അന്ന് ബാറ്റ് കൊണ്ട് മരതകദ്വീപിന്റെ രക്ഷകൻ, ഇന്ന് കോച്ചായി ലങ്കൻ സ്വപ്നങ്ങളുടെ പതാകവാഹകൻ

സനത് ജയസൂര്യ ശ്രീലങ്കൻ പരിശീലകനായതിന് ശേഷം വലിയ നേട്ടങ്ങൾ കൊയ്യുന്നത് ശീലമാക്കിയിരിക്കുകയാണ് ആ ടീം. ആ മുഖത്ത് ഇന്ന് വിരിയുന്ന സന്തോഷം കാണുമ്പോൾ നമ്മുടെ ഓർമകളിങ്ങനെ ചെന്നൈത്തിനിൽക്കുന്നത് 90 കളിലാണ്.

മുഹമ്മദ് ഷഫീഖ്
1 min read|28 Sep 2024, 10:13 pm
dot image

മരതകദ്വീപിന്റെ ചരിത്രമുറങ്ങുന്ന പഴയ ക്രിക്കറ്റ് ശോഭയൊന്നുമില്ലാത്ത ശ്രീലങ്ക എന്ന ടീം ഈയിടെ വളരെ ശ്രദ്ധേയമായ മൂന്ന് വിജയങ്ങൾ നേടുകയുണ്ടായി. ഒന്ന് രോഹിത്തും കോഹ്ലിയുമൊക്കെ ഇറങ്ങിയ ഇന്ത്യൻ ടീമിനെതിരെയുള്ള ഏകദിന പരമ്പരവിജയം, മറ്റൊന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയിലെ അവസാന മത്സരത്തിൽ ഇംഗ്ലീഷ് മണ്ണിൽ നേടിയ ടെസ്റ്റ് വിജയം, അവസാനമായി ശക്തരായ ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് വിജയം.. ഈ വിജയങ്ങളുടെ പരിലാളനകൾക്കും അഭിനന്ദനങ്ങൾക്കുമൊപ്പം അവരുടെ വിജയാഘോഷങ്ങൾക്കു മുന്നിൽ ഒരാൾ കൂടി വെളുക്കെ ചിരിച്ചുകൊണ്ട് മുഷ്ടിയുയർത്തി നിൽപുണ്ടായിരുന്നു. അവരുടെ പുതിയ പരിശീലകനായ ദേശബന്ധു സനത് തരെൻ ജയസൂര്യ എന്ന സനത് ജയസൂര്യ. 90 കളിലെയും 2000 ങ്ങളിലെയും കളിപ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ശ്രീലങ്കയുടെ ഇതിഹാസതാരം. ബാറ്റെടുത്താൽ അങ്കക്കലി പൂർത്തിയാക്കി ബോളർമാരെ നിഷ്പ്രഭരാക്കി ലെഗ്സൈഡിലേക്ക് ഫ്ലിക്ക് ചെയ്ത് പറത്തിയ ആ ജയസൂര്യ സിക്സറുകളും ബോളിങ്ങിൽ ടീമിനെ വിജയവഴിയിലേക്ക് എത്തിച്ച ആ വിക്കറ്റ് നേട്ടങ്ങളും എങ്ങനെ മറക്കാനാണ്?

സനത് ജയസൂര്യ ശ്രീലങ്കൻ പരിശീലകനായതിന് ശേഷം വലിയ നേട്ടങ്ങൾ കൊയ്യുന്നത് ശീലമാക്കിയിരിക്കുകയാണ് ആ ടീം. ആ മുഖത്ത് ഇന്ന് വിരിയുന്ന സന്തോഷം കാണുമ്പോൾ നമ്മുടെ ഓർമകളിങ്ങനെ ചെന്നൈത്തിനിൽക്കുന്നത് 90 കളിലാണ്. 1996 ലെ ലോകകപ്പിന്റെ സമയത്ത് പ്രചരിക്കപ്പെട്ടൊരു കിംവദന്തിയുണ്ടായിരുന്നു. ആ കാലത്തെ പേസ് ബോളിങ്ങിന്റെ സുൽത്താക്കന്മാരെയൊക്കെ ഒരൊറ്റ് ഫ്ലിക്കിലൂടെ അതിർത്തിവര കടത്തുന്ന ജയസൂര്യയുടെ ബ്രൂട്ടൽ പവർ കണ്ട് എതിരാളികളും ക്രിക്കറ്റ് പ്രേമികളുമൊക്കെ അടക്കം പറഞ്ഞൊരു വർത്തമാനം. ജയസൂര്യയുടെ ബാറ്റിൽ സ്പ്രിങ്ങുണ്ട്! അതാണ് ഇങ്ങനെ പന്ത് പറക്കുന്നത്..

പന്ത് ഓഫ്സ്റ്റംപ് ലൈനിന് പുറത്താണ് എറിയുന്നതെങ്കിൽ ആകാശം തൊടുന്ന ലോഫ്റ്റഡ് ഷോട്ടുണ്ട്. ഇനി ബൗൺസറാണ് ബോളറുടെ ശ്രമമെങ്കിൽ ഞൊടിയിടകൊണ്ട അതിർത്തി കടത്തുന്ന റിക്കി പോണ്ടിങ്ങിന്റെ ഇടതുവേർഷനെന്ന മട്ടിൽ അതിനേക്കാൾ അപകടകാരിയായ പുൾ ഷോട്ടുണ്ട്. ഇനി കാൽ തകർക്കുന്ന യോർക്കറാണ് ബോളറുടെ ലക്ഷ്യമെങ്കിൽ പൂവിറക്കുന്ന ലാഘവത്തോടെയുള്ള മാജിക്കൽ ഫ്ലിക്ക് ഷോട്ടുകൾ ആ വില്ലോയിൽ നിന്ന് വിരിയും. പന്ത് അതിർത്തതിവര കടക്കും. ജയസൂര്യയ്ക്ക് മാത്രം സാധിക്കുന്ന മാന്ത്രികത.

തൊണ്ണൂറുകളുടെ രണ്ടാം പാദം മുതൽ ലോക ക്രിക്കറ്റിൽ പന്തെറിഞ്ഞ ഒരുവിധപ്പെട്ട എല്ലാ ബോളർമാരും ഏറ്റവും കരുതലോടെയും ഏറ്റവും ഭയത്തോടെയും പന്തെറിഞ്ഞത് ഈ മനുഷ്യൻ ബാറ്റ് ചെയ്യുമ്പോഴായിരുന്നു. സംശയമുണ്ടെങ്കിൽ നിങ്ങൾ ആ സമയത്തെ ഇന്ത്യയുടെ പ്രധാന ബോളറും ഓൾറൗണ്ടറുമൊക്കെയായിരുന്ന മനോജ് പ്രഭാകറോട് ചോദിച്ചാൽ മാത്രം മതി. 96 ലോകകപ്പിൽ പ്രഭാകറുടെ കരിയർ തന്നെ ഇല്ലാതാത്തിയത് ജയസൂര്യയുടെ ഒരൊറ്റ കൈക്കരുത്തായിരുന്നു. ആയൊരു ബ്രൂട്ടാലിറ്റിയായിരുന്നു.

കരിയറിന്റെ തുടക്കത്തിലെ ബോളിങ് ഓൾറൗണ്ടർ എന്നതിൽ നിന്ന 90 കളുടെ രണ്ടാം പകുതിയായപ്പോഴേക്കും ഓപ്പണിങ് ബാറ്റ്സ്മാൻ ആയി ജയസൂര്യ ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ആ ഓൾറൗണ്ടറുടെ യഥാർത്ഥസ്വരൂപം ക്രിക്കറ്റ് ലോകം കണ്ടത്. ലങ്ക ആദ്യമായി അർജുന രണതുംഗയുടെ നേതൃത്വത്തിൽ 96 ലോകകപ്പിൽ മുത്തമിട്ടപ്പോൾ അതിന് മരതകദ്വീപുകാർ ഏറ്റവും കടപ്പെട്ടിരിക്കുന്നതും ഈ മനുഷ്യനോടാണ്. സനത് ജയസൂര്യയോടാണ്. വെങ്കിടേഷ് പ്രസാദിന്റെയും ജവഗൽ ശ്രീനാഥിന്റെയും വഖാർ യൂനിസിന്റെയും റിച്ചാർ‍ഡ് ഇല്ലിങ്വർത്തിന്റെയും മനോജ് പ്രഭാകറിന്റെയുമല്ലാം പന്തുകൾ നിലം തൊടാതെ ആ മനുഷ്യൻ ആ ലോകകപ്പിൽ ബൗണ്ടറിലൈൻ കടത്തിയിരുന്നു. 1996 ലോകകപ്പ് മുന്നിൽക്കണ്ട് അർജുന രണതുംഗ എന്ന ലങ്കൻ ക്യാപ്റ്റന്റെ ഏറ്റവും വലിയ മാസ്റ്റർ പീസ് ഐഡിയയായിരുന്നു ജയസൂര്യ കലുവിതരണ ഓപണിങ് കൂട്ടുകെട്ട്. കൂട്ടടത്തിൽ ഏറ്റവും അപകടകാരിയിയായിരുന്നു ജയസൂര്യ. ഇരുവരും തകർത്തടിച്ചതോടെ ലങ്കൻ ഇന്നിങ്സിന്റെ ആദ്യ 15 ഓവറുകൾ മത്സരങ്ങളുടെ ഗതി നിർണയിച്ചു. ലങ്ക ലോകകപ്പിൽ അന്ന് മുത്തമിടട്ടു. ജയസൂര്യ പരമ്പരയിലെ കേമനായി..

ഏകദിനത്തിൽ 13,000-ത്തിന് മുകളിൽ റൺസ് നേടുന്ന രണ്ടാമത്തെ മാത്രം താരമായിരുന്നു ഒരു ഘട്ടത്തിൽ അദ്ദേഹം. ഏകദിനത്തിൽ 322 വിക്കറ്റുകളും നേടിയിട്ടുണ്ട്. 2007 ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ജയസൂര്യ 2011 വരെ ഏകദിനവും,ടി20 യും കളിച്ചു. ഐപിഎല്ലിൽ ആദ്യ സീസണുകളിൽ മുംബൈ ഇന്ത്യൻസിനു വേണ്ടി സാക്ഷാൽ സച്ചിനൊപ്പം ഇന്നിംഗ്സ് ഓപൺ ചെയ്തിരുന്നു ജയസൂര്യ. 2011 ൽ എല്ലാ ക്രിക്കറ്റ് കളികളും അവസാനിപ്പിച്ച ജയസൂര്യ പിന്നീട് ലങ്കൻ രാഷ്ട്രീയത്തിൽ ചുവടു വെച്ചു. 2014 ൽ ദേശീയ ടീമിന്റെ സെലക്ടർ ആയി തിരിച്ചെത്തിയ അദ്ദേഹം, പിന്നീട് ലങ്കയുടെ ഡെപ്യൂട്ടി മിനിസ്റ്റർ പദവിയിൽ വരെ എത്തിയിട്ടുണ്ട്. ശ്രീലങ്കൻ സർക്കാരിന്റെ മൂന്നാമത് പരമോന്നത സിവിലിയൻ ബഹുമതിയായ" ദേശബന്ധു" പദവിയും ലഭിച്ചിട്ടുണ്ട് അദ്ദഹത്തിന്. ഇപ്പോളിതാ, പ്രതിസന്ധിഘട്ടത്തിൽ ലങ്കയുടെ കോച്ചായും രക്ഷകവേഷമാടുകയാണ് ജയസൂര്യ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us