പ്രതാപം വീണ്ടെടുക്കുമോ സിംഹളന്മാർ; പ്രതീക്ഷയിൽ ക്രിക്കറ്റ് ലോകം

തിരിച്ചുവരവിന്റെ സൂചനകൾ നൽകി ശ്രീലങ്കൻ ക്രിക്കറ്റ്

dot image

ഇന്ത്യയ്ക്കെതിരെ ഓഗസ്റ്റില്‍ സ്വന്തം മണ്ണിൽ ഏകദിന പരമ്പരയിൽ വിജയം നേടിയിരുന്നു ശ്രീലങ്ക. ഇപ്പോൾ ന്യൂസിലൻഡിനെതിരെ ടെസ്റ്റ് പരമ്പരയിലും ആധിപത്യം ഉറപ്പിച്ചിരിക്കുന്നു ശ്രീലങ്ക. ഓരോ ക്രിക്കറ്റ് ആരാധകന്റെയും മനസിൽ ഉയരുന്നത് ഒരൊറ്റ ചോദ്യമാണ്. പ്രതാപം വീണ്ടെടുക്കുമോ സിംഹളന്മാർ?

ഇന്നത്തെ ശ്രീലങ്കൻ ക്രിക്കറ്റ് ടീം താരങ്ങളെ പലർക്കും പരിചയം കുറവാണ്. ഏതൊരു ടീമിനോടും തോറ്റുമടങ്ങുന്ന ഒരു ടീം. എന്നാൽ കുറച്ച് വർഷം മുമ്പ് വരെ കഥ ഇതായിരുന്നില്ല. ഏത് വമ്പന്മാരെയും തോൽപ്പിക്കുന്ന പ്രതിഭകളാൽ നിറഞ്ഞതായിരുന്നു ശ്രീലങ്കൻ ക്രിക്കറ്റ്. സീനിയർ താരങ്ങൾ ഒരുമിച്ച് വിരമിച്ചു പോയതാണ് സിംഹളവീര്യത്തിന്റെ കരുത്ത് ദുർബലമാക്കിയത്.

1996ലെ ലോകചാംപ്യന്മാർ. 2002ലെ ചാംപ്യൻസ് ട്രോഫി ഇന്ത്യയ്ക്കൊപ്പം പങ്കിട്ടു. 2007ലും 2011ലും ഏകദിന ലോകകപ്പിന്റെ ഫൈനൽ കളിച്ച ടീം. 2009, 2012 ട്വന്റി 20 ലോകകപ്പിലും ലങ്കൻ ടീം ഫൈനലിസ്റ്റുകളായി. 2014ൽ ട്വന്റി 20 ലോകചാംപ്യന്മാർ. അർജുന രണതുംഗ, അരവിന്ദ ഡി സിൽവ, മർവൻ അട്ടപ്പെട്ടു, സന്നത് ജയസൂര്യ, മഹേള ജയവർധന, കുമാർ സംഗക്കാര, മുത്തയ്യ മുരളീധരൻ, ചാമിന്ദ വാസ്, ലസീത് മലിംഗ എന്നിങ്ങനെയുള്ള മഹാരഥന്മാർ കളിച്ച ടീം. എന്നാൽ ഇവർ കളം വിട്ടപ്പോൾ ലങ്കൻ കോട്ടയുടെ തകർച്ചയും തുടങ്ങി.

എന്നും ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ ലങ്ക വീണ്ടും ഒരു തിരിച്ചുവരവിന്റെ സൂചനകൾ നൽകുകയാണ്. തുടർച്ചയായ എട്ട് ടെസ്റ്റ് മത്സരങ്ങളിൽ അർധ സെഞ്ച്വറി നേടിയ കാമിൻഡു മെൻഡിസ്. കിവീസ് ടീമിനെ സ്പിന്നിൽ കുരുക്കിയ പ്രബത് ജയസൂര്യ. അനുഭവ സമ്പത്തുമായി ദിനേശ് ചാണ്ഡിമാൽ, എയ്ഞ്ചലോ മാത്യുസ് എന്നിവർ സിംഹളവീര്യത്തിന് കരുത്തേകുന്നു. എല്ലാറ്റിനും മുകളിലായി സന്നത് ജയസൂര്യയുടെ പരിശീലന മികവ്. തിരിച്ചടികളിൽ നിന്ന് കരകയറാൻ ശ്രീലങ്കയ്ക്ക് കഴിയുമോ? ആ പഴയ പോരാട്ട വീര്യം തിരിച്ചുവരുമോ? ഓരോ ക്രിക്കറ്റ് ആരാധകനും അതാ​ഗ്രഹിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us