പാകിസ്താന്റെ പവര്‍ പാക്കായി ഫാത്തിമ സന; ക്രിക്കറ്റില്‍ പുരുഷ ടീമിന്റെ മുറിവുണക്കി വനിത ടീം

ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ക്യാപ്റ്റന്‍ ഫാത്തിമ സനയാണ് പാകിസ്താനെ വിജയത്തിലേക്ക് നയിച്ചത്.

dot image

വനിതാ ടി20 ലോകകപ്പില്‍ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് പാകിസ്താന്‍. ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ 31 റണ്‍സിന് പരാജയപ്പെടുത്തിയാണ് പാകിസ്താന്‍ ടൂര്‍ണമെന്റില്‍ വരവറിയിച്ചത്. പാകിസ്താന്‍ ഉയര്‍ത്തിയ 116 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയെ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 85 റണ്‍സെന്ന നിലയില്‍ ഒതുക്കിയാണ് പാക് പട ആദ്യ വിജയം സ്വന്തമാക്കിയത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ക്യാപ്റ്റന്‍ ഫാത്തിമ സനയാണ് പാകിസ്താനെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് വേണ്ടി 20 പന്തില്‍ 30 റണ്‍സെടുത്ത സനയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ സന രണ്ട് വിക്കറ്റും വീഴ്ത്തി. താന്‍ എറിഞ്ഞ 2.5 ഓവറില്‍ പത്ത് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സന വിക്കറ്റ് സ്വന്തമാക്കിയത്. പാകിസ്താന്റെ വിജയത്തിനൊപ്പം ഫാത്തിമ സനയുടെ ക്യാപ്റ്റന്‍സി മികവും പ്രകടനവുമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

പാകിസ്താന്റെ പുരുഷ ക്രിക്കറ്റ് ടീം മോശം ഫോം തുടരുന്നതിനിടെയാണ് വനിതാ ടീം ആവേശ വിജയം സ്വന്തമാക്കുന്നത്. പുരുഷ ടീമിന്റെയും ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും മോശം പ്രകടനം വലിയ രീതിയിലാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്നതും വിമര്‍ശിക്കപ്പെടുന്നതും. രാജ്യാന്തര ക്രിക്കറ്റില്‍ വളരെ പരിചയസമ്പന്നനായ ബാബര്‍ അസം പോലും സ്വന്തം ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ പരാജയപ്പെടുന്നതിനിടെയാണ് ഫാത്തിമ സനയെന്ന 22കാരി പാകിസ്താനെ വിജയത്തിലെത്തിച്ചത്.

വനിതാ ടി20 ലോകകപ്പില്‍ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ് ഫാത്തിമ സന. ക്യാപ്റ്റനെന്ന നിലയില്‍ സനയുടെ ആദ്യ ലോകകപ്പാണിത്. ആദ്യ മത്സരത്തില്‍ തന്നെ പാക് ടീമിനെ വിജയത്തിലെത്തിക്കാനും സനയ്ക്ക് സാധിച്ചു. മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും സനയെയാണ്.

ശ്രീലങ്കയ്‌ക്കെതിരായ വിജയത്തോടെ ഒരു അപൂര്‍വ നേട്ടം സ്വന്തമാക്കാനും പാക് ക്യാപ്റ്റന് സാധിച്ചു. ഒരു ലോകകപ്പ് പോരാട്ടത്തില്‍ വിജയം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് സന. ഓസ്‌ട്രേലിയയുടെ മെഗ് ലാനിങ്ങാണ് നേരത്തെ ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. മെഗ് തന്റെ 21-ാം വയസിലാണ് ക്യാപ്റ്റനായി ആദ്യ ലോകകപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്.

ഒരു 22കാരിയായ തുടക്കക്കാരിയുടെ പതര്‍ച്ചയില്ലാതെ പക്വതയോടെയാണ് സന പാക് ടീമിനെ മത്സരത്തിലുടനീളം നയിച്ചത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ടോസ് മുതല്‍ അത് പ്രകടമായിരുന്നു. ടോസ് നേടിയ പാക് ക്യാപ്റ്റന്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. വ്യക്തവും കൃത്യവുമായ പദ്ധതികളുള്ള ക്യാപ്റ്റനെയാണ് പിന്നീട് അങ്ങോട്ട് കണ്ടത്. പാക് പട 13-ാം ഓവറില്‍ 72 റണ്‍സിന് അഞ്ച് വിക്കറ്റെന്ന നിലയില്‍ തകര്‍ന്ന സമയത്താണ് ക്യാപ്റ്റന്‍ സ്വയം രക്ഷാദൗത്യം ഏറ്റെടുത്ത് ക്രീസിലെത്തിയത്. പൊതുവെ അഞ്ചാം നമ്പറില്‍ ഇറങ്ങുന്ന സന ബാറ്റിങ് ഓര്‍ഡറില്‍ താഴേയ്ക്ക് ഇറങ്ങിയാണ് കളിച്ചത്.

തന്റെ ടീമിനെ മാന്യമായ സ്‌കോറിലെത്തിക്കാനുള്ള വലിയ ഉത്തരവാദിത്തം ഉണ്ടായിരുന്ന സന തകര്‍ത്തടിച്ചതോടെ പാകിസ്താന്‍ 100 കടന്നു. സനയുടെ ഐക്കോണിക് സിക്‌സിനും ഷാര്‍ജ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു. 20 പന്തില്‍ ഒരു സിക്‌സും മൂന്ന് ബൗണ്ടറിയും സഹിതം 30 റണ്‍സ് ആണ് സന നേടിയത്. അവസാന ഓവറിലെ ആദ്യ പന്തിലാണ് സന മടങ്ങിയത്. ഉദേശിക പ്രബോദിനിയുടെ പന്തില്‍ അനുഷ്‌ക സഞ്ജീവനിക്ക് ക്യാച്ച് നല്‍കി സന മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 112 റണ്‍സായിരുന്നു. പിന്നാലെ നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് പാക് ടീം ബാറ്റിങ് അവസാനിപ്പിച്ചു.

117 റണ്‍സെന്ന കുഞ്ഞന്‍ വിജയലക്ഷ്യം പ്രതിരോധിക്കുക എന്നതായി സനയുടെയും ടീമിന്റെയും അടുത്ത ലക്ഷ്യം. ശ്രീലങ്കന്‍ ബാറ്റിങ്ങിന്റെ ആദ്യ ഓവറില്‍ ഒരു പന്ത് മാത്രമെറിഞ്ഞ ഡയാന ബെയ്ഗിന് പരിക്കേറ്റ് ഫീല്‍ഡിന് പുറത്തേക്ക് പോവേണ്ടിവന്നു. ഇതോടെ ബാക്കി അഞ്ച് പന്തും സനയാണ് എറിഞ്ഞത്. മൂന്നാം ഓവറില്‍ ലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവിന്റെ നിര്‍ണായക വിക്കറ്റ് വീഴ്ത്തി സന പാകിസ്താന് ബ്രേക്ക് ത്രൂ നല്‍കി. അവസാന ഓവറിലെ രണ്ടാം പന്തില്‍ സാച്ചിനി നിസന്‍സാലയെയും സന പുറത്താക്കി പാകിസ്താന്റെ വിജയം ഉറപ്പിച്ചു.

dot image
To advertise here,contact us
dot image