് കൂടിയായിരുന്നു അത്. ഇപ്പോഴിതാ പരിക്കിനു ശേഷമുള്ള 634 ദിവസത്തിനു ശേഷമുള്ള തിരിച്ചുവരവിലും പന്ത് അടിവരയിടുന്നതും അത് തന്നെയാണ്.
Keep everything aside, This is the GREATEST COMEBACK.
The comeback that everyone is loving!
റിഷഭ് പന്ത്.