സച്ചിന്റെ ക്യാപ്റ്റൻസി ഗംഭീരം, സഞ്ജുവിന്റെ തിരിച്ചു വരവ് ആത്മവിശ്വാസം നൽകും: ബാബ അപരജിത്ത്

കേരള ടീം സ്വന്തം കഴിവിലാണ് വിശ്വസിക്കുന്നത്. കേരളത്തിന്റെ താരങ്ങൾ ഏത് സാഹചര്യങ്ങളിലും ഏത് എതിരാളികളോടും മത്സരിക്കാൻ കഴിയുന്നവരാണ്.

dot image

2012 ഇന്ത്യ ചാംപ്യനായ അണ്ടർ 19 ലോകകപ്പ് കളിച്ച താരം. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ഏറെക്കാലം തമിഴ്നാടിനെ പ്രതിനിധീകരിച്ച ബാബ അപരജിത്ത്. ഇത്തവണ കേരള ക്രിക്കറ്റിനൊപ്പമാണ് ഈ മുൻ ലോകജേതാവ് കളിക്കുന്നത്. കേരള ക്രിക്കറ്റിനൊപ്പമുള്ള തന്റെ അനുഭവങ്ങളും പ്രതീക്ഷകളും അപരജിത്ത് റിപ്പോർട്ടറുമായി പങ്കുവെയ്ക്കുന്നു.

അപരജിത്ത് കേരളത്തിൽ എത്തിയതിന് ശേഷമുള്ള ആദ്യ മത്സരമാണ് കഴിഞ്ഞിരിക്കുന്നത്. എന്താണ് കേരള ക്രിക്കറ്റിനെക്കുറിച്ച് പറയാൻ കഴിയുന്നത്?

കേരളത്തിൽ ഞാൻ ഏറെ സന്തോഷവാനാണ്. കേരള ക്രിക്കറ്റിലെ എല്ലാവരുമായി നല്ല സൗഹൃദമാണുള്ളത്. അതുപോലെ രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനത്തിനായി കഠിനാദ്ധ്വാനം ചെയ്തു. പരിശീലന ക്യാംപിൽ ഞാൻ നേരത്തെ എത്തിയിരുന്നു. കേരള ക്രിക്കറ്റിനൊപ്പം ഇതുവരെയുള്ള ദിവസങ്ങൾ ഏറെ മികച്ചതായിരുന്നു.

ഇന്ത്യൻ ക്രിക്കറ്റിൽ അല്ലെങ്കിൽ ഐപിഎല്ലിൽ ആയാലും കേരളത്തിനേക്കാൾ സംഭാവന നൽകിയത് തമിഴ്നാടാണ്. എന്നിട്ടും അപരജിത്ത് എന്തുകൊണ്ട് കേരള ക്രിക്കറ്റ് തിരഞ്ഞെടുത്തു?

പുതിയൊരു ടീമിനായി കളിക്കുകയെന്നത് വലിയൊരു അവസരമാണ്. എന്റെ കഴിവുകൾ ഇവിടെ പ്രകടിപ്പിക്കാനാവും. കേരള ക്രിക്കറ്റിനൊപ്പമുള്ള എന്റെ യാത്ര മികച്ചതായിരിക്കുമെന്ന് ഉറപ്പുണ്ട്. കേരള ടീമിനായി ആഭ്യന്തര ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.

രഞ്ജി സീസണിലെ ആദ്യ മത്സരത്തിൽ പ‍ഞ്ചാബിനെ കേരളം പരാജയപ്പെടുത്തിയിരിക്കുന്നു. ശക്തരായ എതിരാളികൾക്കെതിരെ കേരളത്തിന്റെ ​ഗെയിം പ്ലാൻ എന്തായിരുന്നു?

അങ്ങനെയൊരു ഗെയിം പ്ലാൻ ഉണ്ടായിരുന്നില്ല. പക്ഷേ ആദ്യ ഇന്നിംഗ്സിൽ ലീഡ് നേടാൻ കേരളത്തിന് കഴിഞ്ഞിരുന്നില്ല. അതിനുശേഷം മത്സരം വിജയിക്കുക ഒരിക്കലും എളുപ്പമല്ല. എങ്കിലും കീഴടങ്ങാൻ കേരള ടീം തയ്യാറായിരുന്നില്ല. മികച്ച ബൗളിങ്ങിലൂടെ പ‍ഞ്ചാബിനെ 150 റൺസിൽ താഴെ ഓൾ ഔട്ടാക്കാൻ കേരളത്തിന് കഴിഞ്ഞു. അത് പഞ്ചാബിന് സമ്മർദ്ദമുണ്ടാക്കി. ഈ അവസരത്തിൽ ബാറ്റുകൊണ്ടും കേരളം മികച്ച പ്രകടനം നടത്തി. രോഹൻ കുന്നുന്മേൽ ആക്രമണ ശൈലിയിൽ കളിച്ചു. തുമ്പയിലെ പിച്ചിന്റെ സ്വഭാവം ചിലപ്പോൾ പ്രതിരോധിച്ച് കളിക്കാൻ പ്രേരിപ്പിക്കും. സച്ചിൻ ബേബി ആ രീതിയിൽ കളിച്ചു. ഇത്തരത്തിലുള്ള സമീപനമാണ് പഞ്ചാബിനെതിരെ കേരളത്തിന് വിജയം നേടി നൽകിയത്. ടീമിലെ എല്ലാ താരങ്ങളും പരിശീലകരും ഈ വിജയത്തിന്റെ അംഗീകാരം അർഹിക്കുന്നുണ്ട്.

അടുത്ത മത്സരം കർണാടകയ്ക്കെതിരെ അവരുടെ ​ഗ്രൗണ്ടിലാണ്. കർണാടകയെ എങ്ങനെ നേരിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്?

എല്ലാ മത്സരങ്ങളും വളരെ പ്രാധാന്യമുള്ളതാണ്. എല്ലാ ടീമുകളും മികച്ചതാണ്. എന്നാൽ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. കേരള ടീം സ്വന്തം കഴിവിലാണ് വിശ്വസിക്കുന്നത്. കേരളത്തിന്റെ താരങ്ങൾ ഏത് സാഹചര്യങ്ങളിലും ഏത് എതിരാളികളോടും മത്സരിക്കാൻ കഴിയുന്നവരാണ്.

സച്ചിൻ ബേബിയുടെ ക്യാപ്റ്റൻസി ആസ്വദിച്ചോ?

തീർച്ചയായും. പഞ്ചാബിനെതിരെ ബൗളർമാരെ മാറി മാറി ഉപയോ​ഗിക്കാൻ സച്ചിന് കഴിഞ്ഞു. സഹതാരങ്ങൾക്ക് സച്ചിൻ നൽകിയ ആത്മവിശ്വാസമാണ് മത്സരത്തിൽ കേരളത്തിന്റെ വിജയത്തിന് കാരണമായത്.

സഞ്ജു സാംസൺ കേരള ടീമിൽ തിരികെയെത്തുമ്പോൾ എന്താണ് പ്രതീക്ഷ?

അടുത്ത മത്സരത്തിൽ സഞ്ജു കേരള ടീമിനൊപ്പം ചേരും. അത് ടീമിന് വലിയ കരുത്താണ് പകരുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയത്. അത് ഏറെ ഐതിഹാസിക ഇന്നിം​ഗ്സായിരുന്നു. കേരളത്തിനൊപ്പം സഞ്ജു എത്തുന്നത് ടീമിന് ഒരുപാട് ​ഗുണം ചെയ്യും.

അപരജിത്തിന് ഇപ്പോൾ 30 വയസ് തികഞ്ഞിരിക്കുന്നു. കേരള ക്രിക്കറ്റിനൊപ്പം അപരജിത്തിന്റെ അടുത്ത ആ​ഗ്രഹം എന്താണ്. കരിയറിൽ ഏത് ലെവൽ വരെ എത്താൻ കഴിയുമെന്നാണ് പ്രതീക്ഷ?

ഒരുപാട് ദൂരത്തേയ്ക്ക് ചിന്തിക്കുന്നില്ല. ഒരു സമയം ഒരു മത്സരത്തെക്കുറിച്ച് മാത്രമാണ് ഞാൻ ചിന്തിക്കുന്നത്. എന്റെ ഇപ്പോഴത്തെ ഒരേയൊരു ലക്ഷ്യം കേരള ക്രിക്കറ്റിന്റെ ഉയർച്ചയാണ്. എന്റെ മികച്ച പ്രകടനത്തിനൊപ്പം കേരളം മത്സരങ്ങൾ വിജയിക്കണമെന്നും ഞാൻ ആ​ഗ്രഹിക്കുന്നു. ഏറ്റവും മികച്ച ക്രിക്കറ്റ് അസോസിയേഷനിലാണ് ഞാൻ ഇപ്പോൾ എത്തിയിരിക്കുന്നത്. മൂന്ന്, നാല് വർഷങ്ങൾക്ക് ശേഷം എന്ത് സംഭവിക്കുമെന്ന് ഞാൻ ഇപ്പോൾ ചിന്തിക്കുന്നില്ല. അത് എന്റെ നിയന്ത്രണത്തിലുള്ള കാര്യവുമല്ല.

അപ്പോൾ ഇന്ത്യൻ ടീമിലേക്ക് എത്താൻ ആ​ഗ്രഹമില്ലേ?

തീർച്ചയായും ഉണ്ട്. എല്ലാ ക്രിക്കറ്റ് താരങ്ങൾക്കും ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്നാണ് ആ​ഗ്രഹം. ആഭ്യന്തര ക്രിക്കറ്റിൽ നന്നായി കളിക്കാൻ കഴിഞ്ഞാൽ ഇന്ത്യൻ ടീമിലേക്ക് വീണ്ടുമൊരു തിരിച്ചുവരവിന് സാധിക്കുമെന്നാണ് ‍ഞാൻ കരുതുന്നത്.

ക്രിക്കറ്റിനുമപ്പുറം ദൈവത്തിന്റെ സ്വന്തം നാടിനെ എങ്ങനെ ആസ്വദിക്കുന്നു?

കേരളം വളരെ മനോഹരമായ ഒരു സ്ഥലമാണ്. ഇതിന് മുമ്പും ഇവിടെ ഒരുപാട് തവണ വന്നിട്ടുണ്ട്. വയനാട്, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും ഞാൻ മുമ്പ് എത്തിയിട്ടുണ്ട്. കേരളം ഏറെ ഇഷ്ടവുമാണ്.

Content Highlights: Baba Aparajith sharing his experience in Kerala Cricket following his first game

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us