വാങ്കഡെയിലെ 'ഗംഭീർ'; അന്ന് ഒരേ സമയം സച്ചിനും സെവാഗുമായി

ഇന്ത്യയ്ക്ക് രണ്ട് കിരീടങ്ങൾ നേടി കൊടുത്ത് ഒടുവിൽ ഇന്ത്യൻ ടീമിൻ്റെ പരിശീലക കുപ്പായത്തിലേക്കെത്തി നിൽക്കുന്ന ഗൗതം ഗംഭീറിന് 43-ാം ജന്മദിനാശംസകൾ

dot image

2011 ഏകദിന ലോകകപ്പ് ഫൈനൽ, വാങ്കഡെയിലെ ക്രീസിൽ ഒരു രണ്ടാം റണ്ണിനായി നെഞ്ചുരച്ച് കൊണ്ട് സങ്കക്കാരെയെയും മറികടന്ന് നീങ്ങിയ ഗൗതം ഗംഭീറിന്റെ ചിത്രം ഓർമയിലില്ലാത്ത ക്രിക്കറ്റ് പ്രേമിയുണ്ടാവുമോ? ലസിത് മലിംഗയുടെ തീ പാറുന്ന യോർക്കറിൽ സെവാഗ് പുറത്തായപ്പോൾ അടുത്ത പന്ത് ലെഗ് സൈഡിലേക്ക് ബൗണ്ടറി പായിച്ച് ഇന്ത്യയുടെ ശ്വാസം വീണ്ടെടുത്തത് ആ ഇടംകയ്യനായിരുന്നു. വാങ്കഡെയുടെ പ്രിയ പുത്രൻ സാക്ഷാൽ സച്ചിനും ഡ്രസ്സിങ് റൂമിലേക്ക് എളുപ്പത്തിൽ മടങ്ങിയ ആ രാത്രിയിൽ ആദ്യം കോഹ്‌ലിക്കും പിന്നീട് ധോണിക്കൊപ്പവും പൊരുതിയ പോരാളി. അർദ്ധസെഞ്ച്വറി നേടിയതിന് ശേഷം ചെളിയിൽ കുതിർന്ന നീലക്കുപ്പായത്തിൽ, അക്ഷോഭ്യനായി ഗ്യാലറിക്ക് നേരെ ബാറ്റുയർത്തിയ ഗംഭീർ ഈ കീരീടം ഇന്ത്യക്കാണെന്ന് കൂടിയാണ് പ്രഖ്യാപിച്ചത്.

ആറ് ഓവറിൽ 30 ന് രണ്ടെന്ന ടീം ടോട്ടലിൽ ഇന്ത്യ പതറിയപ്പോൾ സച്ചിനും സേവാഗിനും സാധിക്കാത്തത് മറ്റാർക്കും കഴിയില്ലെന്ന് ഇന്ത്യൻ ആരാധകർ ഉറപ്പിച്ചിരുന്നു. എന്നാൽ ഒരേ സമയം സച്ചിനും സേവാഗുമാകാൻ ഉറപ്പിച്ചായിരുന്നു ഗംഭീർ ക്രീസിൽ നിലയുറപ്പിച്ചത്. 122 പന്തിൽ 97 റൺസെടുത്ത് 42-ാം ഓവറിൽ പേരേരയുടെ പന്തിൽ ഗംഭീർ പുറത്താകുമ്പോൾ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 52 പന്തിൽ 52 റൺസ് മാത്രമായിരുന്നു. വിജയത്തിന്റെ ബാറ്റൺ ഫിനിഷ് ലൈനിന് തൊട്ടടുത്ത് ധോണിക്കും യുവരാജിനും കൊടുത്താണ് അന്ന് ഗംഭീർ മടങ്ങിയത്. 143 ഏകദിന മത്സരങ്ങളിൽ നിന്ന് 11 സെഞ്ച്വറികൾ നേടിയിട്ടുള്ള ഗംഭീറിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സായിരുന്നു അത്. സെഞ്ച്വറിക്ക് മൂന്ന് റൺസ് ബാക്കി നിൽക്കെ ഗംഭീർ വീണു. പക്ഷെ ഒരു 'ഗംഭീര' സെഞ്ച്വറിക്ക് കിട്ടിയതിനെക്കാൾ കൈയ്യടി അന്ന് വങ്കാഡെ നൽകി. അന്ന് വങ്കാഡെയിൽ തിങ്ങി നിറഞ്ഞ ആരാധകർക്കും ലോകമെങ്ങും ലൈവായി കളികണ്ട ഇന്ത്യൻ ഫാൻസിനും അന്ന് അവരുടെ സച്ചിനും സേവാഗുമെല്ലാം ആ ഇടം കയ്യനായിരുന്നു.

ഗംഭീറിന്റെ കരിയറിലെ ഇതുപോലുള്ള മറ്റൊരു പ്രധാന ഇന്നിങ്‌സായിരുന്നു 2007 ടി20 ലോകകപ്പ് ഫൈനൽ. 2024ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രോഹിതും സംഘവും കിരീടം നേടുന്നതിന് മുമ്പ് ഇന്ത്യ നേടിയ ഒരേയൊരു ടി20 കിരീടമായിരുന്നു 2007ലേത്കി. ആ കിരീടവും ഗംഭീറിന്റെ വിയർപ്പ് കൊണ്ട് തുന്നിയിട്ടതായിരുന്നു എന്ന് പറയുന്നത് അതിശയോക്തിയാകില്ല. അന്ന് പരിക്ക് പറ്റിയ സെവാഗിന് പകരം പാകിസ്താനെതിരെ യൂസുഫ് പത്താനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്തത് ഗംഭീറാണ്. 54 പന്തിൽ 75 റൺസ് നേടിയ ഗംഭീറിന്റെ കരുത്തിലായിരുന്നു അന്ന് ഇന്ത്യൻ ടീം കിരീടം നേടിയത്. ഇന്ത്യയ്ക്കത് 1983ൽ കപിലിന്റെ ചെകുത്താന്മാർ ലോർഡ്‌സിൽ കിരീടം നേടിയതിന് ശേഷമുള്ള ആദ്യ ലോക കിരീടം കൂടിയായിരുന്നു. അതെ, റെക്കോർഡുകളുടെയോ ആരാധക വൃന്ദത്തിന്റേയോ പിന്തുണയില്ലെങ്കിൽ കൂടി ഇന്ത്യൻ ക്രിക്കറ്റിൽ പ്രതിസന്ധി ഘട്ടത്തിൽ എന്നും രക്ഷകനായ ഇടം കയ്യൻ ബാറ്ററായിരുന്നു ഗൗതം ഗംഭീർ.

ഡൽഹിക്ക് വേണ്ടി സെവാഗിനൊപ്പം ആഭ്യന്തര ക്രിക്കറ്റ് കളിച്ചാണ് ഗംഭീറിന്റെ തുടക്കം. പിന്നീട് 2003നും 2016നും ഇടയിൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. ഒരേ സമയം മൂന്ന് ഫോർമാറ്റിലും ഐസിസിയുടെ ബാറ്റ്‌സ്മാൻമാരുടെ ടോപ് ടെൻ റാങ്കിങ്ങിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി. ഏകദിനത്തിലും ടി20യിലും തകർത്തടിക്കുമ്പോഴും ടെസ്റ്റിന് കൂടുതൽ അനുയോജ്യനായ താരമെന്നായിരുന്നു ഗംഭീറിനെക്കുറിച്ചുള്ള പൊതുവെയുള്ള വിലയിരുത്തൽ. അദ്ദേഹത്തിൻ്റെ ബാറ്റിങ്ങ് ശൈലിയിലെ ക്ലാസ് ടച്ചായിരുന്നു ആ വിലയിരുത്തലിൻ്റെ അടിസ്ഥാനം. ആ മികവ് ടെസ്റ്റ് മത്സരങ്ങളിൽ ഗംഭീർ പലകുറി പുറത്തെടുത്തിട്ടുണ്ട്. തുടർച്ചയായി അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ സെഞ്ച്വറി നേടിയ ഏക ഇന്ത്യൻ താരവും നാല് അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളിൽ ഒരാളുമാണ് ഗംഭീർ. 2009ൽ ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാമതെത്തി ഐസിസിയുടെ പ്ലയെർ ഓഫ് ദി ഇയർ പുരസ്കാരം നേടി. 2010-11 കാലയളവിൽ ഇന്ത്യൻ ടീമിന്റെ തത്കാലിക ക്യാപറ്റനായി ആറ് മത്സരങ്ങളിൽ ആറ് ജയം സ്വന്തമാക്കി. 2012 ലും 2014 ലും ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായി കിരീടം നേടി.

2018 ൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ശേഷം രാഷ്ട്രീയത്തിലേക്ക് കടന്ന ഗംഭീർ പിന്നീട് ബിജെപി ടിക്കറ്റിൽ ലോക്സഭാ എംപിയായി. ശേഷം 2021 ൽ ഐപിഎൽ ടീമായ ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ മെന്ററായി ക്രിക്കറ്റിലേക്ക് തിരിച്ചുവന്നു. 2024 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായി വീണ്ടും ടീമിന് കിരീടം നേടി കൊടുത്തു. അവിടെ നിന്നാണ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് വിളിയെത്തുന്നത്. അതിൽ ആദ്യ അസ്സൈൻമെന്റായ ശ്രീലങ്കൻ ടി20 പരമ്പരയും ഇപ്പോൾ നടന്ന ബംഗ്ലാദേശ് പരമ്പരയും തൂത്ത് വാരി. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരവും വിജയിച്ചു. പക്ഷെ ഏകദിന പരമ്പരയിൽ ശ്രീലങ്കയോട് 2-0 ന് അടിയറവ് പറഞ്ഞു. ഇനിയുള്ളത് ന്യൂസിലാൻസിനോടും ദക്ഷിണാഫ്രിക്കയോടുമുള്ള ടെസ്റ്റ്-ടി20 പരമ്പരകളാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയാണ് ഗംഭീറിന് മുന്നിലുള്ള പ്രധാന ടൂർണമെന്റ്. ഇന്ത്യയ്ക്ക് രണ്ട് കിരീടങ്ങൾ നേടി കൊടുത്ത് അവസാനം ഇന്ത്യൻ ടീമിന്റെ പരിശീലക കുപ്പായത്തിലേക്കെത്തി നിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റിന്റെ സ്വന്തം ഗൗതം ഗംഭീറിന് 43-ാം ജന്മദിനാശംസകൾ.

Content Highlights: Happy Birthday Gautam Gambhir

dot image
To advertise here,contact us
dot image